Rajendran - M M Mani : 'മറ്റൊരു പാർട്ടിയിലേക്കും പോകാനില്ല', എം എം മണിക്ക് എസ് രാജേന്ദ്രൻറെ മറുപടി

Published : Dec 15, 2021, 11:57 AM ISTUpdated : Dec 15, 2021, 12:08 PM IST
Rajendran - M M Mani : 'മറ്റൊരു പാർട്ടിയിലേക്കും പോകാനില്ല', എം എം മണിക്ക് എസ് രാജേന്ദ്രൻറെ മറുപടി

Synopsis

അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്മേൽ ജില്ലാ സമ്മേളനത്തിന് ശേഷം നടപടി എടുക്കാനിരിക്കെയാണ് സമ്മേളനങ്ങളിലെ രാജേന്ദ്രൻറെ അസാന്നിധ്യം ചർച്ചയായത്.

ഇടുക്കി: എം എം മണിക്ക് (M M Mani) മറുപടിയുമായി ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ (S Rajendran). സമ്മേളനങ്ങളിൽ പങ്കെടുക്കാതിരുന്നതിന് തന്നെ പുറത്താക്കുമെന്ന് എം എം മണി പരസ്യമായി പറഞ്ഞത് ശരിയായില്ല. പാർട്ടി ഘടകങ്ങളിലായിരുന്നു ഇക്കാര്യം പറയേണ്ടിയിരുന്നതെന്നും എസ്  രാജേന്ദ്രൻ എഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മറയൂർ എരിയ സമ്മേളനത്തിലാണ് എസ് രാജേന്ദ്രനെതിരെ എം എം മണി  തുറന്നടിച്ചത്. തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് അന്വേഷണ കമ്മീഷൻ തെളിവെടുപ്പിന് എത്തി രണ്ടാഴ്ച കഴിഞ്ഞപ്പോൾ തന്നെ പാർട്ടിക്ക് കത്ത് നൽകിയിരുന്നു. കത്തിൽ തീരുമാനം ഒന്നും അറിയിക്കാതിരുന്നതിനെ തുടർന്നാണ് സമ്മേളനങ്ങളിൽ പങ്കെടുക്കാതിരുന്നതെന്നാണ് രാജേന്ദ്രന്റെ വിശദീകരണം. 

താൻ ഒരു ജാതിയുടെ ആളാണെന്ന് സ്ഥാപിക്കാനാണ് കമ്മീഷനെ നിയോഗിച്ചത്. 85 മുതൽ ജാതി പറഞ്ഞാണ് സിപിഎമ്മും വോട്ടു നേടിയത്. ഇത്തവണ വോട്ടു കുറയാൻ കാരണം റിട്ടയർ ആയ തൊഴിലാളികൾ തമിഴ് നാട്ടിലേക്ക് പോയതാണ്. മറ്റൊരു പാർട്ടിയിലേക്കും പോകില്ലെന്നും രാജേന്ദ്രൻ വ്യക്തമാക്കി. 

അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്മേൽ ജില്ലാ സമ്മേളനത്തിന് ശേഷം നടപടി എടുക്കാനിരിക്കെയാണ് സമ്മേളനങ്ങളിലെ രാജേന്ദ്രൻറെ അസാന്നിധ്യം ചർച്ചയായത്. ജില്ലാ സമ്മേളനത്തോടെ രാജേന്ദ്രനെ ജില്ലാ കമ്മറ്റിയിൽ നിന്നും ഒഴിവാക്കും. അതിനു ശേഷം നടക്കുന്ന ജില്ലാ കമ്മറ്റി അന്വേഷണ റിപ്പോർട്ട് ചർച്ച ചെയ്ത് കൂടുതൽ നടപടി എടുക്കുമെന്നണ് സൂചന.

