'ഒരു വലിയവന്‍റെ മുന്നിലും നിലപാടിൽ വെള്ളം ചേർക്കാത്ത ആർജവം'; കോൺഗ്രസിലെ ഇടത് മുഖം, പി.ടിയെ ഓ‍ർത്ത് ഷിബു

Web Desk   | Asianet News
Published : Dec 22, 2021, 06:25 PM ISTUpdated : Dec 22, 2021, 06:27 PM IST
'ഒരു വലിയവന്‍റെ മുന്നിലും നിലപാടിൽ വെള്ളം ചേർക്കാത്ത ആർജവം'; കോൺഗ്രസിലെ ഇടത് മുഖം, പി.ടിയെ ഓ‍ർത്ത് ഷിബു

Synopsis

'ഒരിയ്ക്കൽ ഞാൻ സഭയിൽ കളർഫുൾ വസ്ത്രങ്ങൾ അണിഞ്ഞ് പോയപ്പോൾ അത് പാടില്ലെന്ന് നിർദ്ദേശിച്ചതും, സഭയിലെ പ്രസംഗങ്ങൾ സസൂക്ഷ്മം കേട്ട് അതിലെ തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാണിച്ചതും ചിലപ്പോഴൊക്കെ ' പ്രസംഗം നന്നായി' എന്ന് പറഞ്ഞ് കയ്യിൽ തട്ടി അഭിനന്ദിച്ചതുമൊക്കെ ഓർക്കുന്നു'

കൊല്ലം: പി ടി തോമസിന്‍റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മുൻ മന്ത്രിയും ആർ എസ് പി നേതാവുമായ ഷിബു ബേബി ജോൺ. കോൺഗ്രസ് പാർട്ടിയ്ക്കുള്ളിലെ ഇടതുപക്ഷ മുഖമെന്നും, ഒരു വലിയവന്‍റെ മുന്നിലും നിലപാടിൽ വെള്ളം ചേർക്കാൻ തയ്യാറാകാത്ത ആർജവത്തിന്‍റെ പേരായിരുന്നു പി.ടി എന്നുമാണ് ഷിബുവിന്‍റെ അനുസ്മരണം. 1980-81 കാലഘട്ടത്തിൽ ആദ്യമായി പരിചയപ്പെട്ടതുമുതൽ നാളിതുവരെയുള്ള സൗഹൃദത്തിന്‍റെ ആഴവും ഫേസ്ബുക്ക് കുറിപ്പിലൂടെ ഷിബു പങ്കുവച്ചു.

ഷിബു ബേബിജോണിന്‍റെ കുറിപ്പ് പൂ‍ർണരൂപത്തിൽ

കോൺഗ്രസ് പാർട്ടിയ്ക്കുള്ളിലെ ഇടതുപക്ഷ മുഖമായിരുന്നു പി.ടി തോമസ്. അദ്ദേഹത്തെ ഞാനാദ്യമായി പരിചയപ്പെടുന്നത് 1980 - 81 കാലയളവിൽ മാർ ഇവാനിയോസ് കോളേജിൽ പ്രീഡിഗ്രിയ്ക്ക് പഠിയ്ക്കുമ്പോഴാണ്. അന്ന് അദ്ദേഹം കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റായിരുന്നു. 2001 ൽ ഞാൻ എംഎൽഎ ആയ ശേഷമാണ് അദ്ദേഹവുമായി കൂടുതൽ അടുത്തത്. ഒരു നവാഗതനെന്ന നിലയിൽ എനിയ്ക്ക് വേണ്ട ഉപദേശങ്ങൾ നൽകിയിരുന്നത് അദ്ദേഹമായിരുന്നു. നിയമസഭയിൽ ധരിയ്ക്കുന്ന വേഷത്തിലടക്കം അദ്ദേഹം എന്നെ ഉപദേശിച്ചിരുന്നു. ഒരിയ്ക്കൽ ഞാൻ സഭയിൽ കളർഫുൾ വസ്ത്രങ്ങൾ അണിഞ്ഞ് പോയപ്പോൾ അത് പാടില്ലെന്ന് നിർദ്ദേശിച്ചതും, സഭയിലെ പ്രസംഗങ്ങൾ സസൂക്ഷ്മം കേട്ട് അതിലെ തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാണിച്ചതും ചിലപ്പോഴൊക്കെ ' പ്രസംഗം നന്നായി' എന്ന് പറഞ്ഞ് കയ്യിൽ തട്ടി അഭിനന്ദിച്ചതുമൊക്കെ ഓർക്കുന്നു.

