Sabarimala| ചെമ്പോല വിവാദം: താൻ വായിച്ചതിൽ ആചാരപരമായ കാര്യങ്ങളുണ്ടായിരുന്നില്ല: എംആർ രാഘവവാര്യർ

Published : Nov 03, 2021, 01:29 PM ISTUpdated : Nov 03, 2021, 01:35 PM IST
Sabarimala| ചെമ്പോല വിവാദം: താൻ വായിച്ചതിൽ ആചാരപരമായ കാര്യങ്ങളുണ്ടായിരുന്നില്ല: എംആർ രാഘവവാര്യർ

Synopsis

മോൻസൻ മാവുങ്കലിന്റെ ശേഖരത്തിൽ നിന്നും ലഭിച്ച ശബരിമല (sabarimala) ചെമ്പോല ( chembola)യുമായി ബന്ധപ്പെട്ട വിവാദത്തിൽ ചരിത്രകാരൻ എം ആർ രാഘവ വാര്യരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി

കോഴിക്കോട്: സാമ്പത്തിക തട്ടിപ്പ് കേസിൽ പിടിയിലായ മോൻസൻ മാവുങ്കലിന്റെ ശേഖരത്തിൽ നിന്നും ലഭിച്ച ശബരിമല (sabarimala) ചെമ്പോല ( chembola)യുമായി ബന്ധപ്പെട്ട വിവാദത്തിൽ ചരിത്രകാരൻ എം ആർ രാഘവ വാര്യരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. കോഴിക്കോട്ടെ വീട്ടിലെത്തിയായിരുന്നു മൊഴിയടുത്തത്. ശബരിമല വിവാദ കാലത്ത് ചെമ്പോല മോൺസന്റെ വീട്ടിലെത്തി വായിക്കുകയും വിശ്വസിക്കാവുന്ന രേഖയെന്ന് പറയുകയും ചെയ്ത ആളാണ് രാഘവ വാര്യർ. താൻ വായിച്ച രേഖയിൽ ശബരിമലയിലെ ആചാരപരമായ കാര്യങ്ങൾ ഉണ്ടായിരുന്നില്ലെന്നും അറിയാവുന്ന കാര്യങ്ങൾ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരോട് പറഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

'ശബരിമലയിൽ വെടിക്കുഴികളുണ്ട്, അവിടെ വെടിവഴിപാട് നടത്തണം, പുള്ളുവൻ പാട്ടും കണിയാൻ പാട്ടും പാടണം എന്നിവയാണ് ചെമ്പോലയിൽ പറയുന്നത്. ഈ മൂന്നെണ്ണത്തെ കുറിച്ചാണ് അതിൽ പറയുന്നത്. വൈദിക-താന്ത്രിക ആചാര വിധികളെ കുറിച്ച് രേഖയിൽ പറയുന്നില്ല. 17-18 നൂറ്റാണ്ടിലാണ് എഴുതിയിരിക്കുന്നതെന്നാണ് ഓർമ്മ. അത് തെറ്റിക്കൂടായ്കയില്ല. മോൻസന്റെ വീട്ടിലായിരിക്കണം ഈ രേഖ വായിച്ചത്. കൂട്ടിക്കൊണ്ട് പോയത് മറ്റൊരാളാണ്. എനിക്കാ വഴി അറിയില്ല. തൃശൂരിൽ നിന്ന് കിട്ടിയ രേഖകളെ കുറിച്ച് അറിയില്ല. വ്യാജമാണോയെന്ന് പരിശോധിക്കേണ്ടത് അന്വേഷണ സംഘമാണ്. താൻ പറയുന്നത് താൻ കണ്ട രേഖയെ കുറിച്ചാണ്' - അദ്ദേഹം പറഞ്ഞു. 

മോൻസന്റെ വീട്ടിൽ നിന്ന് കിട്ടിയ ചെമ്പോല വ്യാജമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (cm pinarayi vijayan) നിയമസഭയിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. ചെമ്പോല വ്യാജമാണെന്ന് ഏകദേശം തെളിഞ്ഞിട്ടുണ്ടെന്നും ചെമ്പോല യാഥാർത്ഥ്യമാണെന്ന് സർക്കാർ ഒരു ഘട്ടത്തിലും അവകാശവാദമൊന്നും നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. മോൻസൻ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയാണ്. പുരാവസ്തുവാണോയെന്ന് പരിശോധിക്കേണ്ടത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണാണെന്നും അതിനുള്ള നടപടികൾ തുടങ്ങിയതായും മുഖ്യമന്ത്രി വിശദീകരിച്ചു.  ചെമ്പോല വ്യാജമാണോയെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്ത്യക്ക് (archaeological survey of india) ക്രൈംബ്രാഞ്ചിന്‍റെ (crime branch) കത്തയച്ചിരുന്നു. 

ചെമ്പോലയും ചീരപ്പൻചിറ കുടുംബവും

ആലപ്പുഴ മുഹമ്മയിലാണ് ചീരപ്പൻചിറ തറവാട്. ഇവിടെയാണ്അയ്യപ്പൻ കൗമാരകാലത്ത് കളരി അഭ്യസിച്ചത് എന്നാണ് പറയപ്പെടുന്നത്. മാളികപ്പുറത്തമ്മയുടെ കുടുംബമാണ് ചീരപ്പൻചിറ. അയ്യപ്പൻ കളരി അഭ്യസിച്ച വാളും ഉടയാടയും എല്ലാം നാലുകെട്ടിനുള്ളിലെ കെടാവിളിക്കിന് മുന്നിൽ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.  ഇതോടൊപ്പം ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട ചെമ്പോലയും ഉണ്ടായിരുന്നു. വെടിവഴിപാട് അവകാശം തിരികെ കിട്ടാൻ വേണ്ടി ദേവസ്വം ബോർഡിനെതിരെ ചീരപ്പൻചിറക്കാർ കേസ് നടത്തിയിരുന്നു. മാവേലിക്കര കോടതിയിൽ തുടങ്ങി അങ്ങ് സുപ്രീംകോടതി വരെ ആ നിയമപോരാട്ടം നീണ്ടു. അന്ന് രേഖകൾ കോടതിയിൽ സമർപ്പിക്കാൻ കൊണ്ടുപോയതായി ഇപ്പോഴത്തെ തലമുറ ഓർക്കുന്നു. ദേവസ്വം ബോർഡിനെതിരായ കേസ് ജയിക്കുന്നതിന് ആണ് ഇവ കൊണ്ടുപോയത്. എന്നാൽ വാമൊഴിയായി കേട്ട ഓർമ്മ മാത്രമാണ് ഇതെന്നും ഇപ്പോഴത്തെ തലമുറ പറയുന്നു. ചെമ്പോലയുമായി ബന്ധപ്പെട്ട പുതിയ വിവാദങ്ങളിൽ കൂടുതലൊന്നും ചീരപ്പൻചിറക്കാർക്ക് അറിയില്ല. രേഖകൾ ചോദിച്ച് ആരും  പടികടന്ന് വന്നിട്ടുമില്ലെന്ന് ഇവർ പറയുന്നു.

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്