കൊവിഡ് ബാധിച്ച കാസർകോട് സ്വദേശിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു

By Web TeamFirst Published Mar 17, 2020, 2:49 PM IST
Highlights

മാർച്ച് 14 ന് പുലർച്ചെ 5.20 നാണ് ഇയാൾ മംഗളൂരു വിമാനത്താവളത്തിൽ എത്തിയത്. എയർ ഇന്ത്യ എക്സ്പ്രസ് IX 814 വിമാനത്തിലാണ് വന്നത്

കാസർകോട്: കൊവിഡ് 19 ബാധിതനായ കാസർകോട് സ്വദേശിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. രണ്ട് സ്വകാര്യ ആശുപത്രിയിലും അടുത്തിടെ മരിച്ച ബന്ധുവിന്റെ വീട്ടിലും പോയ ശേഷമാണ് ഇയാൾ സ്വന്തം വീട്ടിലേക്ക് എത്തിയത്. ആരോഗ്യ വകുപ്പിന്റെ മാർഗ നിർദ്ദേശങ്ങൾ ലംഘിച്ചതായി വ്യക്തമായിട്ടുണ്ട്.

മാർച്ച് 14 ന് പുലർച്ചെ 5.20 നാണ് ഇയാൾ മംഗളൂരു വിമാനത്താവളത്തിൽ എത്തിയത്. എയർ ഇന്ത്യ എക്സ്പ്രസ് IX 814 വിമാനത്തിലാണ് വന്നത്. ബന്ധുവായ ഒരാളും ഒപ്പമുണ്ടായിരുന്നു.

മംഗളൂരുവിൽ ഇവർ ഇരുവരെയും കൂട്ടിക്കൊണ്ടുപോകാൻ മറ്റ് രണ്ട് പേർ സ്വകാര്യ കാറിൽ എത്തിയിരുന്നു. ഇവിടെ നിന്ന് നാല് പേരും പോയത് ഒരു സ്വകാര്യ ആശുപത്രിയിലേക്കാണ്. രാവിലെ ഏഴ് മണിയോടെ ആശുപത്രിയിലെത്തിയ നാൽവർ സംഘത്തിൽ ഗൾഫിൽ നിന്നെത്തിയവർ മാത്രം സ്രവം പരിശോധനയ്ക്ക് നൽകി.

ആശുപത്രി അധികൃതർ കാസർകോട് ജനറൽ ആശുപത്രിയിലേക്ക് പോകാൻ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇവർ നേരെ പോയത് മറ്റൊരു സ്വകാര്യ ആശുപത്രിയിലെ കാന്റീനിലേക്കാണ്. ഇവിടെ നിന്ന് പ്രഭാത ഭക്ഷണം കഴിച്ച ശേഷം നാല് പേരും കൂടി കാസർകോട് ജനറൽ ആശുപത്രിയിലേക്ക് പോയി. ജനറൽ ആശുപത്രിയിൽ സ്രവം പരിശോധനയ്ക്ക് നൽകിയ ശേഷം ഇവിടെ നിന്ന് പുറത്തിറങ്ങി.

നേരെ വീട്ടിലേക്ക് പോകണം എന്ന ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം ഇവർ ലംഘിച്ചു. പകരം ബേവിഞ്ചയിൽ അടുത്തിടെ മരിച്ച ബന്ധുവിന്റെ വീട്ടിലെത്തി. ഒരു മണിയോടെയാണ് ഇവിടെ എത്തിയത്. ഇവിടെ നിന്നും ഒന്നരയോടെ സ്വന്തം വീട്ടിലെത്തി. ശേഷം ഇവിടെ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇന്നലെയാണ് ഇയാൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

click me!