ചെറുവള്ളി എസ്റ്റേറ്റ് കേസിൽ സര്‍ക്കാരിന് കനത്ത തിരിച്ചടി; ഹര്‍ജി തള്ളി പാലാ കോടതി, ശബരിമല വിമാനത്താവള പദ്ധതി അനിശ്ചിതത്വത്തിൽ

Published : Jan 19, 2026, 12:08 PM ISTUpdated : Jan 19, 2026, 01:00 PM IST
sabarimala airport

Synopsis

നിർദിഷ്ട ശബരിമല വിമാനത്താവള പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കലിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. ചെറുവള്ളി എസ്റ്റേറ്റിന്‍റെ ഉടമസ്ഥാവകാശം ഉന്നയിച്ച് സർക്കാർ നൽകിയ ഹർജി പാലാ കോടതി തള്ളി.

കോട്ടയം: നിർദിഷ്ട ശബരിമല വിമാനത്താവള പദ്ധതി പ്രദേശമായ ചെറുവള്ളി എസ്റ്റേറ്റിന്‍റെ ഉടമസ്ഥ തർക്കത്തിൽ സർക്കാരിന് തിരിച്ചടി. ഭൂമിയുടെ അവകാശം സംബന്ധിച്ച് സർക്കാർ പാലാ സബ് കോടതിയിൽ നൽകിയ ഹർജി തള്ളി. എതിർകക്ഷികളായ അയന ചാരിറ്റബിൾ ട്രസ്റ്റിന്‍റേയും ഹാരിസൺ മലയാളത്തിന്‍റെ വാദങ്ങളെല്ലാം കോടതി അംഗീകരിച്ചു. കോടതി വിധി വന്നതോടെ ശബരിമല വിമാനത്താവളത്തിന്‍റെ ഭാവിയും ആശങ്കയിലായി. ആറു വർഷം നീണ്ട് നിന്ന നിയമവ്യവഹാരത്തിനൊടുവിലാണ് കേസിൽ സർക്കാരിന് കനത്ത തിരിച്ചടിയുണ്ടായത്. ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കാൻ സർക്കാർ ഹാജരാക്കിയ എല്ലാ റവന്യു രേഖകളും പാലാ സബ് കോടതി തള്ളി.

അയന ചാരിറ്റബിൾ ട്രസ്റ്റും ഹാരിസൺ മലയാളം കമ്പനിയും ഉയർത്തിയ ഉടമസ്ഥാവകാശ വാദങ്ങളാണ് കോടതി അംഗീകരിച്ചത്. സർക്കാരിന് ഉടമസ്ഥാവകാശം നഷ്ടപ്പെട്ടതോടെ വിമാനത്താവള പദ്ധതിയും തുലാസിലായി. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായുള്ള  ചെറുവള്ളി എസ്റ്റേറ്റിലെ 2263 ഏക്കർ ഭൂമിയെ ചൊല്ലിയാണ് സംസ്ഥാന സർക്കാരും ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ചിന് കീഴിലെ അയന ചാരിറ്റബിൾ ട്രസ്റ്റും തമ്മിലുള്ള ഉടമസ്ഥാവകാശ തർക്കം. ശബരിമല വിമാനത്താവള പദ്ധതിക്കായി സംസ്ഥാന സർക്കാർ ഈ ഭൂമി കണ്ടെത്തിയതിന് പിന്നാലെയാണ് ഉടമസ്ഥ തർക്കം വിവാദമായും കോടതി കയറിയതും. സ്വന്തം ഭൂമിയാണെന്ന് സ്ഥാപിച്ചാണ് സംസ്ഥാന സർക്കാർ വിമാനത്താവള പദ്ധതിയുമായി മുന്നോട്ട് പോയത്.