അസാധാരണമായ കാഴ്ച്ചപ്പാടും പാണ്ഡിത്യവുമുള്ള വ്യക്തിത്വത്തിനുടമയായിരുന്നു പി.ടി. ഇന്ന് പലപ്പോഴും ജനപ്രതിനിധിയാകാനുള്ള യോഗ്യത മൈതാന പ്രസംഗങ്ങൾ നടത്താനുള്ള കഴിവ് മാത്രമായി അധ:പതിയ്ക്കുമ്പോൾ അതിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു പി.ടിയുടെ ശൈലി. വിഷയങ്ങൾ ആഴത്തിൽ പഠിക്കുകയും അതിൽ സ്വന്തമായി നിലപാട് രൂപീകരിയ്ക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. നിലപാടുകളുടെ പേരിൽ ലോകസഭാ സീറ്റ് നിഷേധിക്കപ്പെട്ടപ്പോഴും നഷ്ടപ്പെട്ടതിനെ ഓർത്ത് അദ്ദേഹം ഒരിയ്ക്കലും ഖേദിച്ചില്ല. ഒരു വലിയവന്‍റെ മുന്നിലും നിലപാടിൽ വെള്ളം ചേർക്കാൻ തയ്യാറാകാത്ത ആർജവത്തിന്‍റെ പേരായിരുന്നു പി.ടി. ആ കാർക്കശ്യത്തിൽ നിന്നും അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ലോകസഭാ സീറ്റ് എന്ന പ്രലോഭനത്തിന് പോലും സാധിച്ചില്ല.

പി.ടിയുടെ സംഘടനാപാടവം വ്യക്തിപരമായി എനിക്ക് അനുഭവവേദ്യമായത് അരൂർ ഉപതെരഞ്ഞെടുപ്പിലാണ്. UDF ചുമതലക്കാരനെന്ന നിലയിൽ അവിടെ എത്തിയ എനിക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനുണ്ടായിരുന്നില്ല. അതിനുള്ളിൽ തന്നെ കോൺഗ്രസ് പാർട്ടി ചാർജ് നൽകിയിരുന്ന പി.ടി ചുമതല ഏറ്റെടുത്ത് ബൂത്ത് തലം മുതലുള്ള എല്ലാ വർക്കും അതിഗംഭീരമായി തന്നെ മുന്നോട്ടുകൊണ്ടു പോയിരുന്നു. പി.ടിയുടെ പഴുതടച്ചുള്ള ആ തെരഞ്ഞെടുപ്പ് പ്രവർത്തനമായിരുന്നു അരൂർ പിടിച്ചെടുക്കുന്നതിന് യുഡിഎഫിന് നെടുംതൂണായതും.

എൻ്റെ ഏറ്റവും നല്ല സുഹൃത്തും, കേരള രാഷ്ട്രീയത്തിൽ പരിസ്ഥിതി അടക്കമുള്ള വിഷയങ്ങളിൽ കർക്കശമായ നിലപാടുകൾ സ്വീകരിയ്ക്കുന്ന അപൂർവ വ്യക്തിത്വങ്ങളിലൊരാളുമായ പ്രിയപ്പെട്ട പി.ടി തോമസിൻ്റെ അകാലത്തിലുള്ള നിര്യാണം അദ്ദേഹത്തിൻ്റെ പാർട്ടിയ്ക്ക് മാത്രമല്ല, കേരള രാഷ്ട്രീയ ഭൂമികയ്ക്കും കേരള സമൂഹത്തിനാകെയും ഒരിയ്ക്കലും നികത്താനാകാത്ത നഷ്ടമാണ്.
പ്രിയ പി.ടിയ്ക്ക് പ്രണാമം.

മരണശേഷം പി ടി തോമസിനെ അപമാനിക്കാൻ ശ്രമം; കുറിപ്പിട്ടവർക്കെതിരെ യൂത്ത് കോൺഗ്രസ്, പൊലീസിൽ പരാതി നൽകി

 

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം