'ഭരണഘടനാപരമായ തുല്യത റദ്ദാക്കാൻ ആർക്കും ലൈസൻസില്ല', കാന്തപുരത്തിന്റെ പരാമർശം പ്രതിലോമകരം; രൂക്ഷവിമർശനവുമായി മന്ത്രി റോജി എം ജോൺ

Published : Aug 31, 2026, 02:55 PM IST
Roji M John Slams Kanthapuram

Synopsis

സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ നാശമുണ്ടാകുമെന്ന കാന്തപുരത്തിന്റെ പരാമർശത്തെ വിമർശിച്ച് റോജി എം ജോൺ. ഭരണഘടനാപരമായ തുല്യത റദ്ദാക്കാൻ ആർക്കും ലൈസൻസില്ലെന്നും സ്ത്രീകളെ അടുക്കളയിലേക്ക് തിരിച്ചയക്കണമെന്ന ചിന്ത പ്രതിലോമകരമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു

കൊച്ചി: സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നടക്കമുള്ള കാന്തപുരത്തിന്‍റെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ. ഭരണഘടനാപരമായ തുല്യത റദ്ദ് ചെയ്യാനുള്ള ലൈസൻസ് ആർക്കുമില്ലെന്ന് മന്ത്രി വ്യക്തമാക്കി. അരങ്ങിൽ നിന്ന് അടുക്കളയിലേക്ക് സ്ത്രീകളെ തിരിച്ചയക്കണമെന്ന ചിന്താഗതി പ്രതിലോമകരമാണ്. മാറുമറയ്ക്കാനുള്ള അവകാശത്തിനായി ഉജ്ജ്വല പോരാട്ടം നടന്ന നാടാണ് കേരളമെന്നും റോജി ചൂണ്ടിക്കാട്ടി. രാജ്യം നിലനിൽക്കുന്നത് ഭരണഘടനാപരമായ തുല്യനീതിയിലാണ്. ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങൾ സ്ത്രീകൾക്ക് കൂടിയുള്ളതാണ്. ചരിത്രത്തിന്‍റെ ചക്രത്തെ പിന്നോട്ട് തിരിക്കാൻ ശ്രമിക്കുന്നവരെ കാലം തിരിച്ചറിയുമെന്നും റോജി ഫേസ്ബുക്കിൽ കുറിച്ചു. പെണ്ണുങ്ങൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണമെന്നും പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നടക്കം കൊച്ചിയിൽ നടന്ന പ്രവാചക പ്രകീർത്തന സമ്മേളനത്തിൽ ഇന്നലെയാണ് കാന്തപുരം അഭിപ്രായപ്പെട്ടത്.

റോജിയുടെ കുറിപ്പ്

അടുക്കളകളിൽ നിന്ന് സ്ത്രീകൾ അരങ്ങുകളിലേക്കെത്തിയത് പെട്ടെന്നൊരു സുപ്രഭാതത്തിൽ ആയിരുന്നില്ല. നൂറ്റാണ്ടുകളുടെ പോരാട്ടങ്ങളിലൂടെയും ത്യാഗങ്ങളിലൂടെയുമാണ് അങ്ങിനെയൊരു സാമൂഹിക മുന്നേറ്റം സംഭവിച്ചത്. അരങ്ങിൽ നിന്ന് അടുക്കളയിലേക്ക് സ്ത്രീകളെ തിരിച്ചയക്കണമെന്ന പ്രതിലോമകരമായ ചിന്താഗതി ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ആവർത്തിക്കപ്പെടുന്നത് ദൗർഭാഗ്യകരമാണ്.

