
കോട്ടയം : കോൺഗ്രസിനുള്ളിലെ നേതാക്കളുടെ തമ്മിലടിയും പടലപ്പിണക്കങ്ങളും അണികളേറ്റെടുക്കുന്നത് ഫ്ലക്സുകളിലൂടെയാണ്. ശശി തരൂരിന്റെ കേരള പര്യടനവുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടായതിന് പിന്നാലെയും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നേതാക്കൾക്കായി ചേരിതിരിഞ്ഞ് ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടു. പലയിടത്തും യൂത്ത് കോൺഗ്രസ് അടക്കം നടത്തുന്ന പരിപാടികളുടെ ഫ്ലക്സ് ബോർഡുകളിൽ നിന്നും പ്രതിപക്ഷ നേതാവടക്കം പല പ്രമുഖരെയും ഒഴിവാക്കി.
കോട്ടയത്ത് ശശി തരൂർ പങ്കെടുക്കുന്ന പരിപാടിയുടെ പ്രചാരണ ബോർഡിൽ നിന്നും പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെ സതീശനായി പ്രത്യേക ബോർഡുകൾ ജില്ലയിൽ പ്രത്യക്ഷപ്പെട്ടു. ഇരാറ്റുപേട്ടയിലാണ് സതീശന് അഭിവാദ്യം അർപ്പിച്ച് പ്രത്യേക ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത്. കെ.പി.പി.സി.സി വിചാർ വിഭാഗം മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് ബോർഡുകൾ. ഡിസിസിയുടെ എതിർപ്പിനെ അവഗണിച്ച് ഈരാറ്റുപേട്ടയിൽ യൂത്ത് കോൺഗ്രസ് സംഘടിപ്പിക്കുന്ന പരിപാടിയുടെ പ്രചരണ ബോർഡിൽ നിന്നും സതീശന്റെ ചിത്രം ഒഴിവാക്കിയത് നേരത്തെ വലിയ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെ സതീശന്റെ ചിത്രം മാത്രം ഉൾപ്പെടുത്തി ബോർഡുയർന്നതെന്നതാണ് ശ്രദ്ധേയം.
ശശി തരൂർ മലബാർ പര്യടന വിവാദം: താരീഖ് അൻവർ കോഴിക്കോടെത്തി, എംകെ രാഘവനുമായി ചർച്ച നടത്തിയേക്കും
അതിനിടെ സമാന്തരപരിപാടികൾ പാടില്ലെന്ന് ശശി തരൂരിനോട് കെപിസിസി അച്ചടക്ക സമിതി നിർദ്ദേശിച്ചു. നേതാക്കൾ പാർട്ടി ചട്ടക്കൂടിനകത്ത് തന്നെ നിൽക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും അഭ്യർത്ഥിച്ചു. എന്നാൽ പാർട്ടിക്കുള്ളിൽ നിന്ന് കൊണ്ടാണ് തൻറെ പ്രവർത്തനങ്ങളെന്നാണ് ശശി തരൂർ വിമർശകർക്ക് നൽകുന്ന മറുപടി. പ്രശ്നം തിരക്കിട്ട് കൈകാര്യം ചെയ്ത നേതൃത്വത്തിൻറെ നടപടി തരൂരിന് അമിതപ്രാധാന്യം നൽകിയെന്നാണ് എ ഗ്രൂപ്പ് വിലയിരുത്തൽ. കൈ പൊള്ളിയ നേതൃത്വം ഇനി കൂടുതൽ പ്രതികരണങ്ങൾ വേണ്ടെന്ന നിലപാടിലാണ്. ഇന്ന് കോഴിക്കോടെത്തിയ താരിഖ് അൻവർ നേതാക്കളുമായി ഒത്ത് തീർപ്പ് ചർച്ച നടത്തും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam