
തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന് ശമ്പള കുടിശ്ശിക അനുവദിച്ചത് വിവേചനമെന്ന് യുവജന കമ്മീഷൻ മുൻ അധ്യക്ഷൻ ആർ വി രാജേഷ്. തന്റെ ശമ്പളം നിശ്ചയിക്കണം എന്ന ഹൈക്കോടതി ഉത്തരവ് സർക്കാർ നടപ്പാക്കുന്നില്ലെന്ന് രാജേഷ് കുറ്റപ്പെടുത്തി. ചിന്ത ജെറോമിന് ശമ്പള കുടിശ്ശികയായി എട്ടര ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയതിന് പിന്നാലെയാണ് ആർ വി രാജേഷിന്‍റെ പ്രതികരണം.
മുൻകാല പ്രാബല്യത്തോടെ ഉത്തരവ് ഇറങ്ങിയതോടെ 17 മാസത്തെ ശമ്പളമാണ് ചിന്തക്ക് കിട്ടുന്നത്. ചിന്ത ജെറോം ആവശ്യപ്പെട്ടത് അനുസരിച്ചാണ് കുടിശിക അനുവദിക്കുന്നത് എന്ന് ഉത്തരവിൽ പ്രത്യേകം പറയുന്നുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും ചെലവി ചുരുക്കലിന് കര്‍ശന നിര്‍ദ്ദേശങ്ങളും നിലനിൽക്കെയാണ് ചിന്ത ജെറോം ശമ്പള കുടിശിക ആവശ്യപ്പെട്ടതും സര്‍ക്കാര്‍ അനുവദിച്ചതും. ലക്ഷങ്ങളുടെ കുടിശിക ചോദിച്ച് വാങ്ങുന്നതിലെ ഔചിത്യം ചര്‍ച്ചയായപ്പോൾ ശമ്പളം ക്രമപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത് കമ്മീഷൻ സെക്രട്ടറിയാണെന്നായിരുന്നു ചിന്തയുടെ വാദം. എന്നാല്‍, കുടിശ്ശിക അനുവദിക്കാൻ ആവശ്യപ്പെട്ടത് ചിന്ത തന്നെയാണെന്ന ഉത്തരവ് പുറത്ത് വന്നതോടെ ചിന്തയുടെ വാദം പൊളിയുകയാണ്.
അതേസമയം, ചിന്ത ജെറോമിന് സംസ്ഥാന സർക്കാർ ശമ്പള കുടിശിക അനുവദിച്ചതിന് പിന്നാലെ പരിഹാസവുമായി മുൻ എംഎൽഎ ശബരിനാഥൻ രംഗത്തെത്തി. ദീർഘ കാലത്തെ പോരാട്ടങ്ങൾക്കൊടുവിൽ ശമ്പളകുടിശ്ശിക സർക്കാരിൽ നിന്ന് ഈടാക്കിയ സഖാവ് ചിന്ത ജെറോമിന് അഭിവാദ്യങ്ങളെന്നാണ് ശബരിനാഥൻ ഫേസ്ബുക്കിൽ കുറിച്ചത്. ചിന്തയുടെ നിരന്തര അഭ്യർത്ഥനകളും പോരാട്ടങ്ങളും മാനിച്ചാണ് സർക്കാർ മുട്ട് മടക്കിയതെന്നും, താൻ ഒരു ശുപാർശയും നൽകിയില്ല എന്ന് മാധ്യമങ്ങളിൽ ചിന്ത പറഞ്ഞത് ഒരു സൈക്കളോജിക്കൽ മൂവ് ആയിരുന്നുവെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചിരിക്കുന്നതെന്നും ശബരിനാഥൻ പരിഹസിച്ചു.