മണ്ഡലകാലം അവസാനിക്കുന്നു, ശബരിമലയിൽ ഇക്കുറി നടവരവില്‍ ഉയര്‍ച്ച

Published : Dec 26, 2022, 02:10 PM ISTUpdated : Dec 26, 2022, 02:24 PM IST
മണ്ഡലകാലം അവസാനിക്കുന്നു, ശബരിമലയിൽ ഇക്കുറി നടവരവില്‍ ഉയര്‍ച്ച

Synopsis

ശബരിമലയിലും സമീപപ്രദേശങ്ങളിലും അപകടത്തിൽ മരിക്കുന്ന തീർത്ഥാടകർക്ക് 5 ലക്ഷം രൂപ ഇൻഷുറൻസ് ലഭ്യമാക്കും. കേരളത്തിലുള്ളവർക്ക് മൃതദേഹം നാട്ടിലെത്തിക്കാൻ 30000 രൂപയും കേരളത്തിന് പുറത്തുള്ളവർക്ക് 50,000 രൂപയും നൽകും. 

പത്തനംതിട്ട: ശബരിമലയിൽ ഇത്തവണ 39 ദിവസം കൊണ്ട് 39 ലക്ഷം തീർഥാടകർ ദർശനത്തിനായി എത്തിയെന്ന്  ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ.അനന്തഗോപൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ തീർത്ഥാടന കാലത്ത് കാര്യമായ പരാതികൾ ഉയർന്നില്ല. കുട്ടികൾക്കും വയോധികർക്കുമായി ഒരുക്കിയ പ്രത്യേക ക്യൂ ഫലപ്രദമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയിലും സമീപപ്രദേശങ്ങളിലും അപകടത്തിൽ മരിക്കുന്ന തീർത്ഥാടകർക്ക് 5 ലക്ഷം രൂപ ഇൻഷുറൻസ് ലഭ്യമാക്കും. കേരളത്തിലുള്ളവർക്ക് മൃതദേഹം നാട്ടിലെത്തിക്കാൻ 30000 രൂപയും കേരളത്തിന് പുറത്തുള്ളവർക്ക് 50,000 രൂപയും നൽകും. 

222 കോടി 98 ലക്ഷത്തി എഴുപതിനായിരത്തി ഇരുന്നൂറ്റമ്പത് രൂപയാണ് ഇക്കുറി ഇതുവരെ നടവരവായി ലഭിച്ചത്. ഇതിൽ കാണിക്കയായി 70,10,81,080 (71.10 കോടി) ലഭിച്ചു. നിലയ്ക്കലിൽ ആയിരം അടി പാർക്കിംഗ് സൗകര്യം വർദ്ധിപ്പിക്കാനായെന്നും അദ്ദേഹം പറഞ്ഞു. 350 ജീവനക്കാർ ചേർന്നാണ് വരുമാനം എണ്ണിതട്ടപ്പെടുത്തിയത്. കൊവിഡ് പ്രതിസന്ധിയ്ക്ക് മുൻപുള്ള 2019ലെ മണ്ഡലകാലത്ത് 269 കോടിയായിരുന്നു ശബരിമലയിലെ വരുമാനം. മണ്ഡലകാല തീർഥാടനത്തിന് അവസാനം കുറിച്ച് ചൊവ്വാഴ്ചയാണ് നട അടയ്ക്കുക. 

ഈ വർഷത്തെ മണ്ഡലകാല തീർത്ഥാടനത്തിന് സമാപനം കുറിച്ച് മണ്ഡല പൂജയ്ക്ക് ശബരിമല സന്നിധാനം ഒരുങ്ങി. ആറന്മുള ക്ഷേത്രത്തിൽ നിന്നുള്ള തങ്ക അങ്കി ഘോഷയാത്ര ഇന്ന് വൈകീട്ട് സന്നിധാനത്ത് എത്തും. പെരുനാട് നിന്ന് രാവിലെ ഏഴു മണിക്ക് തങ്ക അങ്കിയുമായുള്ള രഥം ശബരിമലയിലേക്ക് തിരിക്കും. നാളെ ഉച്ചയ്ക്ക് 12.30 നും 1 മണിക്കും ഇടയിലാണ് മണ്ഡല പൂജ.

തിരുവിതാംകൂർ രാജകുടുംബം അയ്യപ്പന് സമർപ്പിച്ച തങ്ക അങ്കി ചാർത്തിയുള്ള പൂജയാണ് ഈ ദിവസത്തെ പ്രത്യേകത. വർഷത്തിൽ ഒരിക്കൽ മാത്രമേ തങ്കയങ്കി ശബരിമല സന്നിധാനത്ത് കൊണ്ടുവരികയുള്ളൂ. മണ്ഡലപൂജയ്ക്ക് തലേ ദിവസം വൈകീട്ട് ദീപാരാധനക്കും മണ്ഡലപൂജ സമയത്തും മാത്രമേ തങ്ക അങ്കി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തൂ. മൂന്ന് ദിവസം മുമ്പാണ് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽനിന്ന് തങ്ക അങ്കി ഘോഷയാത്ര പുറപ്പെട്ടത്.

വൈകുന്നേരം 5.30ന് ശരംകുത്തിയിൽ വച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ആചാരപൂർവം സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിക്കും. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ തുടങ്ങിയവർ ചേർന്ന് പതിനെട്ടാംപടിക്കു മുകളിലായി കൊടിമരത്തിന് ചുവട്ടിൽ തങ്കയങ്കിയെ സ്വീകരിക്കും. 6.35 ന് ആണ് തങ്ക അങ്കി ചാർത്തിയുള്ള മഹാ ദീപാരാധന. 

രാത്രി നട അടക്കും വരെ ദർശനത്തിന് എത്തുന്നവർക്ക് തങ്കയങ്കി ചാർത്തിയ അയ്യപ്പ വിഗ്രഹം കാണാം. നാളെ ഉച്ചക്ക് 12.30 നും ഒരു മണിക്കും ഇടയിലാണ് തങ്കയങ്കി ചാർത്തിയുള്ള മണ്ഡലപൂജ. നാളെ രാത്രി നടയടക്കുന്നതോടെ മണ്ഡലകാല തീർത്ഥാടനം അവസാനിക്കും. മൂന്നാം നാൾ വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് നട തുറക്കുന്നതോടെ മകര വിളക്ക് ഉത്സവകാലത്തിനു തുടക്കമാകും. അതേസമയം തിരക്ക് കൂടുന്ന സമയങ്ങളിൽ പമ്പ മുതൽ തീർത്ഥാടകരെ ഘട്ടം ഘട്ടമായി നിയന്ത്രിച്ചാണ് സന്നിധാനത്തേക്ക് കടത്തിവിടുന്നത്. ഇനിയുള്ള ദിവസങ്ങളിൽ ഒരു ലക്ഷത്തിലേറെ ആളുകൾ ശബരിമലയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'മറിയ ഉമ്മൻ മത്സരിക്കില്ല, സ്ഥാനാർത്ഥിത്വം ചർച്ച ചെയ്തിട്ടില്ല, മറിയയും മത്സരിക്കുന്നില്ലെന്നാണ് പറഞ്ഞത്': ചാണ്ടി ഉമ്മൻ
ലക്ഷങ്ങൾ നൽകിയത് ഭാര്യക്കും സഹോദരനും ജോലി കിട്ടാൻ, പരീക്ഷയും ഇന്‍റർവ്യൂവും ഇല്ലെന്ന വാഗ്ദാനത്തിൽ വീണു; പണം തട്ടിയ ആൾ പിടിയിൽ