എം എം മണിയുടെ വാക്കുകൾ - 

'' പാർട്ടിയുടെ ജില്ലാ കമ്മിറ്റി അംഗമാണ് സഖാവ് എസ്.രാജേന്ദ്രൻ. ഈ ജില്ലയിലെ ഏതു സമ്മേളനത്തിനും അയാൾക്ക് വരാം. മൂന്നാർ സമ്മേളനത്തിന് അയാൾ വരേണ്ടതാണ്. അയാളുടെ നാടാണ്... വന്നില്ല. കുടിക്കുന്ന വെള്ളത്തിൽ മോശം പണി ചെയ്യരുത്. അയാൾക്ക് രാഷ്ട്രീയബോധമുണ്ടാക്കി, പക്ഷേ ബോധം തെറ്റിപ്പോയി. മൂന്ന് തവണയായി 15 വർഷം എംഎൽഎയാക്കി, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റാക്കി.. പോരെ. ജീവിതകാലം മുഴുവൻ അയാൾക്ക് പെൻഷൻ... നല്ല സംഖ്യ കിട്ടും. പുള്ളി ചത്തു പോയാൾ പൊണ്ടാട്ടിക്ക് കിട്ടും. ഇനിയെന്താണ് ഇതിനപ്പുറം ഈ പാർട്ടി വേണ്ടത്. 

എന്നിട്ട് ഒരുമാതിരി പണി കൊള്ളുകേല്ല. അയാൾക്ക് എന്തൊക്കെ പ്രശ്നമുണ്ടെങ്കിലും ഈ സമ്മേളനങ്ങളിലൊക്കെ വരാതിരുന്നത് സംഘടനാ വിരുദ്ധമാണ്. സംഘടനാ കമ്മീഷൻ റിപ്പോർട്ടിൽ അയാളൊരു കുഴപ്പവും കാണിച്ചില്ലെന്ന് വന്നാപോലും ഈ വരാതിരുന്നത് കൊണ്ട് അയാൾക്കിനി തുടരാൻ കഴിയില്ല. അയാളെ നമ്മളെന്തിനാ ചുമക്കുന്നേ... പുറത്താക്കും. അയാൾ വേറെ പാർട്ടി നോക്കുന്നതാ നല്ലത്. അല്ലെങ്കിൽ മാനം മര്യാദയ്ക്ക് അച്ചടക്ക നടപടി വാങ്ങിച്ച് ഇതിൻ്റെ ഭാഗമായി നിന്നാൽ കൊള്ളാം ''

ഒരാഴ്ച മുൻപ് നടന്ന സിപിഎം അടിമാലി ഏരിയ സമ്മേളനത്തിൽ എം.എം.മണി രാജേന്ദ്രനെതിരെ പരസ്യ വിമർശനം നടത്തിയിരുന്നു. സ്ഥാനമാനങ്ങളാകരുത് പാര്‍ട്ടിക്കാരുടെ ലക്ഷ്യമെന്നും മൂന്ന് തവണ എംഎൽഎ ആയിട്ടും വീണ്ടും സ്ഥാനത്തിന് ശ്രമിച്ചതാണ് എസ് രാജേന്ദ്രന്റെ വീഴ്ചയെന്ന് എംഎം മണി കുറ്റപ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറി ആരോപണത്തിൽ രാജേന്ദ്രനെതിരെ അന്വേഷണം നടക്കുകയാണെന്നും പാര്‍ട്ടി ഉചിതമായ നടപടിയെടുക്കുമെന്നും മണി പറ‌ഞ്ഞിരുന്നു. ദേവികുളത്തെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി എ രാജയെ തോൽപ്പിക്കാൻ ഇത്തവണ സീറ്റ് കിട്ടാത്ത രാജേന്ദ്രൻ ശ്രമിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിൽ സിപിഎം നിയോഗിച്ച രണ്ടംഗ കമ്മീഷന്റെ അന്വേഷണവും തുടരുകയാണ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊച്ചിയിൽ വിദ്യാർത്ഥിനിയെ ഇടിച്ചുതെറിപ്പിച്ച കാർ നിർത്താതെ പോയി; കുട്ടിയുടെ കരളിൽ രക്തസ്രാവം
ഒന്നിച്ച് നീങ്ങാൻ എൻഎസ്എസും എസ്എൻഡിപിയും? നിർണായക കൂടിക്കാഴ്ച്ച ഉടൻ; ഐക്യ നീക്ക നിർദേശത്തിനു പിന്നിൽ സിപിഎം എന്ന് സൂചന