
ബെയ്ജിംഗ്: ആഗോള ശക്തിയായ ചൈനയിലെ അട്ടിമറി നടന്നന്നെ അഭ്യൂഹത്തിൽ ഇനിയും വ്യക്തത വന്നില്ല. ചൈനീസ് പ്രസിഡൻ്റ് ഷി ജിൻ പിങിനെ വീട്ടു തടങ്കലിലാക്കിയെന്ന പ്രചാരണം ശക്തമാണ്. രാജ്യത്തെ ആഭ്യന്തര വിമാന - ട്രയിൻ സർവീസുകൾ റദ്ധാക്കിയതും അഭ്യൂഹം വർദ്ധിപ്പിച്ചു. ഭരണ അട്ടിമറിയെന്ന പ്രചാരണത്തോട് ഇതുവരെ പ്രതികരിക്കാൻ ചൈനീസ് സർക്കാർ തയ്യാറായിട്ടില്ല. പ്രസിഡൻ്റിനെതിരെ രാഷ്ട്രീയ നീക്കം നടത്തിയെന്നാരോപിച്ച് ഒരു ഉന്നത ഉദ്യോഗസ്ഥന് കൂടെ വധശിക്ഷ വിധിച്ചെന്ന വാർത്തയും ഇതിനിടെ പുറത്തു വന്നു.
ഷാങ്ഹായ് ഉച്ചക്കോടി കഴിഞ്ഞ് ഉസ്ബെക്കിസ്ഥാനിൽ നിന്നും മടങ്ങിയെത്തിയ ഷീ ജിൻ പിങിനെ വീട്ടു തടങ്കലിലാക്കിയെന്നാണ് പ്രചാരണം. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ തലപ്പത്ത് നിന്നും ഷീയെ മാറ്റി, ജനറൽ ലി ക്വിയോമിംഗാണ് പിൻഗാമിയെന്നും അഭ്യൂഹം പടരുന്നു. തലസ്ഥാനമായ ബീജിംഗിന്റെ നിയന്ത്രണം ഏറ്റെടുത്ത സൈന്യം ഷീ അനുകൂലികളായ ജനറൽമാരെ തടവിലാക്കിയെന്നും വാർത്തകളുണ്ട്. വൻ സൈനിക വ്യൂഹം പോകുന്ന ദൃശ്യങ്ങൾ ഉപയോഗിച്ചാണ് സാമൂഹ്യ മാധ്യമങ്ങളിലെ ഈ പ്രചാരണം.
കഴിഞ്ഞ ദിവസം ആഭ്യന്തര വിമാന സർവീസുകൾ റദ്ധാക്കിയതും, ബീജിംഗിലേക്കുള്ള ട്രയിനുകൾ നിർത്തിയതും അഭ്യൂഹങ്ങളെ ശക്തിപ്പെടുത്തി. ഷീ ഉസ്ബെകിസ്ഥാനിലായിരിക്കെ മുന്‍ പ്രസിഡന്റ് ഹു ജിൻ്റാവോയും മുന്‍ പ്രധാനമന്ത്രി വെന്‍ ജിയാബോയും മുന്‍ പൊളിറ്റ് ബ്യൂറോ അംഗം സോങ് പിങ്ങും ചേർന്ന് അട്ടിമറി ആസൂത്രണം ചെയ്തെന്നാണ് പ്രചരിക്കുന്ന വാർത്ത.
സമൂഹ മാധ്യമങ്ങളിൽ പ്രചാരണം ശക്തമാകമ്പോഴും ചൈനീസ് സർക്കാറോ കമ്യൂണിസ്റ്റ് പാർട്ടിയോ ഇതിനോട് പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ഉസ്ബെക്കിസ്ഥാനിൽ നിന്ന് തിരിച്ചെത്തിയ ഷീ ക്വാറന്റൈനിലെന്നാണ് ഷീ അനുകൂലികൾ സാമൂഹ മാധ്യമങ്ങളിൽ പറയുന്നത്. ഒക്ടോബർ 16 ലെ കോൺഗ്രസിനായുള്ള തയ്യാറെടുപ്പിലാണ് പാർട്ടിയെന്നും വിശദീകരണം.
അതിനിടെ ഷി ചിൻപിങ്ങിനെതിരെ രാഷ്ട്രീയ നീക്കം നടത്തി എന്നാരോപിച്ച് രാജ്യത്തെ ഒരു ഉന്നത സുരക്ഷാ ഉദ്യോഗസ്ഥന് കൂടെ വധശിക്ഷ വിധിച്ചു.പൊതുസുരക്ഷാ മുൻ സഹമന്ത്രിയായിരുന്ന സൺ ലിജൂണിനെ യാണ് വധശിക്ഷയ്ക്ക് വിധിച്ചത്. അഴിമതി, അധികാര ദുർവിനിയോഗം എന്നീ കുറ്റങ്ങൾക്ക് മുൻ നീതിന്യായ മന്ത്രി ഉൾപ്പെടെ മുതിർന്ന 2 ഉദ്യോഗസ്ഥർക്ക് കഴിഞ്ഞ ദിവസം വധ ശിക്ഷ വിധിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam