മന്ത്രി കെ. കൃഷ്ണൻകുട്ടി കേരളത്തിലെയും മഹാരാഷ്ട്രയിലെയും വൈദ്യുതി നിരക്കുകൾ താരതമ്യം ചെയ്യുന്നു. 47 യൂണിറ്റ് വൈദ്യുതിക്ക് മഹാരാഷ്ട്രയിൽ 476 രൂപ ഈടാക്കുമ്പോൾ, കുറഞ്ഞ ഫിക്സഡ് ചാർജുകളും സർക്കാർ സബ്സിഡികളും കാരണം കേരളത്തിൽ ഇത് 192 രൂപ മാത്രമാണ്. 

തിരുവനന്തപുരം: മഹാരാഷ്ട്രയിലെയും കേരളത്തിലെയും വൈദ്യുതി നിരക്ക് താരതമ്യം ചെയ്ത് വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി. മഹാരാഷ്ട്രയിലെ ഗാർഹിക ഉപഭോക്താവിന്റെ പ്രതിമാസ ബില്ല് പരിശോധിച്ചാൽ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വൈദ്യുതി എന്നത് എത്രത്തോളം വലിയൊരു സാമ്പത്തിക ഭാരമാണെന്ന് മനസ്സിലാക്കാമെന്ന് മന്ത്രി കുറിച്ചു. വെറും 47 യൂണിറ്റ് മാത്രം ഉപയോഗിച്ച ഒരു ഉപഭോക്താവിന് മഹാരാഷ്ട്രയിൽ 476 രൂപയാണ് ബില്ലായി വരുന്നത്. ബിൽ പരിശോധിച്ചാൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് കാണാൻ സാധിക്കുക. വെറും 47 യൂണിറ്റ് ഉപയോഗത്തിന് 140 രൂപയാണ് അവിടെ ഫിക്സഡ് ചാർജായി ഈടാക്കുന്നത്. ഇതിനു പുറമെ 201.16 രൂപ എനർജി ചാർജായും, യൂണിറ്റൊന്നിന് 1.47 രൂപ നിരക്കിൽ 69.09 രൂപ വീലിംഗ് ചാർജായും നൽകണം. ഏറ്റവും പ്രധാനമായി, എനർജി ചാർജിന്റെ 16 ശതമാനം (65.64) എന്ന ഉയർന്ന നിരക്കിലാണ് ഈടാക്കുന്നത്. എന്നാൽ ഇതേ 47 യൂണിറ്റ് ഉപയോഗിക്കുന്ന ഒരു കേരളീയന് കെ.എസ്.ഇ.ബി നൽകുന്ന ബില്ല് വെറും 192 രൂപ മാത്രമാണെന്നും മഹാരാഷ്ട്രയെ അപേക്ഷിച്ച് പകുതിയിൽ താഴെ മാത്രം തുകയേ കേരളത്തിൽ നൽകേണ്ടി വരുന്നുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.

Add Asianetnews as a Preferred SourcegooglePreferred

കേരളത്തിൽ 50 രൂപ മാത്രമാണ് ഫിക്സഡ് ചാർജ്. പാവപ്പെട്ടവർക്കും സാധാരണക്കാർക്കുമായി സർക്കാരിന്റെ പ്രത്യേക സബ്സിഡിയും നൽകുന്നു. ഡ്യൂട്ടി ഇനത്തിലും കേരളത്തിൽ വളരെ കുറഞ്ഞ തുക മാത്രമേ ഈടാക്കുന്നുള്ളൂ. 2026 ഫെബ്രുവരി മാസത്തെ കണക്കനുസരിച്ച് പ്രതിമാസ ബില്ലുകളിൽ ഇന്ധന സർചാർജ് പൂർണ്ണമായും ഒഴിവാക്കിയെന്നും സ്വകാര്യവൽക്കരണത്തിന്റെയും അമിത നിരക്കിന്റെയും ഭാരമില്ലാതെ, സാധാരണക്കാരനെ ചേർത്തുപിടിക്കുന്ന ഈ കേരള മോഡൽ തന്നെയാണ് രാജ്യത്തിന് മുന്നിലെ യഥാർത്ഥ ബദലെന്നും അദ്ദേഹം കുറിച്ചു.

മന്ത്രി കൃഷ്ണന്‍കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

കേരളം മാതൃകയാണ്; മഹാരാഷ്ട്രയിലെ വൈദ്യുതി നിരക്ക് സാധാരണക്കാരന്റെ നടുവൊടിക്കുമ്പോൾ!

