ഒടുവിൽ കണ്ണുതുറന്നു; പറമ്പിക്കുളം ഒറവൻപാടി ഊരിലേക്കുള്ള പാലം നിർമാണം തുടങ്ങുന്നു, 23ലക്ഷം രൂപ അനുവദിച്ചു

By Web TeamFirst Published Sep 14, 2022, 6:35 AM IST
Highlights

ടെൻഡർ നടപടികളിലേക്ക് ഉടൻ കടക്കാനാണ് തീരുമാനം. അടുത്ത ദിവസം പാലക്കാടെത്തുന്ന വനം മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി നടപടികൾ വേഗത്തിലാക്കാനാണ് ജനപ്രതിനിധികളുടെ ശ്രമം

പാലക്കാട് : പറമ്പിക്കുളം ഒറവൻപാടി ആദിവാസി ഊരിലേക്കുള്ള തകർന്നു കിടക്കുന്ന പാലം ഉടൻ പുനർ നിർമിക്കുമെന് വനം വകുപ്പ്.ഇതിനായി 23 ലക്ഷം രൂപയുടെ നിർമ്മാണ അനുമതി ലഭിച്ചതായി ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് അറിയിച്ചു. വനം വകുപ്പിന്‍റെ ഫണ്ട് തികഞ്ഞില്ലെങ്കിൽ എം എൽ എ ഫണ്ടിൽ നിന്ന് തുക നൽകുമെന്ന് കെ.ബാബു എം എൽ എ വ്യക്തമാക്കി.

2018 ലെ പ്രളയത്തിൽ തകർന്നതാണ് കുരിയാർകുറ്റി പുഴയിലെ കപ്പാർ പാലം. ഇതോടെ ഒറവൻ പാടി ആദിവാസി ഊര് പൂർണമായി ഒറ്റപ്പെട്ട നിലയിലാണ്. 7 കിലോമീറ്റർ നടന്നാൽ മാത്രമെ വാഹനം കിട്ടുന്ന സ്ഥലത്തെത്തു. പാലമില്ലാത്തതിനാൽ അവശയായ രോഗിയെ മുളയിൽ കെട്ടി ആശുപത്രിയിലെത്തിക്കേണ്ടി വന്നത് ഏറെ വിമർശനങൾക്ക് ഇടയാക്കിയിരുന്നു. പാലത്തിന്‍റെ നിർമ്മാണത്തിന് അനുമതി തേടി വനം വകുപ്പ് അപേക്ഷ നൽകിയിരുന്നു. ഇതിന്‍റെ നിർമ്മാണ അനുമതിയാണ് ലഭിച്ചിരിക്കുന്നത്. 23 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ടെൻഡർ നടപടികളിലേക്ക് ഉടൻ കടക്കാനാണ് തീരുമാനം. അടുത്ത ദിവസം പാലക്കാടെത്തുന്ന വനം മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി നടപടികൾ വേഗത്തിലാക്കാനാണ് ജനപ്രതിനിധികളുടെ ശ്രമം.

ഊരിൽ 30 കുടുംബങ്ങളാണുള്ളത്. പാലം തകർന്നു കിടക്കുന്നതിനാൽ റേഷൻ കടയിൽ നിന്ന് സാധനങ്ങൾ എത്തിക്കുന്നത് പോലും ഏറെ പണിപ്പെട്ടാണ്. പാലം പുനർനിർമിച്ചാൽ ഈ ദുരിതയാത്രയ്ക്ക് ഒരു പരിധി വരെയെങ്കിലും പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ഊരുവാസികൾ

 

 

പാലമില്ല, പറമ്പിക്കുളത്ത് സ്ത്രീയെ ആശുപത്രിയിലെത്തിച്ചത് ഏഴ് കിലോമീറ്റർ ചുമന്ന്

click me!