
തൃശ്ശൂർ: വടക്കാഞ്ചേരി ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണം കടുപ്പിച്ച് യുഡിഎഫ്. ഇത് പിണറായി വിജയന്റെ രണ്ടാം ലാവ്‌ലിൻ അഴിമതിയാണെന്ന് യുഡിഎഫ് കൺവീനറും എംപിയുമായ ബെന്നി ബെഹന്നാൻ ആരോപിച്ചു. വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ പദ്ധതി പ്രകാരം നിർമ്മിക്കുന്ന ഫ്ലാറ്റ് കെട്ടിടം യുഡിഎഫ് സംഘം സന്ദർശിച്ചു.
വിദേശ പണം സ്വീകരിക്കുന്നതിൽ നഗ്നമായ പ്രോട്ടോകോൾ ലംഘനം സംസ്ഥാന സർക്കാർ നടത്തിയെന്ന് ബെന്നി ബഹന്നാൻ ആരോപിച്ചു. ഏറ്റവും വലിയ അഴിമതിയാണ് വടക്കാഞ്ചേരി ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് നടന്നത്. ഇത് പിണറായിയുടെ രണ്ടാം ലാവലിൻ അഴിമതിയാണ്. റീ ബിൽഡ് കേരളക്കായി നടത്തിയ യാത്രയിലാണ് അഴിമതിക്ക് തുടക്കമെന്നും അദ്ദേഹം പറഞ്ഞു.
ലാവ്ലിൻ ഇടപാടിൽ അഴിമതിയ്ക്ക് കൂട്ടുനിന്നത് ടെക്നിക്കാലിയ കമ്പനിയാണ്. ലൈഫ് മിഷനിൽ അഴിമതിയ്ക്ക് കൂട്ടുനിന്നത് യൂണിടാക് കമ്പനിയാണ്. മുഖ്യമന്ത്രിക്കും മന്ത്രി എസി മൊയ്തീനും ലൈഫ് മിഷൻ ഇടപാട് അറിയാമായിരുന്നു. ഇപ്പോൾ നിർമിക്കുന്ന ഫ്ലാറ്റ് പിഡബ്ല്യുഡി വിദഗ്ദർ പരിശോധിക്കണം. നിർമാണം ശരിയാണെന്ന് ഉറപ്പില്ല. എട്ട് കോടിയുടെ അഴിമതിയാണ് നടന്നത്. മുഖ്യമന്ത്രിക്കും മൊയ്തീനും കമ്മീഷൻ കിട്ടിയെന്നും ബെന്നി ബഹന്നാൻ പറഞ്ഞു. എംപിമാരായ രമ്യ ഹരിദാസ്, ടിഎൻ പ്രതാപൻ, എംഎൽഎമാരായ അനൂപ് ജേക്കബ്, അനിൽ അക്കര, കെഎസ് ഹംസ തുടങ്ങിയവരും യുഡിഎഫ് സംഘത്തിൽ ഉണ്ടായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam