
കാസർകോട്: കതിരൂർ മനോജ് വധക്കേസിലെ പ്രതിയും സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ കണ്ണൂര്‍ മാലൂര്‍ സ്വദേശി സിനിലിന്‍റെ നേതൃത്വത്തില്‍ പണം കൊള്ളയടിക്കുന്ന സംഘം സജീവം. സിപിഎം (CPM) പ്രവര്‍ത്തകരാണ് സംഘത്തിലെ മറ്റ് രണ്ട് പ്രധാനികൾ. കാസര്‍കോട്ട് സ്വര്‍ണ്ണ വ്യാപാരിയുടെ ഒന്നരക്കോടി രൂപ കൊള്ളയടിച്ച കേസില്‍ സിനിലിനെ തെരഞ്ഞ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി.
സ്വര്‍ണ്ണം വാങ്ങാനായി കാറില്‍ കൊണ്ടുപോവുകയായിരുന്ന ഒരു കോടി 65 ലക്ഷം രൂപ മൊഗ്രാല്‍ പുത്തൂരില്‍ വച്ച് സെപ്റ്റംബര്‍ 22 നാണ് കൊള്ളയടിച്ചത്. മഹാരാഷ്ട്ര സ്വദേശിയായ സ്വര്‍ണ്ണ വ്യാപാരി കൈലാസിന്‍റെ പണമാണിത്. ഇത്തരത്തില്‍ ദേശീയ പാത വഴി കൊണ്ട് പോകുന്ന പണം കൊള്ളയടിക്കുന്ന സംഘത്തിന് കണ്ണൂരിലെ ആര്‍എസ്എസ് നേതാവായിരുന്ന കതിരൂര്‍ മനോജ് വധക്കേസിലെ ഒന്‍പതാം പ്രതി സിനിലും സുഹൃത്ത് സുജിത്തും ചേര്‍ന്നാണ് നേതൃത്വം നല്‍കുന്നത്. സിപിഎം മാലൂര്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു സിനില്‍. വയനാട് സ്വദേശി സുജിത്തും സിപിഎം പ്രവര്‍ത്തകന്‍. സിനിലിനായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുകയാണിപ്പോള്‍ പൊലീസ്.
നിലമ്പൂരില്‍ നിന്ന് 84 ലക്ഷം രൂപ, ഒല്ലൂരില്‍ നിന്ന് 95 ലക്ഷം, കതിരൂരില്‍ നിന്ന് 50 ലക്ഷം എന്നിവ കവര്‍ന്നതും ഈ സംഘമാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കവരുന്നത് ഹവാല പണം ആയതിനാല്‍ കേസ് നല്‍കില്ല എന്ന ധൈര്യത്തിലാണ് സംഘത്തിന്‍റെ പ്രവര്‍ത്തനം. ഇവരുടെ പ്രധാന സഹായിയായ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ പുതിയതെരു സ്വദേശി മുബാറക്കും സിപിഎം പ്രവര്‍ത്തകനാണ്. ഗ്യാങ്ങിനുള്ളില്‍ ഇയാളുടെ വിളിപ്പേര് സഖാവ്. എന്നാല്‍ ഇവരെയെല്ലാം തന്നെ നേരത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണെന്നാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam