Vegetable Price: സര്‍ക്കാരിന്‍റെ വിപണി ഇടപെടല്‍ ഫലം കണ്ടു; സംസ്ഥാനത്ത് പച്ചക്കറി വില കുറയുന്നു

By Web TeamFirst Published Nov 26, 2021, 12:22 PM IST
Highlights

തമിഴ്നാട്ടിലേയും കര്‍ണാടകത്തിലേയും കര്‍ഷകരില്‍ നിന്ന് ഇടനിലക്കാരെ ഒഴിവാക്കി ഹോര്‍ട്ടികോര്‍പ്പ്, കുറഞ്ഞ വിലക്ക് പച്ചക്കറി വാങ്ങി  വില്‍പ്പന തുടങ്ങിയതോടെയാണ് വിലക്കയറ്റത്തിന് അറുതി വന്നു തുടങ്ങിയത്. 120 രൂപ വരെ വില ഉയര്‍ന്ന തക്കാളിക്ക് ഹോര്‍ട്ടികോര്‍പ്പ് ഇന്നലെ 80 രൂപയാണ് ഈടാക്കിയതെങ്കില്‍ ഇന്നത് 68 രൂപയാക്കി കുറച്ചു.

തിരുവനന്തപുരം: വിപണിയില്‍ ഇടപെട്ട സര്‍ക്കാര്‍ നടപടി ഫലം കണ്ടു. സംസ്ഥാനത്ത് പച്ചക്കറി (vegetable) വില കുറയുന്നു. ഹോര്‍ട്ടികോര്‍പ്പില്‍ തക്കാളി വില 68 രൂപയായതോടെ പൊതു വിപണിയിലും വില കുറഞ്ഞു (Price Drop). ഒരാഴ്ചക്കുള്ളില്‍ പച്ചക്കറി വിലയില്‍ ഗണ്യമായ കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

തമിഴ്നാട്ടിലേയും കര്‍ണാടകത്തിലേയും കര്‍ഷകരില്‍ നിന്ന് ഇടനിലക്കാരെ ഒഴിവാക്കി ഹോര്‍ട്ടികോര്‍പ്പ്, കുറഞ്ഞ വിലക്ക് പച്ചക്കറി വാങ്ങി  വില്‍പ്പന തുടങ്ങിയതോടെയാണ് വിലക്കയറ്റത്തിന് അറുതി വന്നു തുടങ്ങിയത്. 120 രൂപ വരെ വില ഉയര്‍ന്ന തക്കാളിക്ക് ഹോര്‍ട്ടികോര്‍പ്പ് ഇന്നലെ 80 രൂപയാണ് ഈടാക്കിയതെങ്കില്‍ ഇന്നത് 68 രൂപയാക്കി കുറച്ചു. സവാളക്കും ഉരുളക്കിഴങ്ങിനും 32 രൂപയാക്കി. ഹോര്‍ട്ടികോര്‍പ്പില്‍ വില കുറഞ്ഞതോടെ സംസ്ഥാനത്തെ പൊതുവിപണിയിലും വില കുറഞ്ഞു. 

41 ടണ്‍ പച്ചക്കറിയാണ് ഹോര്‍ട്ടികോര്‍പ്പ് ഇന്നലെ മാത്രം സംസ്ഥാനത്ത് എത്തിച്ചത്. അയല്‍ സംസ്ഥാനങ്ങളിലെ കര്‍ഷകരില്‍ നിന്നു നേരിട്ട് സംഭരിക്കുന്നതിനൊപ്പം കാര്‍ഷിക സംഘങ്ങളുടേയും സഹായം തേടും. ഹോര്‍ട്ടി കോര്‍പ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കാണ് പച്ചക്കറി സംഭരണത്തിന്‍റെ ചമുതല നല്‍കിയിരിക്കുന്നത്. പച്ചക്കറി വില നിയന്ത്രണ വിധേയമാകുന്നതുവരെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ഹോര്‍ട്ടികോര്‍പ്പിന്‍റെ സംഭരണം തുടരും. ഇതിനായി ഹോര്‍ട്ടികോര്‍പ്പിന് പ്രത്യേക ധനസാഹയം ആവശ്യപ്പെട്ട് ധനവകുപ്പിനെ സമീപിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് അറിയിച്ചു. 

click me!