
തിരുവനന്തപുരം: ചിത്തിര ആട്ടവിശേഷത്തിന് ശബരിമല നട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. സുപ്രീംകോടതിയുടെ യുവതീ പ്രവേശന വിധി വന്ന ശേഷം കഴിഞ്ഞ ചിത്തിര ആട്ടവിശേഷത്തിനായിരുന്നു സന്നിധാനത്ത് അനിഷ്ട സംഭവങ്ങളുണ്ടായത്.
വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിൽ മേൽശാന്തി വി.എൻ വാസുദേവൻ നമ്പൂതിരി ക്ഷേത്ര നട തുറന്ന് നെയ്യ് തെളിയിക്കും. ചിത്തിര ആട്ട വിശേഷത്തിന് ഒരു ദിവസം മാത്രമാണ് നടതുറക്കുക കവഡിയാർ കൊട്ടാരത്തിൽ നിന്ന് കൊണ്ട് വരുന്ന നെയ്യ് ഉപയോഗിച്ച് അഭിഷേകം ചെയ്യുന്നതാണ് ആട്ടവിശേഷ ദിവസത്തെ പ്രധാന ചടങ്ങ്. പൂജകള്‍ കഴിഞ്ഞ് 27 ന് രാത്രി 10 ന് നട അടക്കും.
സുപ്രീം കോടതിയുടെ യുവതീ പ്രവേശന വിധി വന്ന ശേഷം ദർശനത്തിനെത്തുന്ന യുവതികളെ തടയുമെന്ന് ഹിന്ദു സംഘടനകൾ നിലപാടെടുത്തതോടെ ശബരിമല സംഘർഷഭൂമിയായത് കഴിഞ്ഞ ചിത്തിര ആട്ട വിശേഷ സമയത്തായിരുന്നു. കൊച്ചുമകന്‍റെ ചോറൂണിന് എത്തിയ തൃശൂർ സ്വദേശിനിയെ ആക്രമിക്കാൻ ശ്രമിച്ചതടക്കം അനിഷ്ട സംഭവങ്ങൾ സന്നിധാനത്ത് ഉണ്ടായി. ബിജെപി നേതാക്കളായ കെ. സുരേന്ദ്രൻ, യുവമോർച്ച പ്രസിഡന്‍റ് പ്രകാശ് ബാബു തുടങ്ങിയവർക്കെതിരെ പൊലീസ് വധശ്രമത്തിനടക്കം കേസെടുത്തു.
ബിജെപി പിന്തുണയോടെ പ്രതിഷേധം തെരുവുകളിലേക്ക് എത്തിയതോടെ സംസ്ഥാനത്തുടനീളം ക്രമസമാധാന പ്രശ്നങ്ങളുണ്ടായി. സുപ്രീം കോടതി വിധി നടപ്പിലാക്കുമെന്ന നിലപാടിൽ സർക്കാർ ഉറച്ച് നിന്നതോടെ മാസങ്ങൾ നീണ്ട അനിശ്ചിതത്വമായിരുന്നു പിന്നീട്. ഒടുവിൽ പുനപരിശോധന ഹർജികൾ പരിഗണിക്കാമെന്ന സുപ്രീംകോടതി തീരുമാനത്തോടെയാണ് പിരിമുറുക്കം അയഞ്ഞത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam