ശബരിമല വിമാനത്താവളം, കൂടുതൽ പ്രതിസന്ധി; അന്തിമ പ്രതിരോധ അനുമതി ആയില്ല

By Web TeamFirst Published Sep 20, 2021, 10:06 AM IST
Highlights

വിമാനത്താവളത്തിൻറെ സ്ഥലം അംഗീകരിച്ച ശേഷം വീണ്ടും അനുമതി തേടണം. സ്ഥലത്തിന് അംഗീകാരം നല്കാൻ ഇപ്പോഴത്തെ നിലയ്ക്കാവില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
 

ദില്ലി: ശബരിമല വിമാനത്താവളത്തിന് കണ്ടെത്തിയ സ്ഥലത്തിൽ എതിർപ്പ് ശക്തമാക്കി കേന്ദ്രസർക്കാർ. ഡിജിസിഎയ്ക്കു പിന്നാലെ എയർപോർട്ട്സ് അതോറിറ്റിയും സ്ഥലത്തിൽ ആശങ്ക അറിയിച്ചു. വിമാനത്താവളത്തിന് പ്രതിരോധമന്ത്രാലയം അന്തിമ അനുമതി നല്കിയിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കുന്ന കത്തിൻറെ പകർപ്പും ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.

ശബരിമല വിമാനത്താവളത്തിന് കേന്ദ്രം ആലോചനകൾ തുടങ്ങിയത് കേരളം നല്കിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ തന്നെയാണ്. കഴിഞ്ഞ വർഷം ജൂണിൽ ആദ്യ അപേക്ഷ നല്കി. ഈ വർഷം ജൂലൈയിൽ കെഎസ്ഐഡിസി വീണ്ടും കത്തു നല്കി. ഡിജിസിഎയുടെയും എയർപോർട്ട്സ് അതോറിറ്റിയുടെയും നിലപാട് മന്ത്രാലയം ആരാഞ്ഞു. വ്യോമസേന സ്ഥലം പരിശോധിച്ച് എതിർപ്പില്ലെന്ന് അറിയിച്ചു. ഇത് പ്രാഥമിക അനുമതിയാണെന്ന് കേന്ദ്രം കേരളത്തിന് നല്കിയ ഈ കത്തിൽ പറയുന്നു. വിമാനത്താവളത്തിൻറെ സ്ഥലം അംഗീകരിച്ച ശേഷം വീണ്ടും അനുമതി തേടണം. സ്ഥലത്തിന് അംഗീകാരം നല്കാൻ ഇപ്പോഴത്തെ നിലയ്ക്കാവില്ലെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു. 

എയർപോർട്ട്സ് അതോറിറ്റിക്ക് കണ്ടെത്തിയ സ്ഥലത്തോട് എതിർപ്പുണ്ട്. ഇക്കാര്യത്തിലുള്ള ആശങ്ക മന്ത്രാലയത്തെ അതോറിറ്റി അറിയിച്ചു. വിമാനത്താവളത്തിനായി രണ്ടു ക്ഷേത്രങ്ങൾ, ഒരു പള്ളി , ഒരു മോസ്ക്, ഒരു ആശുപത്രി എന്നിവ പൊളിക്കേണ്ടി വരും എന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നുണ്ട്. വന്യജീവി സമ്പത്തിനെ വിമാനത്താവളം എങ്ങനെ ബാധിക്കും എന്നതിൽ വിശദ പഠനത്തിനും നിർദ്ദേശിക്കുന്നു. ഇപ്പോഴത്തെ പഠന റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ അനുമതി സാധ്യമാവില്ല എന്ന സൂചനയാണ് കേന്ദ്രം നല്കുന്നത്.

പ്രധാന കേന്ദ്ര ഏജൻസികൾ തടസ്സം ഉന്നയിക്കുന്ന സാഹചര്യത്തിൽ വിമാനത്താവളത്തിനായി ഇത്രയും തുക മുടക്കി ഇപ്പോഴത്തെ സ്ഥലം തിടുക്കത്തിൽ ഏറ്റെടുക്കേണ്ടതുണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത്.

 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!