മാറ് മറക്കാനുള്ള അവകാശത്തിനായി ഉജ്വലമായ പോരാട്ടം നടന്ന നാടാണിത്. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വേദിയിൽ കയറി പ്രസംഗിച്ച്, K കേളപ്പജിക്ക് ശേഷം നിരാഹാരം കിടക്കാമെന്ന് പ്രഖ്യാപിച്ച ആര്യ പള്ളത്തിന്റെ നാടാണ്. പുലയടീച്ചർ എന്ന വിളികേട്ട് തളർന്ന് വീഴാതെ വീണ്ടും പോരാടി ഇന്ത്യൻ ഭരണഘടനയിൽ തന്റെ പ്രാതിനിധ്യം എഴുതിച്ചേർത്ത ദാക്ഷായണി വേലായുധന്റെ നാടാണ്. “ഞാനാണ് നേതാവ്, ആദ്യം എനിക്ക് നേരെ വെടിവെക്ക്” എന്ന് പറയാൻ ഭയപ്പെടാത്ത അക്കാമ്മ ചെറിയാന്റെ നാടാണ്. ചരിത്രത്തിൽ പേര് രേഖപ്പെടുത്തപ്പെട്ടവരും ഇല്ലാത്തവരുമായ അസംഖ്യം മനുഷ്യർ വെട്ടിത്തെളിച്ച വിപ്ലവകരമായ നവോത്ഥാന വഴികളിലൂടെയാണ് സ്ത്രീസമൂഹം അവകാശങ്ങൾ നേടിയെടുത്തത്. പൊതുമണ്ഡലത്തിൽ സ്ഥാനം ഉണ്ടാക്കിയെടുത്തത്. ഇന്ത്യയൊട്ടാകെ നോക്കിയാൽ സാവിത്രിഭായ് ഫൂലയെ പോലുള്ളവർ കൊളുത്തിവെച്ച വിദ്യാഭ്യാസത്തിന്റെ വെളിച്ചമാണ് കോടിക്കണക്കിന് പെൺകുട്ടികൾക്ക് സ്വപ്നം കാണാൻ ധൈര്യം നൽകിയത്. ഇവിടെ ഭൂമിയിൽ മാത്രമല്ല, അങ്ങ് ശൂന്യാകാശത്തും ഇടം കണ്ടെത്തിയ സുനിത വില്യംസിന്റെ കാലത്താണ് നമ്മൾ ജീവിക്കുന്നത്. ദീർഘകാലം ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്ന ഇന്ദിര ഗാന്ധിയും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടിയായ കോൺഗ്രസിനെ ഏറ്റവും കൂടുതൽ കാലം നയിച്ച സോണിയ ഗാന്ധിയും മുതൽ ജെസിന്ത ആർഡൻ വരെ ലോകവേദിയിൽ ഭരണപാടവവും സംഘടനാ ശേഷിയും തെളിയിച്ച എത്രയോ മഹിളാരത്നങ്ങൾ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുതൽ സിവിൽ സർവീസിലും ഗവേഷണ- ശാസ്ത്ര സാങ്കേതിക മേഖലകളിലും മലയാളി പെൺകുട്ടികൾ അടക്കമുള്ളവർ വിസ്മയങ്ങൾ തീർക്കുകയാണ്. Adv. ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറായി കേരളത്തിന്റെ നിയമസഭയെ നിയന്ത്രിക്കുകയാണ്. കേരളത്തിലെ ആദ്യ ദളിത് വനിത മന്ത്രി KA തുളസി ടീച്ചറും, Adv. ബിന്ദു കൃഷ്ണയും കേരളത്തിന്റെ ഭരണത്തെ നയിക്കുകയാണ്.

ഇന്ത്യയെന്ന ജനാധിപത്യ പരമാധികാര റിപ്പബ്ലിക്കിനെ നയിച്ചുകൊണ്ടിരിക്കുന്നത് ദ്രൗപതി മുർമുവെന്ന വനിതയാണ്. ഈ രാജ്യം നിലനിൽക്കുന്നത് ഭരണഘടനാപരമായ തുല്യ നീതിയിലാണ്. ലിംഗ, ജാതി, മത ഭേദമന്യേ ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ സ്ത്രീകൾക്ക് കൂടിയുള്ളതാണ്. ഭരണഘടനാപരമായ ആ തുല്യതയെ റദ്ദ് ചെയ്യാനുള്ള ലൈസൻസ് ഒരാൾക്കുമില്ല. ചരിത്രത്തിന്റെ ചക്രം തിരിയുന്നത് മുന്നോട്ടാണ്. അതിനെ പിന്നോട്ട് തിരിക്കാൻ ശ്രമിക്കുന്നവരെ കാലം തിരിച്ചറിയും.

SMASH THE PATRIARCHY.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പാര്‍ട്ടിക്ക് പിണറായി പേടിയും പിണറായി സ്തുതിയും; സിപിഎമ്മിനെ പരിഹസിച്ച് ഡിവൈഎഫ്ഐ മുൻ കണ്ണൂർ ജില്ലാ പ്രസിഡൻ്റ്
ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതിക്കേസിൽ സമയം തേടി സർക്കാർ, ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി ഒക്ടോബർ 27 ലേക്ക് മാറ്റി