
തിരുവനന്തപുരം: ആര്യങ്കാവിൽ പാൽ പിടികൂടിയ സംഭവത്തിൽ വീണ്ടും വഴിത്തിരിവ്. പത്ത് ദിവസം കഴിഞ്ഞിട്ടും പാൽ ചീത്തയായിരുന്നില്ലെന്ന ക്ഷീരവികസന വകുപ്പിന്റെ വാദം തള്ളുകയാണ് പാൽ വിതരണ കമ്പനി. പാൽ പൂർണമായും ചീത്തയായിരുന്നുവെന്ന് കമ്പനിയുടെ അനലിസ്റ്റിനെ കൊണ്ട് പരിശോധിപ്പിച്ചാണ് കമ്പനി അവകാശപ്പടുന്നത്.
ആര്യങ്കാവിൽ പിടികൂടിയ 15,300 ലിറ്റർ പാൽ കഴിഞ്ഞദിവസമാണ് കോടതി നിർദ്ദേശപ്രകാരം ക്ഷീരവികസന വകുപ്പ് നശിപ്പിച്ചത്. മുട്ടത്തറ സീവേജ് പ്ലാന്റിലാണ് പാൽ നശിപ്പിച്ചത്. പിടികൂടി പത്ത് ദിവസം കഴിഞ്ഞ് നശിപ്പിക്കുമ്പോഴും പാൽ ചീത്തയായിട്ടില്ലെന്നായിരുന്നു ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ രാംഗോപാൽ പറഞ്ഞത്. ഇത് തള്ളുകയാണ് പാൽ കൊണ്ടുവന്ന അഗ്രി സോഫ്റ്റ് ഡയറി.
പാൽ ചൂടാക്കുമ്പോൾ കട്ട പിടിക്കുന്നുണ്ടോ എന്നു പരിശോധിക്കുന്ന സിഒബി ടെസ്റ്റ് നടത്തിയാണ് കമ്പനി ക്ഷീരവികസന വകുപ്പിന്റെ വാദത്തെ തള്ളുന്നത്. നശിപ്പിക്കുന്ന ഘട്ടത്തിലെടുത്ത സാംപിൾ ശേഖരിച്ചാണ് കമ്പനി പരിശോധന നടത്തിയത്. ക്ഷീരവികസനവകുപ്പിന്റെ വീഴ്ച മറച്ചുപിടിക്കാനാണ് പാൽ കേടുവന്നിരുന്നില്ലെന്ന് പറയുന്നതെന്നാണ് കമ്പനിയുടെ വാദം. ക്ഷീരവികസനവകുപ്പിന്റെ വാദങ്ങളെ പൂർണമായും കമ്പനി നിഷേധിക്കുമ്പോൾ, പ്രാഥമിക പരിശോധന ഫലമല്ലാതെ മറിച്ച് വാദിക്കാൻ വകുപ്പിന്റെ കയ്യിൽ ഒന്നുമില്ല. കഴിഞ്ഞ ബുധനാഴ്ചയാണ് ആര്യങ്കാവിൽ പാൽ പിടികൂടിയത്. പ്രാഥമിക പരിശോധനയിൽ ഹൈഡ്രജൻ പെറോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയെന്നായിരുന്നു ക്ഷീരവികസന വകുപ്പിന്റെ ആദ്യ നിലപാട്.
എന്നാൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ പാലിൽ മായം കണ്ടെത്താനാകാത്തതോടെയാണ് വിവാദമായത് പരിശോധന വൈകിയതാണ് കാരണമെന്ന് പറഞ്ഞ് ക്ഷീരവികസനവകുപ്പ് ഭക്ഷ്യസുരക്ഷാ വകുപ്പിനെ പഴിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പ് ആരോപണം തള്ളി. ഇതിനിടെ ക്ഷീരവികസന വകുപ്പിന്റെ സംസ്ഥാന ലാബിൽ നടത്തിയ പരിശോധനയിലും ഹ്രഡൈജൻ പെറോക്സൈഡ് സാന്നിധ്യം കണ്ടെത്താനായില്ലെന്ന് മന്ത്രി ചിഞ്ചുറാണി തന്നെ സമ്മതിക്കുകയും ചെയ്തിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam