Operation Ganga : ആശ്വാസ തീരത്ത് തിരികെ: യുദ്ധഭൂമിയിൽ നിന്ന് 27 മലയാളികൾ കൂടി നാട്ടിലെത്തി

By Web TeamFirst Published Feb 27, 2022, 6:02 PM IST
Highlights

ഇന്ന് ഇന്ത്യയിൽ 490 പേർ യുക്രൈനിൽ നിന്ന് തിരിച്ചെത്തി. സംഘർഷ മേഖലകളിൽ നിന്ന് മാറുന്നതാണ് ഉചിതമെന്ന് ഇന്ത്യൻ എംബസി ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്

തിരുവനന്തപുരം: റഷ്യ ആക്രമണം തുടങ്ങിയ ശേഷം യുക്രൈനിൽ കുടുങ്ങിപ്പോയ 27 മലയാളികൾ ഇന്ന് നാട്ടിലെത്തി. ബോംബുകളും മിസൈലുകൾക്കും നടുവിൽ നൂറ് കണക്കിന് മലയാളികളും അതിലേറെ ഇന്ത്യാക്കാരും ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. യുക്രൈനിൽ നിന്നുള്ള ഏഴ് വിദ്യാർത്ഥികളുടെ മൂന്നാമത്തെ സംഘം ഇന്ന് വൈകിട്ടോടെയാണ് നെടുമ്പാശ്ശേരിയിൽ എത്തിയത്. മുംബൈയിൽ നിന്നുള്ള വിമാനത്തിലാണ് ഇവർ കൊച്ചിയിൽ ഇറങ്ങിയത്. ഇതോടെയാണ് തിരിച്ച് സ്വന്തം മണ്ണിലെത്തിയ മലയാളികളുടെ എണ്ണം 27 ആയി ഉയർന്നത്.

ഇന്ന് ഇന്ത്യയിൽ 490 പേർ യുക്രൈനിൽ നിന്ന് തിരിച്ചെത്തി. സംഘർഷ മേഖലകളിൽ നിന്ന് മാറുന്നതാണ് ഉചിതമെന്ന് ഇന്ത്യൻ എംബസി ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. കീവിൽ നിന്ന് യുക്രൈന്റെ പടിഞ്ഞാറൻ അതിർത്തിയിലേക്ക് നീങ്ങാൻ ട്രെയിൻ സർവീസ് ഉപയോഗിക്കാനും നിർദേശം നൽകി. അതേസമയം മലയാളികളടക്കം ഇന്ത്യയിലേക്ക് മടങ്ങാനെത്തിയവര്‍ അതിര്‍ത്തിയിൽ കാത്തിരിപ്പ് തുടരുകയാണ്.

യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരിൽ കൂടുതൽ പേരും ഇപ്പോൾ റഷ്യൻ അതിർത്തി വഴി മടങ്ങാനുള്ള സൗകര്യം വേണമെന്നാണ് ആവശ്യപ്പെടുന്നത്. ഇന്ത്യ ഇന്നലെ യുഎന്നിൽ റഷ്യയ്ക്കെതിരായ പ്രമേയത്തെ അനുകൂലിച്ചിരുന്നില്ല. വ്ളാഡിമിർ പുട്ടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആണ് യുക്രൈനിലെ സൈനിക നീക്കത്തിനു ശേഷം ആദ്യം വിളിച്ചത്. റഷ്യയുമായി തുടരുന്ന ഈ നല്ല ബന്ധം ഉപയോഗിച്ച് ഇന്ത്യക്കാർക്ക് അതിർത്തി കടക്കാനുള്ള അനുവാദത്തിന് കേന്ദ്രം സമ്മർദ്ദം ചെലുത്തണം എന്നാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരു പോലെ പറയുന്നത്. 

യുക്രൈനിലെ സുമിയിലും കാർഖീവിലും സർഫ്രോസിയിലും കീവിലും കഴിയുന്നവരെ തത്കാലം പടിഞ്ഞാറൻ അതിർത്തികളിൽ എത്തിക്കാൻ കഴിയുന്നില്ല. 40 കിലോമീറ്റർ മാത്രം അകലെയുള്ള റഷ്യൻ അതിർത്തിയിലേക്ക് പോകുന്നതിന് അനുവാദം കിട്ടിയാൽ സുമിയിലുള്ളവർക്ക് ഒന്നോ രണ്ടോ ദിവസത്തിൽ യുക്രൈൻ കടക്കാനാവും. നരേന്ദ്ര മോദിയും വ്ളാഡിമിർ പുട്ടിനും തമ്മിലുള്ള സംഭാഷണത്തിൽ ഇക്കാര്യം ചർച്ച ആയെന്നാണ് സൂചന. 
വിദേശകാര്യ മന്ത്രി തലത്തിൽ ആശയ വിനിമയം തുടരും എന്നാണ് തീരുമാനിച്ചത്. അതിർത്തി തുറക്കാൻ റഷ്യ ഇനിയും തയ്യാറായിട്ടില്ല. സൈനിക നടപടി ശക്തിപ്പെടുത്തും എന്നാണ് റഷ്യയുടെ ഭാഗത്ത് നിന്നുള്ള സൂചന. കിഴക്കൻ മേഖല വഴിയാകും പ്രധാനമായും സൈനിക നീക്കം. അതിനെ ബാധിക്കുന്ന ഒന്നും അനുവദിക്കാനാവില്ലെന്നാണ് റഷ്യയുടെ നിലപാട്.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും പുടിനുമായി സംസാരിക്കണമെന്ന് നയതന്ത്ര വിദഗ്ദ്ധർ ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യ ഐക്യരാഷ്ട്ര രക്ഷാ സമിതിയിൽ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നത് യുക്രൈൻറ അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. യുക്രൈൻ സൈനികരുടെ പെരുമാറ്റത്തിൽ ഇത് പ്രകടമാകുന്നുവെന്ന് ഇന്ത്യാക്കാരായവർ പരാതിപ്പെടുന്നുണ്ട്. കൂടുതൽ അതിർത്തികൾ യുക്രൈൻ തുറക്കുമോയെന്ന് ഇപ്പോൾ പറയാനാവില്ല.

മൾഡോവ അതിർത്തി തുറന്ന് അവിടെ നിന്ന് റൊമാനിയയിലേക്ക് വിദ്യാർത്ഥികളെ എത്തിക്കണം എന്ന നിർദ്ദേശവും ശക്തമാണ്. രക്ഷാദൗത്യം തുടങ്ങിയെങ്കിലും ഇത് പെട്ടെന്ന് പൂർത്തിയാക്കാൻ റഷ്യൻ അതിർത്തി വഴിയുള്ള ഒഴിപ്പിക്കൽ അനിവാര്യമാണ്. അതല്ലെങ്കിൽ പടിഞ്ഞാറൻ അതിർത്തിയിലേക്ക് പോകാനുള്ള ബസുകൾ കിഴക്കൻ നഗരങ്ങളിലുള്ളവർക്ക് കേന്ദ്രം ഇടപെട്ട ഏർപ്പെടുത്തണം. 

ട്രെയിൻ യാത്ര സുരക്ഷിതം എന്നാണ് എംബസി പുറത്തിറക്കിയ ഏറ്റവും പുതിയ മാർഗനിർദേശത്തിലും പറയുന്നത്. സംഘർഷ മേഖലയിൽ ഉള്ളവർ സംഘങ്ങളായി സുരക്ഷിതമായി റെയിൽവെ സ്റ്റേഷനുകളിൽ എത്തണം. ഇവിടെ നിന്ന് ട്രെയിനുകളിൽ പടിഞ്ഞാറൻ അതിർത്തിയിൽ എത്താനാണ് നിർദേശം. വിസയില്ലാതെ എല്ലാ ഇന്ത്യൻ വിദ്യാർത്ഥികൾക്കും പ്രവേശനം നൽകാമെന്ന് പോളണ്ട് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ പോളണ്ട് അംബാസഡർ ആണ് ഇക്കാര്യം അറിയിച്ചത്. 11 മലയാളി വിദ്യാർത്ഥികൾ സുരക്ഷിതരായി പോളണ്ട് അതിർത്തി കടന്നു. യുക്രൈന്റെ അയൽ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ചർച്ച തുടരുന്നുണ്ട്. കഴിയും വേഗം ഇന്ത്യാക്കാരെ മുഴുവനായി തിരിച്ചെത്തിക്കാനാണ് ശ്രമങ്ങൾ പുരോഗമിക്കുന്നത്.
 

click me!