പ്രണയംതേടി വൻകര താണ്ടി കോഴിക്കോടെത്തി, പക്ഷേ നേരിട്ടത് അതിക്രൂരപീഡനം; ഒടുവിൽ സ്വപ്നം ബാക്കിയാക്കി റഷ്യൻ യുവതി

By Web TeamFirst Published Mar 28, 2023, 6:10 PM IST
Highlights

കോഴിക്കോട് സ്വദേശിയായ ആഖിലുമായി പ്രണയത്തിലായ റഷ്യൻ യുവതി  കഴിഞ്ഞ ഫെബ്രുവരി 19 നായിരുന്നു കൂരാച്ചുണ്ടിൽ എത്തിയത്. കാമുകനെ വിവാഹം കഴിയ്ക്കാനാണ് എത്തിയത്. നാട്ടിലെത്തിയാൽ വിവാഹിതരാകാമെന്ന ആഖിലിന്റെ വാക്കുവിശ്വസിച്ചാണ് ഇവർ എത്തിയത്.

സ്വപ്നം പോലെ കൊണ്ടുനടന്നിരുന്ന പ്രണയം സാക്ഷാത്കരിക്കാനാനാണ് അവൾ റഷ്യയിൽ നിന്ന് കോഴിക്കോട്ടെ കൂരാച്ചുണ്ടിലെത്തിയത്. വൻകര കടന്നെത്തുമ്പോൾ കാമുകൻ തന്നെ സ്വീകരിക്കുമെന്നും പൊന്നുപോലെ സ്വന്തമാക്കുമെന്നും കരുതിയ അവൾക്ക് തെറ്റി. കാമുകന്റെ നാട്ടിൽ അവളെ കാത്തിരുന്നത് പരീക്ഷണങ്ങളും പീഡനവും മാത്രം. ഒടുവിൽ എല്ലാം ഉപേക്ഷിച്ച്, തന്റെ സ്വപ്ന ജീവിതം ബാക്കിയാക്കി അവൾ സ്വന്തം നാട്ടിലേക്ക് വിമാനം കയറി. മരണത്തിന്റെ വക്കിൽ നിന്ന് രക്ഷപ്പെട്ടാണ് യുവതി സ്വന്തം നാട്ടിലേക്ക് പോകുന്നത്. 

കോഴിക്കോട് സ്വദേശിയായ ആഖിലുമായി പ്രണയത്തിലായ റഷ്യൻ യുവതി  കഴിഞ്ഞ ഫെബ്രുവരി 19 നായിരുന്നു കൂരാച്ചുണ്ടിൽ എത്തിയത്. കാമുകനെ വിവാഹം കഴിയ്ക്കാനാണ് എത്തിയത്. നാട്ടിലെത്തിയാൽ വിവാഹിതരാകാമെന്ന ആഖിലിന്റെ വാക്കുവിശ്വസിച്ചാണ് ഇവർ എത്തിയത്. എന്നാൽ, കാര്യങ്ങൾ പ്രതീക്ഷിച്ച പോലായിരുന്നില്ല. നാട്ടിലെത്തിയപ്പോൾ ആഖിലിന്റെ മറ്റൊരു മുഖമാണ് അവൾ കണ്ടത്.  ലഹരിക്ക് അടിമയായ ആഖിൽ യുവതിയെ നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിച്ചു. എന്നും തർക്കവും വഴക്കും മാത്രം. ഒരുരക്ഷയുമില്ലാതായി വന്നപ്പോൾ ആത്മഹത്യയെന്ന കടും​കൈയിന് പോലും ശ്രമിച്ചു. അതോടെയാണ് സംഭവങ്ങൾ പുറത്തറിയുന്നത്.  ആഖിലിന്റെ മർദ്ദനം സഹിക്കാതയാതോടെ ടെറസിൽ നിന്ന് താഴേക്ക് ചാടി. പരിക്കേറ്റ യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് ചാടുന്നതിന്റെ തലേ​ദിവസം പൊലും ഇവർ തർക്കമുണ്ടായിരുന്നു. 

പേരാമ്പ്രയിലേക്കുള്ള കാർ യാത്രക്കിടെയിലും മുളിയിങ്ങലിൽ വെച്ച് വാഹനത്തിൽ നിന്നും യുവതി പുറത്തേക്ക് ചാടിയിരുന്നു. ഭാ​ഗ്യത്തിനാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. നാട്ടുകാർ അറിയിച്ചതോടെ വനിത പൊലീസ് ഉദ്യോഗസ്ഥയെത്തി ഇവരെ സ്റ്റേഷനിലേക്ക് ഇവരുടെ കാറിൽ തന്നെ കൊണ്ടുപോയി. വഴിയിൽ വെച്ച് ആഖിൽ പൊലീസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ടായി. ഈ വിഷയത്തിൽ പൊലീസ് ഇടപെട്ടില്ലെന്നും ആരോപണമുയർന്നു. ആഖിൽ മയക്കുമരുന്നിന് അടിമയാണെന്നും പലതവണ യുവതിയെ മർദ്ദിച്ചിട്ടുണ്ടെന്നും മാതാപിതാക്കൾ സമ്മതിച്ചു. യുവതിയുടെ പാസ്പോർട്ട് ആഖിൽ നശിപ്പിച്ചിട്ടില്ലെന്നും ഇവർ‌ പറഞ്ഞു. എന്തായാലും ആഖിലിന്റെ പിടിയിൽ നിന്നും രക്ഷപ്പെടുത്തി യുവതിയെ റഷ്യയിലേക്ക് അയച്ചു.

യുവതിയുടെ മാതാപിതാക്കൾ ഇന്നലെയാണ് ടിക്കറ്റ് എടുത്ത് നൽകിയത്. ചികിത്സ പൂർത്തിയായ യുവതിയെ ഇന്നലെ ഡിസ്ചാർജ്ജ് ചെയ്തിരുന്നു. ഇന്ന് രാവിലെ ദുബായിലേക്കുളള വിമാനത്തിലാണ് യാത്ര തുടങ്ങിയത്.  ആഖിലിനെതിരെ ബലാത്സംഗം ഉൾപെടെ ഗുരുതരമായ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. റഷ്യൻ യുവതി പേരാമ്പ്ര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ്  മജിസ്ട്രേറ്റിന് മുൻപാകെ രഹസ്യ മൊഴി നൽകിയിരുന്നു. 

കോഴിക്കോട്ട് ശാരീരിക പീഡനത്തിനിരയായ റഷ്യൻ യുവതി നാട്ടിലേക്ക് മടങ്ങി, പ്രതി ആഖിലിന്റെ ചോദ്യംചെയ്യൽ തുടരുന്നു

click me!