
പത്തനംതിട്ട: റോബിൻ ബസ് കസ്റ്റഡിയിലെടുത്ത് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ്. ഗാന്ധിപുരം സെൻട്രൽ ആർടിഒ ആണ് വാഹനം കസ്റ്റഡിയിലെടുത്തത്. മോട്ടോർ വാഹന വകുപ്പ് പകരം സംവിധാനം ഏർപ്പെടുത്താതെ പോകില്ലെന്നാണ് റോബിൻ ബസിൻ്റെ ഉടമയും യാത്രക്കാരും പറയുന്നത്. യാത്രക്കാർ പിടിച്ചെടുത്ത ബസ്സിൽ തന്നെ തുടരുകയാണ്.
രണ്ടാംദിനം സർവീസിന് ഇറങ്ങിയ ബസ് ആണ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തത്. പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയാണ് ബസ്സ് പിടികൂടി പൂട്ടിയിട്ടത്. കേരള സർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് തമിഴ്നാട് നടപടിയെന്ന് ബസ്സുടമ ഗിരീഷ് ആരോപിച്ചു. അതേസമയം, റോബിന് ബദലായി കെഎസ്ആർടിസി ഇറക്കിയ കോയമ്പത്തൂർ ലോ ഫ്ലോർ സർവീസ് മികച്ച കളക്ഷൻ നേടി.
രണ്ടാം ദിന സർവീസിൽ റോബിനെ സംസ്ഥാന മോട്ടോർ വാഹന വകുപ്പ് തടഞ്ഞത് ഒരിടത്ത് മാത്രം. തൊടുപുഴയ്ക്ക് സമീപം വെച്ച് എം വി ഡി ഉദ്യോഗസ്ഥർ തടഞ്ഞ്,പരിശോധിച്ചു. 7500 രൂപ പിഴയുമിട്ടു. പിന്നീട് ഒരിടത്തും പരിശോധന ഉണ്ടായില്ല. എന്നാൽ വാളയാറും കടന്ന് ഉച്ചയോടെ കോയമ്പത്തൂരിൽ എത്തേണ്ട ബസ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് പിടികൂടി. കസ്റ്റഡിയിൽ എടുത്ത ബസ്സ യാത്രക്കാർ ഉൾപ്പെടെ മോട്ടോർ വാഹന വകുപ്പിന്റെ ഗാന്ധിപുരം സെൻട്രൽ ഓഫീസിലേക്ക് മാറ്റി. റോബിനെ തടയാൻ കേരള സർക്കാർ നടത്തിയ ഗൂഢാലോചന ആണ് ഇതിന് പിന്നിലെന്നു ഉടമ ഗിരീഷ് ആരോപച്ചു.
ഇന്ന് ഓഫീസ് അവധിയായതിനാൽ മോട്ടോർ വെഹിക്കിൾ ഡയറക്ടർ നാളെ എത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് തമിഴ്നാട് ആർടി.ഒ അറിയിച്ചു. എന്നാൽ യാത്രക്കാർക്ക് കേരളത്തിലേക്ക് മടങ്ങാൻ പകരം സംവിധാനം ഒരുക്കുണം എന്നാണ് ഉടമയുടെ ആവശ്യം. ഇന്നലെ ബസ് തടഞ്ഞ തമിഴ്നാട് ഉദ്യോഗസ്ഥർ 70000 രൂപ റോഡ് നികുതിയിണത്തിൽ പിഴയടക്കം ചുമത്തിയെങ്കിലും വാഹനം വിട്ടു നൽകിയിരുന്നു. എന്നാൽ ഇന്ന് റോബിനെ തമിഴ്നാട്ടിൽ കുടുക്കി. കേരളത്തിലെയും തമിഴ്നാട്ടിലെയും കുരുക്കുകളെല്ലാം അഴിച്ച് ഇനിയും സർവീസ് തുടരണമെങ്കിൽ റോബിൻ ബസ് ഉടമ ഗിരീഷിന് കോടതിയെ തന്നെ ആശ്രയിക്കേണ്ടി വരും. അതേസമയം പത്തനംതിട്ടയിൽ നിന്ന് പുലർച്ചെ റോബിൻ ബദലായി തുടങ്ങിയ കെഎസ്ആർടിസി ലോ ഫ്ലോർ ബസ് ആദ്യദിനം തന്നെ മികച്ച വരുമാനം നേടി.
റോബിൻ ബസിന് തമിഴ്നാട്ടിലും കുരുക്ക്; കേരള അതിർത്തി കടന്നെത്തിയ ബസ് തടഞ്ഞ് തമിഴ്നാട് ആർടിഒ