മഹാരാഷ്ട്രയിലെ ഒരു ഗാർഹിക ഉപഭോക്താവിന്റെ പ്രതിമാസ ബില്ല് പരിശോധിച്ചാൽ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വൈദ്യുതി എന്നത് എത്രത്തോളം വലിയൊരു സാമ്പത്തിക ഭാരമാണെന്ന് മനസ്സിലാക്കാം. വെറും 47 യൂണിറ്റ് മാത്രം ഉപയോഗിച്ച ഒരു ഉപഭോക്താവിന് മഹാരാഷ്ട്രയിൽ 476 രൂപയാണ് കറന്റ് ബില്ലായി വരുന്നത്.

ഈ ബില്ലിലെ കണക്കുകൾ പരിശോധിച്ചാൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് കാണാൻ സാധിക്കുന്നത്. വെറും 47 യൂണിറ്റ് ഉപയോഗത്തിന് 140 രൂപയാണ് അവിടെ ഫിക്സഡ് ചാർജായി ഈടാക്കുന്നത്. ഇതിനു പുറമെ 201.16 രൂപ എനർജി ചാർജായും, യൂണിറ്റൊന്നിന് 1.47 രൂപ നിരക്കിൽ 69.09 രൂപ വീലിംഗ് ചാർജായും നൽകണം. ഏറ്റവും പ്രധാനമായി, എനർജി ചാർജിന്റെ 16 ശതമാനം (₹ 65.64/-) എന്ന ഉയർന്ന നിരക്കിലാണ് അവിടെ ഇലക്ട്രിസിറ്റി ഡ്യൂട്ടി ഈടാക്കുന്നത്.

എന്നാൽ ഇതേ 47 യൂണിറ്റ് ഉപയോഗിക്കുന്ന ഒരു കേരളീയന് കെ.എസ്.ഇ.ബി (KSEB) നൽകുന്ന ബില്ല് വെറും 192 രൂപ മാത്രമാണ്. മഹാരാഷ്ട്രയെ അപേക്ഷിച്ച് പകുതിയിൽ താഴെ മാത്രം തുകയേ കേരളത്തിൽ നൽകേണ്ടി വരുന്നുള്ളൂ. 50 രൂപ മാത്രമാണ് ഫിക്സഡ് ചാർജ് വരുന്നത്. മാത്രമല്ല, പാവപ്പെട്ടവർക്കും സാധാരണക്കാർക്കുമായി സർക്കാരിന്റെ പ്രത്യേക സബ്സിഡിയും (FC Subsidy (₹ 20/-) & EC Subsidy (₹ 17.50/-)) ബില്ലിൽ കുറവ് വരുത്തിയിട്ടുണ്ട്. ഡ്യൂട്ടി ഇനത്തിലും കേരളത്തിൽ വളരെ കുറഞ്ഞ തുക മാത്രമേ ഈടാക്കുന്നുള്ളൂ. (എനർജി ചാർജിന്റെ 10 ശതമാനം = ₹15.75/-) കേരളത്തിലെ ഏറ്റവും വലിയ പ്രത്യേകത, 2026 ഫെബ്രുവരി മാസത്തെ കണക്കനുസരിച്ച് പ്രതിമാസ ബില്ലുകളിൽ ഇന്ധന സർചാർജ് (Fuel Surcharge) പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട് എന്നതാണ്.

പാവപ്പെട്ടവന്റെയും സാധാരണക്കാരന്റെയും താല്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ കേരളത്തിലെ ഇടതുപക്ഷ സർക്കാർ എത്രത്തോളം പ്രതിബദ്ധത കാണിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണിത്. സ്വകാര്യവൽക്കരണത്തിന്റെയും അമിത നിരക്കിന്റെയും ഭാരമില്ലാതെ, സാധാരണക്കാരനെ ചേർത്തുപിടിക്കുന്ന ഈ കേരള മോഡൽ തന്നെയാണ് രാജ്യത്തിന് മുന്നിലെ യഥാർത്ഥ ബദൽ. നുണപ്രചരണങ്ങളെ കണക്കുകൾ കൊണ്ട് തന്നെ നമുക്ക് നേരിടാം.

മഹാരാഷ്ട്ര (47 Units): ₹476.00

കേരളം (47 Units): ₹192.00

കേരളം മാതൃകയാണ്, കരുതലിന്റെയും വികസനത്തിന്റെയും കാര്യത്തിൽ!