
പാലക്കാട്: അട്ടപ്പാടി ചുരം റോഡ് തകർച്ചയിൽ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി മന്ത്രി മുഹമ്മദ് റിയാസ്. മന്ത്രിമാർ വരുമ്പോൾ മാത്രം റോഡിലെ\ കുഴിയടച്ചാൽ പോരെന്നും റോഡ് നന്നാക്കേണ്ടത് ജനങ്ങൾക്കു വേണ്ടിയാണെന്നും മന്ത്രി പറഞ്ഞു. ചുരം റോഡ് പരിശോധിക്കുന്നതിനായി മന്ത്രി വരുന്നതിന് മുന്നോടിയായി റോഡിലെ കുഴി താത്കാലികമായി അടച്ചിരുന്നു.
അട്ടപ്പാടി ചുരം റോഡിന് ഇനിയും ശാപമോക്ഷം ലഭിച്ചിട്ടില്ല. ആഴ്ചകളായി ഈ റോഡ് പൊട്ടിപ്പൊളിഞ്ഞ് തകർന്ന് കിടക്കുന്ന അവസ്ഥയിലാണ്. വലിയ പ്രതിഷേധമാണ് ഇതിനെ തുടർന്ന് ഉയർന്നുവന്നത്. കിഫ്ബിയും പിഡബ്ലിയുഡിയും തമ്മിൽ ആരുടെ റോഡാണിതെന്നതിനെ ചൊല്ലി അവകാശത്തർക്കമുണ്ടായി. അതിന് ശേഷമാണ് ഈ റോഡിലെ കുണ്ടും കുഴിയും അതിവേഗം അറ്റകുറ്റപ്പണി നടത്തിയത്.
കോൺക്രീറ്റ് കൊണ്ടായിരുന്നു അറ്റകുറ്റപ്പണി. എന്നാൽ മഴ ശക്തിയായി പെയ്തതിനെ തുടർന്ന് ഇവ ഒലിച്ചു പോയി. ഇതോടെ വീണ്ടും ജനരോഷം ഉയർന്നു. ഇന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഇവിടെ എത്തിയത്. അദ്ദേഹം എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ഈ റോഡ് വീണ്ടും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പണി നടത്തിയിരിക്കുന്നത്. കുഴി കാണാത്ത രീതിയിൽ കോൺക്രീറ്റ് ഒഴിച്ചു കൊടുക്കുകയായിരുന്നു. ഇത് മന്ത്രിയുടെ ശ്രദ്ധയിൽ പെട്ടു. അതിന് കൃത്യമായ മറുപടിയും അദ്ദേഹം നൽകി.
'റോഡിലെ കുഴികൾ അടക്കേണ്ടത് മന്ത്രിക്ക് സഞ്ചരിക്കാൻ വേണ്ടിയിട്ടല്ല. ജനങ്ങൾക്ക് സഞ്ചരിക്കാൻ വേണ്ടിയിട്ടാണ്. എല്ലാ ദിവസവും ഈ റോഡുകളിലൂടെ മന്ത്രി വന്ന് നോക്കി പോകുകയല്ലല്ലോ? ജനങ്ങൾക്ക് സഞ്ചാരയോഗ്യമാക്കി റോഡുകൾ മാറ്റുക എന്നുളളതാണ് പ്രധാനം.' ജനങ്ങൾക്കാണ് നല്ല റോഡ് വേണ്ടതെന്ന കർശന നിർദ്ദേശമാണ് മന്ത്രി ഉദ്യോഗസ്ഥർക്ക് നൽകിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam