കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയെ അറിയില്ലെന്ന പരാമർശത്തിൽ വിശദീകരണവുമായി കെ. സുധാകരൻ രംഗത്തെത്തി. മാധ്യമങ്ങളുടെ ചോദ്യം ശ്രദ്ധിക്കാത്തതാണ് തെറ്റിദ്ധാരണയ്ക്ക് കാരണമായതെന്ന് അദ്ദേഹം വ്യക്തമാക്കി.

കണ്ണൂർ: കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയെ തനിക്കറിയില്ലെന്ന് പറഞ്ഞതിൽ വിശദീകരണവും തിരുത്തുമായി കെ. സുധാകരൻ എം.പി. ഇത്തരത്തിലുള്ള പ്രചാരണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ശ്രീനാദേവി കുഞ്ഞമ്മ കോൺഗ്രസിലേക്ക് കടന്നുവന്നത് തന്റെ ക്ഷണപ്രകാരമാണെന്ന് വീഡിയോ സന്ദേശത്തിലൂടെ സുധാകരൻ അറിയിച്ചു. ഉച്ചയ്ക്ക് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിൽ ശ്രീമതി ശ്രീനാദേവി കുഞ്ഞമ്മയെ കുറിച്ച് നടത്തിയ പരാമർശം ചിലരിൽ തെറ്റിദ്ധാരണകൾക്ക് ഇടയാക്കിയതായി മനസ്സിലാക്കുന്നുവെന്നും അത് തിരുത്തുന്നതിനും യാഥാർത്ഥ്യം വ്യക്തമാക്കുന്നതിനുമാണ് വീണ്ടും വീഡിയോ പങ്കുവെക്കുന്നതെന്നും സുധാകരൻ പറഞ്ഞു.

മാധ്യമപ്രവർത്തകർ ചോദിച്ച ചോദ്യം ശ്രദ്ധയിൽ പെടാത്തതാണ് മറുപടി തെറ്റിദ്ധരിക്കപ്പെടാൻ കാരണമായതെന്ന് അദ്ദേഹം വ്യക്തമാക്കി. താൻ കെ.പി.സി.സി പ്രസിഡന്റായിരുന്ന കാലത്ത് സി.പി.ഐയിൽ നിന്ന് ശക്തയായ ഒരു പോരാളിയായ ശ്രീനാദേവി കുഞ്ഞമ്മയെ കോൺഗ്രസിലേക്ക് ക്ഷണിച്ചുകൊണ്ടുവന്നത് താനാണ്. പിന്നീട് അവർ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. മാധ്യമപ്രവർത്തകർ കുഞ്ഞമ്മയെ അറിയുമോ എന്ന് ചോദിച്ചപ്പോൾ കെ.പി.സി.സി നേതൃത്വവുമായുള്ള ഗൗരവമായ ചർച്ചകളിലായിരുന്നു.

പെട്ടെന്ന് പേര് മാത്രം കേട്ടപ്പോൾ ചോദ്യം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെന്നും അതിനെയാണ് തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചതെന്നും സുധാകരൻ വിശദീകരിച്ചു. കേരളത്തിലെ കോൺഗ്രസിന്റെ ഓരോ പ്രവർത്തകനെയും ചേർത്തുപിടിച്ച രാഷ്ട്രീയ പ്രവർത്തകനാണ് താനെന്നും തന്നിലെ രാഷ്ട്രീയക്കാരനെ രൂപപ്പെടുത്തിയത് പ്രവർത്തകരുടെ വിയർപ്പും ത്യാഗവുമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രവർത്തകർക്ക് ഒരു പ്രതിസന്ധി ഉണ്ടാകുമ്പോൾ അവർക്കൊപ്പം നിൽക്കേണ്ടത് തന്റെ കടമയാണെന്നും ശ്രീനാദേവി കുഞ്ഞമ്മയുടെ കാര്യത്തിലും ഇതേ നിലപാടാണുള്ളതെന്നും സുധാകരൻ വ്യക്തമാക്കി