 എന്നാൽ, 2005 ൽ ഹാരിസൺ മലയാളം കമ്പനിയിൽ നിന്ന് വാങ്ങിയ ഭൂമിയാണെന്ന അവകാശവുമായി അന്നത്തെ ഗോസ്പൽ ഫോർ ഏഷ്യയെന്ന ഇന്നത്തെ അയന ചാരിറ്റബിൾ ട്രസ്റ്റ് രംഗത്തെത്തി. ഇതിനിടെ, വിദേശകമ്പനികളുടേയും വ്യക്തികളുടേയും ഭൂമി ഏറ്റെടുക്കണമെന്ന്  എംജി രാജമാണിക്യം കമ്മീഷൻ റിപ്പോർട്ടിനെതിരെ ഹാരിസൺ മലയാളം കമ്പനി ഹൈക്കോടതിയെ സമീപിച്ചു. ഇത് പരിഗണിച്ച ഹൈക്കോടതി ഭൂമിയിൽ ഉടമസ്ഥാവകാശം സ്ഥാപിക്കാൻ സർക്കാരിന് സിവിൽ കോടതിയെ സമീപിക്കാമെന്ന് ഉത്തരവിട്ടു.തുടർന്നാണ് 2019 ൽ സംസ്ഥാന സ‍ർക്കാർ പാലാ സബ് കോടതിയിൽ ഹർജി നൽകിയത്.

എരുമേലി വില്ലേജിലെ ഈ ഭൂമി 1910 ലെ സെറ്റിൽ മെന്‍റ് രജിസ്റ്റർ പ്രകാരം പണ്ടാരവകപാട്ടം ഭൂമിയാണെന്ന് സർക്കാർ വാദിച്ചു. ഹാരിസണും അവരുടെ മുൻഗാമികളും നൂറുവ‍ർഷത്തിലധികമായി കൈവശം വെയ്ച്ചിരുന്ന ഭൂമിയാണെന്നും അതിനാൽ കൈവശാവകാശമുണ്ടെന്നും വിൽപ്പന നടത്താമെന്നുമായിരുന്നു അയന ചാരിറ്റബിൾ ട്രസ്റ്റിന്‍റെ പ്രധാന വാദം. ഒപ്പം നികുതി രസീതുകളും ബിടിആറും ഉടമസ്ഥത തെളിയിക്കുന്നുണ്ടെന്നും അയന ട്രസ്റ്റ് വാദിച്ചു. ഇതെല്ലാം കോടതി പരിഗണിച്ചു. സബ് കോടതി ഉത്തരവിനെതിരെ സർക്കാർ മേൽകോടതിയെ സമീപിച്ചേക്കും. കഴിഞ്ഞ ദിവസം ശബരിമല വിമാനത്താവളത്തിന്‍റെ വിഞ്ജാപനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനുപിന്നാലെയുള്ള സബ് കോടതി വിധി സർക്കാരിന് ഇരട്ടി പ്രഹരമാണ് ഉണ്ടാക്കിയത്.

വിധിയിൽ സന്തോഷമുണ്ടെന്ന് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച

കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് വക്താവ് ഫാ. സിജോ പന്തപ്പള്ളി പറഞ്ഞു. സഭയുടെ വസ്തു സംരക്ഷിക്കാനുള്ള പോരാട്ടമായിരുന്നു. അത് വിജയിച്ചു. ചെറുവള്ളിയിലെത് സർക്കാർ ഭൂമി അല്ലെന്ന് തെളിഞ്ഞിരിക്കുന്നു. എയർപോർട്ടിന് സഭ എതിരല്ലെന്നും എന്നാൽ നടപടികൾ നിയമപരമായിരിക്കണമെന്നും ഫാ. സിജോ പന്തപ്പള്ളി പറഞ്ഞു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പിണറായി സർക്കാരിന്‍റെ അവസാന ബജറ്റ്, വമ്പൻ പ്രഖ്യാപനങ്ങൾക്ക് സാധ്യത! രാഹുലിന്‍റെ അയോഗ്യത, പുനർജനിയിലെ സിബിഐ അന്വേഷണം; നാളെ തുടങ്ങും നിയമസഭാ സമ്മേളനം
കളമശേരിയിൽ ജുഡീഷ്യൽ സിറ്റി പദ്ധതിക്ക് തടസം; സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ കോടതിയെ സമീപിച്ച് എച്ച്എംടി; വിപണി വില നൽകണമെന്ന് ആവശ്യം