
എഡിജിപിയുമായുള്ള കൂടിക്കാഴ്ച സ്ഥിരീകരിച്ച് ആര്‍എസ്എസ് നേതാവ് വത്സൻ തില്ലങ്കേരി. വയനാട് ഉരുള്‍പൊട്ടലിൽ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി എത്തുന്ന ആംബുലന്‍സുകള്‍ പൊലീസ് തടയുന്ന വിഷയവുമായി ബന്ധപ്പെട്ടാണ് എഡിജിപി എംആര്‍ അജിത് കുമാറിനെ കണ്ടതെന്നും നാലു മിനുട്ടായിരുന്നു കൂടിക്കാഴ്ചയെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു. കൂടിക്കാഴ്ച നടക്കുമ്പോള്‍ ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി സി ബാബു, ആർ എസ് എസ് സംസ്ഥാന സേവാ പ്രമുഖ് എം സി വൽസൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.
വയനാട് ഉരുള്‍പൊട്ടൽ ഉണ്ടായപ്പോള്‍ സേവന പ്രവര്‍ത്തനത്തിന് വേണ്ടി അവിടെ ഉണ്ടായിരുന്നുവെന്ന് വത്സൻ തില്ലങ്കേരി പറഞ്ഞു. ആ സമയത്ത് എഡിജിപി താമസിച്ചിരുന്ന ഹോട്ടലിൽ മറ്റു നേതാക്കളും ഉണ്ടായിരുന്നു. അവിടെ കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യനെ കാണാനായാണ് അവിടെ പോയത്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിൽ നിന്ന് വരുന്ന ആംബുലന്‍സുകള്‍ പൊലീസ് തടഞ്ഞ സംഭവം ഉണ്ടായിരുന്നു.
തുടര്‍ന്നാണ് എഡിജിപിയുമായി കൂടിക്കാഴ്ച നടത്തിയത്. ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തത് നാലു മണിക്കൂര്‍ സംസാരിച്ചുവെന്നാണ്. നാലു മിനുട്ട് നേരമാണ് ഈ വിഷയം സംസാരിച്ചത്. ആംബുലന്‍സ് തടയുന്നതിനെക്കുറിച്ചാണ് പറഞ്ഞതെന്നും വേണ്ട നടപടിയെടുക്കാമെന്ന് എഡിജിപി മറുപടി നല്‍കുകയായിരുന്നുവെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു.
അതേസമയം, വത്സൻ തില്ലങ്കേരി എഡിജിപി അജിത്ത് കുമാറുമായി കൂടിക്കാഴ്ച നടത്തിയതില്‍ അന്വേഷണം ആവശ്യപ്പെട്ട് വയനാട് സിപിഐ ജില്ലാ നേതൃത്വം രംഗത്തെത്തി. തില്ലങ്കേരി എഡിജിപി അജിത്ത് കുമാറുമായി വയനാട്ടിലെ സ്വകാര്യ ഹോട്ടലില്‍ വച്ചാണ് കണ്ടത്. ദുരന്തത്തിനിടെ ഉണ്ടായ ഭക്ഷണ വിവാദത്തില്‍ ഈ കൂടിക്കാഴ്ചക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നും ജില്ലാ സെക്രട്ടറി ഇ ജെ ബാബു ആവശ്യപ്പെട്ടു. ദുരന്തത്തിനിടെ ഭക്ഷണം വിതരണം ചെയ്യുന്നതില്‍ നിന്ന് മുസ്ലീംലീഗിനെ പൊലീസ് തടഞ്ഞത് വലിയ വിവാദമായിരുന്നു. ഇത് അജിത്ത് കുമാറിന്‍റെ നിര്‍ദേശപ്രകാരമാണെന്നാണ് സിപിഐ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam