
കോഴിക്കോട്: ഫാമുകളില്‍ നിന്ന് ഒഴിവാക്കുന്ന പൊട്ടിയതും പഴകിയതുമായ കോഴിമുട്ടകള്‍ കേരളത്തില്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്നുവെന്ന് കണ്ടെത്തൽ. കുറഞ്ഞ വിലക്ക് കിട്ടും എന്നതിനാൽ ബേക്കറികളാണ് ഈ മുട്ടകള്‍ വാങ്ങുന്നത്. മലബാര്‍ മേഖലയിലെ പല ബേക്കറികളിലും കേക്ക് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത് ഇത്തരം മുട്ടകളാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനയിൽ കണ്ടെത്തി.
തമിഴ്നാട്ടിലെ ഫാമുകളില്‍ നിന്നാണ് തോട് പൊട്ടിയതും പഴകിയതുമായ കോഴി മുട്ടകള്‍ കേരളത്തിലെത്തിക്കുന്നത്. ഇതിനായി പ്രത്യേക ഏജന്‍റുമാരുണ്ട്. ഇത്തരം മുട്ടകള്‍ കടകളില്‍ വില്‍ക്കാനാവില്ല എന്നതിനാല്‍ ബേക്കറികൾക്ക് വേണ്ടിയാണ് വിതരണം. വിലക്കുറവെന്ന ആകർഷണത്തില്‍ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ പല ബേക്കറികളും ഇത്തരം മുട്ടകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍.
ആരോഗ്യത്തിന് ഹാനികരമായ ഇത്തരം മുട്ടകള്‍ വില്‍ക്കുന്ന ഏജന്‍റുമാരെ കണ്ടെത്താന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന തുടങ്ങിയിട്ടുണ്ട്. കോഴിക്കോട് രാമനാട്ടുകരയില്‍ ഒരു ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന മുപ്പതിനായിരത്തിലധികം മുട്ടകള്‍ അധികൃതര്‍ പിടികൂടി നശിപ്പിച്ചു. ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്ക് മേൽ ക്രിമിനൽ കുറ്റം ചുമത്തിക്കേസെടുക്കുമെന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം അറിയിച്ചു.
ഇത് ആദ്യമായാണ് പൊട്ടിയതും പഴകിയതുമായ കോഴിമുട്ടകള്‍ മലബാര്‍ മേഖലയിലെ ബേക്കറികള്‍ക്ക് വേണ്ടി വ്യാപകമായി എത്തിക്കുന്നുവെന്ന് കണ്ടെത്തുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam