
ദില്ലി: ശബരിമല തിരുവാഭരണ കേസ് മൂന്നാഴ്ച്ച കഴിഞ്ഞ് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി. അന്തരിച്ച രേവതി തിരുനാൾ പി രാമവർമ്മ രാജയ്ക്ക് പകരം പുതിയ നോമിനിയെ കക്ഷിയാക്കുന്നതിൽ ദേവസ്വം ബോർഡിന് മറുപടി സമർപ്പിക്കാനുണ്ടെന്ന് അറിയിച്ചതിനെ തുടർന്നാണിത്. മറുപടി രേഖാമൂലം സമർപ്പിക്കാൻ സമയം നൽകിയാണ് കോടതി കേസ് മാറ്റിയത്.
ശബരിമല തിരുവാഭരണത്തിന്റെ ഉടമസ്ഥത സംബന്ധിച്ച കേസാണിത്. പ്രധാന ഹർജിക്കാരനായിരുന്ന രേവതിനാൾ പി രാമ വർമ രാജ അന്തരിച്ച സാഹചര്യത്തിൽ പന്തളം കൊട്ടാരത്തിലെ മുതിർന്ന അംഗമെന്ന നിലയിൽ തന്നെ പകരം ഹർജിക്കാരനാക്കണമെന്ന് മകയിരം നാൾ രാഘവ വർമ്മ രാജ അപേക്ഷ നൽകിയിരുന്നു. ഇതിനെ ദേവസ്വം ബോർഡ് എതിർത്തു. തുടർന്നാണ് രേഖാമൂലം നിലപാട് അറിയിക്കാൻ ജസ്റ്റിസ് കൃഷ്ണ മുരാരി അധ്യക്ഷനായ ബെഞ്ച് ദേവസ്വം ബോർഡിനോട് നിർദേശിച്ചത്.
കേസ് മൂന്നാഴ്ച്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും. 2006 ൽ ശബരിമലയിൽ നടന്ന ദേവപ്രശ്നം ശരിവെച്ചുള്ള കേരള ഹൈക്കോടതി വിധിക്കെതിരെ രേവതിനാൾ പി രാമവർമരാജയും കൊട്ടാരത്തിലെ മറ്റംഗങ്ങളും സുപ്രീം കോടതിയെ സമീപിച്ചത്. തിരുവാഭരണം ദേവസ്വം ബോർഡിനു കൈമാറണമെന്ന ദേവപ്രശ്ന വിധിയെ എതിർത്തുകൊണ്ടുള്ളതാണ് ഹർജി. 2020 ൽ ഹർജി പരിഗണിക്കവേ തിരുവാഭരണത്തിന്റെ സുരക്ഷിതത്വം സംബന്ധിച്ച ആശങ്കയുണ്ടോയെന്ന് സർക്കാരിനോട് കോടതി ചോദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തിരുവാഭരണത്തിന്റെ എണ്ണവും തൂക്കവും കാലപ്പഴക്കവും പരിശോധിച്ചു റിപ്പോർട്ട് നൽകാൻ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായരെ കോടതി ചുമലപ്പെടുത്തിയിരുന്നു.ഇതിന്റെ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു.
മകയിരം തിരുനാൾ രാഘവർമ്മ രാജയ്ക്കായി അഭിഭാഷകൻ എ രഘുനാഥും പന്തളം കൊട്ടാര നിർവാഹക സംഘത്തിനായി അഭിഭാഷകൻ സുവിദത്ത് സുന്ദരവും ദേവസ്വം ബോർഡിനു വേണ്ടി അഭിഭാഷകൻ പി എസ് സുധീറും സംസ്ഥാന സർക്കാരിനു വേണ്ടി സ്റ്റാൻഡിംഗ് കൗൺസൽ നിഷെ രാജൻ ഷൊങ്കറും ഹാജരായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam