ശബരിമല ഉത്സവം ഉപേക്ഷിച്ചു, ഭക്തരെ കയറ്റില്ല, തന്ത്രിയുടെ തീരുമാനം അംഗീകരിച്ച് മന്ത്രി

By Web TeamFirst Published Jun 11, 2020, 1:02 PM IST
Highlights

മനുഷ്യരുടെ ആരോഗ്യം തന്നെയാണ് പ്രധാനം. അതിനാൽ തന്ത്രിയുടെ അഭിപ്രായം പൂർണമായും അംഗീകരിക്കുന്നു. ദേവസ്വംബോർഡും തന്ത്രിയുമായി യാതൊരു അഭിപ്രായഭിന്നതയുമില്ല എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

തിരുവനന്തപുരം: ശബരിമലയിൽ മിഥുനമാസ പൂജയ്ക്ക് നട തുറക്കുമ്പോൾ ഭക്തരെ പ്രവേശിപ്പിക്കില്ല. ശബരിമല ഇത്തവണത്തെ ഉത്സവം ഉപേക്ഷിച്ചെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. ദേവസ്വംബോർഡും തന്ത്രിയുമായി യാതൊരു അഭിപ്രായഭിന്നതയുമില്ല എന്നും, തന്ത്രിയുടെ നിലപാട് പൂർണമായും അംഗീകരിക്കുന്നുവെന്നും കടകംപള്ളി വ്യക്തമാക്കി. എന്നാൽ ചടങ്ങുകളെല്ലാം മുടങ്ങാതെ സാമൂഹിക അകലം പാലിച്ച് എല്ലാ സുരക്ഷാ മുൻകരുതലുകളോടെയും നടത്തുമെന്നും മന്ത്രിയും തന്ത്രിയും വ്യക്തമാക്കി. 

ക്ഷേത്രങ്ങൾ തുറക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് പ്രതിപക്ഷമാണ്. പിന്നീട് ക്ഷേത്രം തുറക്കണമെന്ന് ബിജെപിയും പറഞ്ഞു. എന്നാൽ തന്ത്രി ശബരിമലയിൽ ഇപ്പോൾ ഭക്തരെ പ്രവേശിപ്പിക്കുന്നത് ശരിയല്ലെന്നും, അപകടകരമാണെന്നും പറഞ്ഞത് തന്നെയായിരുന്നു സർക്കാരിന്‍റെ നിലപാട്. എന്നാൽ കേന്ദ്രസർക്കാർ ആരാധനാലയങ്ങൾ തുറക്കാമെന്ന് പറഞ്ഞിട്ടും സംസ്ഥാനത്ത് ക്ഷേത്രങ്ങൾ തുറക്കുന്നില്ലെന്ന് പറഞ്ഞാലുള്ള സ്ഥിതി എന്തായേനെ എന്ന് കടകംപള്ളി ചോദിച്ചു. ഇത് രാഷ്ട്രീയമായി മുതലെടുക്കാൻ ഇവിടെ പലരും ശ്രമിച്ചേനെയും പലരും പല പേക്കൂത്തുകളും കാട്ടിക്കൂട്ടിയേനെയൊന്നും കടകംപള്ളി പരിഹസിച്ചു. 

ക്ഷേത്രങ്ങൾ തുറക്കുന്നതിൽ വിവിധ മതനേതാക്കളുമായും ചർച്ച നടത്തിയിരുന്നതാണ്. അന്ന് എല്ലാവരും ക്ഷേത്രങ്ങൾ തുറക്കുന്നതിനെ അനുകൂലിച്ചിരുന്നു. എന്നാൽ ഇന്ന് സർക്കാർ തന്ത്രിയുടെ അഭിപ്രായം അംഗീകരിക്കുന്നു. 

സർക്കാരുമായും ദേവസ്വംബോർഡുമായും ഒരു തരത്തിലുമുള്ള അഭിപ്രായഭിന്നത ഇല്ലെന്ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരും വ്യക്തമാക്കി. ശബരിമലയിലേക്ക് ഭക്തരെ പ്രവേശിപ്പിക്കാനുള്ള വിർച്വൽ ക്യൂ ബുക്കിംഗ് ഇന്നലെ തുടങ്ങേണ്ടതായിരുന്നു. അത് തൽക്കാലത്തേക്ക് മാറ്റി വച്ചിരിക്കുകയാണ്. 

മിഥുന മാസപൂജക‌ൾക്കായി ഈ മാസം 14-ന് ശബരിമല നട തുറക്കാനിരിക്കെയാണ് തന്ത്രി കണ്ഠര് മഹേഷ് മോഹനര് ദേവസ്വം കമ്മീഷണ‌ർക്ക് ഇന്നലെ കത്ത് നൽകിയത്. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് ഭക്തരെ ഉടൻ പ്രവേശിപ്പിക്കരുതെന്ന ആവശ്യം ഉന്നയിച്ചത്. തീരുമാനമെടുത്തത് തന്ത്രി കുടുംബവുമായി ആലോചിച്ചാണെന്ന് പറഞ്ഞ ദേവസ്വം ബോർഡ് തന്ത്രിയുടെ ആവശ്യം തള്ളി. പക്ഷെ തന്ത്രിയുടെ അഭിപ്രായം മാനിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രസിഡണ്ട് കെ  സുരേന്ദ്രൻ രംഗത്തെത്തിയതോടെ രാഷ്ട്രീയ വിവാദം മുൻകൂട്ടി കണ്ട സർക്കാർ പെട്ടെന്ന് തന്നെ തന്ത്രിയെയും ദേവസ്വംബോർഡിനെയും ഒന്നിച്ചിരുത്തി ചർച്ചയ്ക്ക് വിളിക്കുകയായിരുന്നു. 

click me!