ഗവർണർ സ്ഥാനം ഒഴിഞ്ഞപ്പോൾ തന്നെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിരുന്നതായി മുതിർന്ന ബിജെപി നേതാവ് പി എസ് ശ്രീധരൻ പിള്ള. തനിക്ക് സീറ്റ് നിഷേധിച്ചെന്ന തരത്തിലുള്ള പ്രചാരണങ്ങൾ ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിലെയും എൽഡിഎഫിലെയും നേതാക്കൾ പാർട്ടി തത്വശാസ്ത്രം നിരാകരിച്ച് പുറത്തുപോകുന്നത് മുന്നണികളുടെ വികൃത മുഖം കാണിക്കുന്നതാണ്

കോഴിക്കോട്: തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഗവര്‍ണ്ണര്‍ സ്ഥാനം ഒഴിഞ്ഞ ശേഷം വ്യക്തമാക്കിയിട്ടും പാര്‍ട്ടി തനിക്ക് സീറ്റ് നിഷേധിച്ചെന്ന് പ്രചരിപ്പിക്കുന്നത് ദൗര്‍ഭാഗ്യകരമെന്ന് മുതിര്‍ന്ന ബി ജെ പി നേതാവ് അഡ്വക്കറ്റ് പി എസ് ശ്രീധരന്‍ പിള്ള. യു ഡി എഫിലും എല്‍ ഡി എഫിലും അവരുടെ പാര്‍ട്ടി തത്വശാസ്ത്രം നിരാകരിച്ചാണ് പല നേതാക്കളും പാര്‍ട്ടി വിടുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനം എന്നാല്‍ എം എല്‍ എയും എം പിയുമാവുക എന്നതല്ല. എന്നാലിപ്പോള്‍ ഇരു മുന്നണികളിലും നടക്കുന്ന കാര്യങ്ങള്‍ അവവരുടെ വികൃത മുഖമാണ് കാണിക്കുന്നത്. ഇത് കേരളത്തിന് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് ആലോചിക്കണമെന്നും പി എസ് ശ്രീധരന്‍ പിള്ള കോഴിക്കോട് പറഞ്ഞു. നേരത്തെ പി എസ് ശ്രീധരൻപിള്ളയെ അടക്കം ആദ്യം പരിഗണിച്ച ചെങ്ങന്നൂരിൽ ഒടുവിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ തോറ്റ എം വി ഗോപകുമാറിനെ സ്ഥാനാ‍ർത്ഥിയാക്കിയത് വിവാദമായിരുന്നു. തെരഞ്ഞെടുപ്പ് ഡീലെന്നാണ് ആക്ഷേപം. സജി ചെറിയാനും ബി ജെ പിയും തമ്മിൽ ഒത്തുകളിയെന്നാണ് ആക്ഷേപം.

രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബി ജെ പി

അതിനിടെ ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നു. 39 പേരുടെ പട്ടികയാണ് ഇന്ന് പുറത്തുവിട്ടത്. ആറന്മുളയിൽ കുമ്മനം രാജശേഖരൻ മത്സരിക്കും. ധർമ്മടം - കെ രഞ്ജിത്ത്, ഗുരുവായൂർ - ബി ഗോപാലകൃഷ്ണൻ, നാട്ടിക - സി സി മുകുന്ദൻ, കുണ്ടറ - റോബിൻ രാധാകൃഷ്ണൻ, കൊല്ലം - ഡോ. പ്രതാപ്, തൃത്താല - വി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ മത്സരിക്കും. ബിഗ്ബോസ് താരം റോബിൻ രാധാകൃഷ്ണനാണ് കുണ്ടറയിൽ സ്ഥാനാർത്ഥി. തിരുവനന്തപുരം സെൻ‍ട്രൽ, കണ്ണൂർ എന്നിവിടങ്ങൾ ഒഴിച്ചിട്ടുകൊണ്ടാണ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടിരിക്കുന്നത്.