
ദില്ലി: ശബരിമല യുവതി പ്രവേശന കേസില്‍ യങ് ലോഴ്സ് അസോസിയേഷനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. നിങ്ങൾ ആരാണ് വിശ്വാസകാര്യങ്ങളിൽ ഇടപെടാനെന്ന് ജസ്റ്റിസ് നാഗരത്ന ചോദിച്ചു. നിങ്ങൾക്ക് എന്താണ് ശബരിമലയിൽ കാര്യം? നിങ്ങൾ രാജ്യത്തിന്റെ മുഖ്യമന്ത്രിയാണോ എന്നായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്‍റെ ചോദ്യം.
യുവാക്കളായ അഭിഭാഷകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കൂ എന്നും നാഗരത്ന യങ് ലോഴ്സ് അസോസിയേഷനെ പരിഹസിച്ചു. നിയമത്തെ ദുരുപയോഗം ചെയ്യുകയാണ് സംഘടന എന്നും കോടതി വിമര്‍ശിച്ചു. ആരാണ് നിങ്ങളുടെ പ്രസിഡന്റ് എന്നും അഭിഭാഷകനോട് കോടതി ചോദിച്ചു. നൗഷാദ് അലി എന്ന് വ്യക്തിയാണെന്ന് യങ് ലോഴ്സ് അസോസിയേഷന്‍റെ അഭിഭാഷകന്‍ മറുപടി നല്‍കി. ഇത്തരം ഒരു പൊതുതാൽപര്യ ഹർജിയിലെ നിങ്ങളുടെ താൽപര്യം എന്തെന്ന് നാഗരത്ന ആവര്‍ത്തിച്ച് ചോദിച്ചു. ഇത്തരം കാര്യങ്ങൾ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ജസ്റ്റിസ് നാഗരത്ന മുന്നറിയിപ്പ് നല്‍കി.
യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ ഭാഗമാണ് ഇന്ന് നടക്കുന്നത്. യുവതി പ്രവേശന വിധിക്ക് പിന്നാലെ ശബരിമലയിൽ കയറിയ സ്ത്രീകൾ യഥാർത്ഥ വിശ്വാസികളായിരുന്നോ എന്ന ചോദ്യം സുപ്രീംകോടതി കഴിഞ്ഞ വാദത്തിനിടെ ചോദിച്ചിരുന്നു. യുവതിപ്രവേശനത്തെ അനൂകൂലിച്ച് മുതിർന്ന അഭിഭാഷക ഇന്ദിര ജയ് സി്ങ്ങ് വാദം ഉന്നയിക്കുന്നതിനിടെയാണ് ജസ്റ്റിസ് നാഗരത്ന ചോദ്യം ഉന്നയിച്ചത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളിൽ വീണ്ടും പരിശോധനയുടെ ആവശ്യമില്ലെന്ന് വാദത്തിനിടെ കോടതി നീരീക്ഷിച്ചു. നിയമത്തെ അനുസരിച്ചവരാണ് ശബരിമല വിഷയത്തിൽ പരാജയപ്പെട്ടത് എന്ന് ഇന്ദിര ജയ് സിങ്ങ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam