ഒഴിയാൻ ആവശ്യപ്പെട്ടത് തന്നോട് മാത്രം, ഗൂഢാലോചനയുണ്ട്; പകപോക്കലെന്ന് ഇപ്പോൾ പറയുന്നില്ലെന്ന് എസ് രാജേന്ദ്രൻ

By Web TeamFirst Published Nov 26, 2022, 8:55 AM IST
Highlights

രാജേന്ദ്രൻ താമസിക്കുന്ന മൂന്നാർ ഇക്കാ നഗറിലെ 7 സെൻറ് ഭൂമിയിൽ നിന്ന് ഒഴിയണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് പുറമ്പോക്കായതിനാൽ ഏഴ് ദിവസത്തിനകം ഒഴിഞ്ഞു പോകണമെന്നാണ് നോട്ടീസിൽ പറയുന്നത്

മൂന്നാർ: വീട് ഒഴിയണമെന്ന് ആവശ്യപ്പെട്ട് സബ് കളക്ടർ നോട്ടീസ് നൽകിയ സംഭവത്തിൽ പ്രതികരണവുമായി ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. വിഷയത്തിൽ കോടതിയെ സമീപിച്ചെന്ന് അദ്ദേഹം പറഞ്ഞു. വീട് ഒഴിഞ്ഞുപോകാൻ തത്കാലം തീരുമാനിച്ചിട്ടില്ല. 10 സെന്റിൽ താഴെ ഭൂമിയിൽ താമസിക്കുന്നവരെ ഒഴിപ്പിക്കേണ്ടെന്ന് സംസ്ഥാന സർക്കാർ നേരത്തെ തീരുമാനിച്ചതാണ്. അതിന് വിപരീതമാണ് ഇപ്പോഴത്തെ നടപടി. ഇത് രാഷ്ട്രീയ പകപോക്കലാണോയെന്ന് ഇപ്പോൾ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ പ്രദേശത്തുള്ള 30 പേർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയപ്പോൾ തനിക്ക് മാത്രമാണ് വീട് ഒഴിയാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരിക്കുന്നതെന്ന് എസ് രാജേന്ദ്രൻ പറഞ്ഞു. തന്റേത് ഒഴികെ മറ്റെല്ലാവരും കൈയ്യേറിയത് കെഎസ്ഇബി ഭൂമിയാണെന്ന് നോട്ടീസിൽ എഴുതിയിരിക്കുന്നത്. തന്റേത് മാത്രം സർക്കാർ പുറമ്പോക്ക് എന്നെഴുതിയതിൽ ഗൂഢാലോചനയുണ്ടെന്നും രാജേന്ദ്രൻ ആരോപിച്ചു.

രാജേന്ദ്രൻ താമസിക്കുന്ന മൂന്നാർ ഇക്കാ നഗറിലെ 7 സെൻറ് ഭൂമിയിൽ നിന്ന് ഒഴിയണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് പുറമ്പോക്കായതിനാൽ ഏഴ് ദിവസത്തിനകം ഒഴിഞ്ഞു പോകണമെന്നാണ് നോട്ടീസിൽ പറയുന്നത്. ദേവികുളം സബ് കളക്ടറുടെ നിർദ്ദേശ പ്രകാരം വില്ലേജ് ഓഫീസറാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഒഴിഞ്ഞു പോയില്ലെങ്കിൽ ബലമായി ഒഴിപ്പിക്കും എന്നാണ് നോട്ടീസിൽ പറയുന്നത്. ബലമായി ഒഴിപ്പിക്കാൻ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട്  ദേവികുളം സബ് കളക്ടർ ഇടുക്കി എസ്പിക്ക് കത്തും നൽകിയിട്ടുണ്ട്.

click me!