'സെലിബ്രിറ്റി' വാഗ്‌ദാനങ്ങളുടെ ഇലക്ഷന്‍; കുണ്ടറയില്‍ മോദിയെ കൊണ്ടുവരുമെന്ന് റോബിന്‍, പാലക്കാട് മമ്മൂട്ടിയെ ഇറക്കുമെന്ന് പിഷാരടി

Published : Mar 24, 2026, 01:57 PM IST
robin pisharody

Synopsis

ഞാൻ ജയിച്ചാൽ മമ്മൂട്ടിയെ പാലക്കാട് കൊണ്ടുവരുമെന്നാണ് രമേഷ് പിഷാരടിയുടെ വാക്ക്. താന്‍ ജയിച്ചാല്‍ 90 ദിവസത്തിനകം മോദിയെ കുണ്ടറയില്‍ കൊണ്ടുവരുമെന്നാണ് റോബിന്‍ രാധാകൃഷ്‍ണന്‍ പറയുന്നത്. 

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ചൂടിലാണ് മുന്നണികള്‍. സ്ഥാനാര്‍ത്ഥികള്‍ ജനങ്ങൾക്ക് വാഗ്ദാനങ്ങൾ നല്‍കികൊണ്ടുള്ള പ്രചാരണ തിരക്കിലും. ഇക്കൂട്ടത്തില്‍ ഏറെ വൈറലായ വാഗ്ദാനങ്ങളായിരുന്നു നടനും പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രമേഷ് പിഷാരടിയുടെയും കുണ്ടറ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി റോബിൻ രാധാകൃഷ്ണന്‍റെയും.

ഞാൻ ജയിച്ചാൽ മമ്മൂട്ടിയെ പാലക്കാട് കൊണ്ടുവരുമെന്നാണ് രമേഷ് പിഷാരടിയുടെ വാക്ക്. പത്രികാസമർപ്പണത്തിന് മുമ്പ് രമേഷ് പിഷാരടിയെ മമ്മൂട്ടി വീഡിയോ കോള്‍ ചെയ്തതും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. സ്ഥലത്തുണ്ടായിരുന്ന നിർമാതാവ് ആന്റോ ജോസഫാണ് മമ്മൂട്ടിയുടെ ഫോൺ കോൾ രമേഷ് പിഷാരടിക്ക് കൈമാറിയത്. മമ്മൂട്ടിയെ കണ്ടതോടെ സ്ഥാനാർഥിക്ക് ചുറ്റുമുള്ള അണികൾ ആവേശത്തിലായി.

പാലക്കാട്ടെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ മമ്മൂട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് രമേഷ് പിഷാരടി തുറന്നുപറഞ്ഞിരുന്നു. മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങിയിരുന്നുവെന്നും രമേഷ് പിഷാരടി പറഞ്ഞു. 'എല്ലാ ദിവസവും ആശയവിനിമയം നടത്തുന്ന ഒരാളാണ്. രാഷ്ട്രീയപരമായ കാര്യങ്ങളിൽ ഞാൻ ഒരുപക്ഷേ ഏറ്റവും കൂടുതൽ ചർച്ചകൾ ചെയ്തതും ആശയസംവാദം ചെയ്തതും മമ്മൂക്കയുമായാണ്. എത്രയോ മന്ത്രിമാരെ അടുത്ത് പരിചയമുള്ള, കഴിഞ്ഞ കുറേ നാളുകളിൽ സജീവമായി ഇവിടെ നിന്നിട്ടുള്ള ഒരാളാണ്. എല്ലാ കാര്യങ്ങളിലും എനിക്ക് നിർദേശങ്ങളും അഭിപ്രായങ്ങളും നൽകാറുണ്ട്. എതിരഭിപ്രായങ്ങളാണെങ്കിൽ അതും പങ്കുവെക്കാറുണ്ട്'- രമേഷ് പിഷാരടി പറഞ്ഞു. വിജയിച്ചാൽ ഉറപ്പായും മമ്മൂട്ടിയെ പാലക്കാട് കൊണ്ടുവരാൻ സാധിക്കുമെന്ന് ഞാൻ ഉറപ്പായും വിശ്വസിക്കുന്നു എന്നും പിഷാരടി കൂട്ടിച്ചേർത്തു.

അതേസമയം കഴിഞ്ഞ ദിവസമാണ് കുണ്ടറ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി റോബിൻ രാധാകൃഷ്ണൻ താന്‍ വിജയിച്ചാല്‍ കുണ്ടറയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചത്. മണ്ഡലത്തിലെ പ്രചരണത്തിന്‍റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 'കുണ്ടറയില്‍ ഈ ഇലക്ഷനില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ആയ ഡോ. റോബിന്‍ രാധാകൃഷ്ണന്‍ വിജയിക്കുകയാണെന്നുണ്ടെങ്കില്‍ 90 ദിവസത്തിനകത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുണ്ടറയില്‍ കൊണ്ടുവരുന്നതായിരിക്കും. പലര്‍ക്കും സംശയമുണ്ടാവും കുണ്ടറയില്‍ വരുമോ എന്നുള്ളത്. ഉറപ്പായിട്ടും കൊണ്ടുവരും. നമ്മുടെ നാട്ടിലെ ജനങ്ങളുമായിട്ട് നേരിട്ട് ആശയവിനിമയം നടത്തും. പ്രശ്നങ്ങള്‍ കേള്‍ക്കും. പരിഹരിക്കാനുള്ള പരമാവധി കാര്യങ്ങള്‍ ചെയ്യും. ഇത് നോമിനേഷന്‍ കൊടുത്ത ഈയൊരു സാഹചര്യത്തില്‍ ഞാന്‍ കൊടുക്കുന്ന വാക്കാണ്. ഇതിനെ ട്രോള്‍ ചെയ്യാന്‍ ഒരുപാട് പേര്‍ ഉണ്ടാവും'- റോബിന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തീപാറും ത്രികോണ പോരാട്ടങ്ങൾ; ഈ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ നെഞ്ചിടിപ്പ് കൂട്ടും
'അത് വീട്ടില്‍പ്പോയി ചോദിച്ചാല്‍ മതി', മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വീണ്ടും വിമര്‍ശനവും വിവാദവും