
പാലക്കാട്: പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടി തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത റോബിൻ ബസ് വിട്ടുനൽകിയില്ല. ബസുടമയെയും യാത്രക്കാരേയും പ്രത്യേകം ബസിൽ വാളയാറിലേക്ക് എത്തിച്ചു. അതേസമയം, റോബിന് ബദലായി കെഎസ്ആർടിസി ഇറക്കിയ കോയമ്പത്തൂർ ലോ ഫ്ലോർ സർവീസ് മികച്ച കളക്ഷൻ നേടി. രണ്ടാം ദിന സർവീസിൽ റോബിനെ തൊടുപുഴയ്ക്ക് സമീപം വെച്ച് മാത്രമാണ് സംസ്ഥാന മോട്ടോർ വാഹന വകുപ്പ് തടഞ്ഞത്. എന്നാൽ വാളയാറും കടന്ന് ഉച്ചയോടെ കോയമ്പത്തൂരിൽ എത്തേണ്ട ബസ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് പിടികൂടുകയായിരുന്നു.
കസ്റ്റഡിയിൽ എടുത്ത ബസ്സ യാത്രക്കാർ ഉൾപ്പെടെ മോട്ടോർ വാഹന വകുപ്പിന്‍റെ ഗാന്ധിപുരം സെൻട്രൽ ഓഫീസിലേക്ക് മാറ്റി. ഇതോടെ ബസിൽ നിന്ന് ഇറങ്ങാതെ യാത്രക്കാർ പ്രതിഷേധിച്ചു. യാത്രക്കാരെ മാറ്റാൻ ബസുടമയോട് ബദൽ മാർഗം തേടാൻ ആവശ്യപ്പെട്ടെങ്കിലും ആർടിഒ തന്നെ മാർഗം കണ്ടെത്തണമെന്ന് ബസുടമ നിർബന്ധം പിടിച്ചു. രാത്രി 7.30 ഓടെ യാത്രക്കാരെ തമിഴ്നാട് ആർടിസി ബസിൽ വാളയാറെത്തിക്കാമെന്ന് ആര്‍ടിഒ സമ്മതിച്ചു. തുടര്‍ന്ന് ബസുടമ ഉൾപ്പെടെ 20 ഓളം പേരുമായി തമിഴ്നാട് ആര്‍ടിസി ബസില്‍ വാളയാറിലേക്ക് കൊണ്ടുപോവുകയായിരുന്നു. ബസ് ഗാന്ധിപുരത്തെ ആർടിഓഫീസിൽ തന്നെ തുടരും. കേരളത്തില്‍നിന്നുള്ള നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ബസ് പിടിച്ചിട്ടതെന്നാണ് തമിഴ്നാട് ആര്‍ടിഒ പറയുന്നതെന്നും വണ്ടിയും കൊണ്ടെ പോകുകയുള്ളുവെന്നും എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാമെന്നും ബസുടമ ബേബി ഗിരീഷ് പറഞ്ഞു.
ഇന്ന് ഓഫീസ് അവധിയായതിനാൽ മോട്ടോർ വെഹിക്കിൾ ഡയറക്ടർ നാളെ എത്തിയശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് തമിഴ്നാട് ആർടി.ഒ അറിയിച്ചു. ഇന്നലെ ബസ് തടഞ്ഞ തമിഴ്നാട് ഉദ്യോഗസ്ഥർ 70000 രൂപ റോഡ് നികുതിയിനത്തിൽ പിഴയടക്കം ചുമത്തിയെങ്കിലും വാഹനം വിട്ടു നൽകിയിരുന്നു. കേരളത്തിലെയും തമിഴ്നാട്ടിലെയും കുരുക്കുകളെല്ലാം അഴിച്ച് ഇനിയും സർവീസ് തുടരണമെങ്കിൽ റോബിൻ ബസ് ഉടമ ഗിരീഷിന് കോടതിയെ തന്നെ ആശ്രയിക്കേണ്ടി വരും. അതേസമയം പത്തനംതിട്ടയിൽ നിന്ന് പുലർച്ചെ റോബിൻ ബദലായി തുടങ്ങിയ കെഎസ്ആർടിസി ലോ ഫ്ലോർ ബസ് ആദ്യദിനം തന്നെ മികച്ച വരുമാനം നേടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam