
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിർണായക നീക്കങ്ങളുമായി പ്രത്യേക അന്വേഷണ സംഘം. കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ എസ്ഐടി തീരുമാനിച്ചു. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് വിളിപ്പിക്കുന്നത്. പോറ്റിക്കൊപ്പം അടൂർ പ്രകാശ് നടത്തിയ ദില്ലി യാത്ര ഉൾപ്പെടെയുള്ള വിവരങ്ങൾ സംഘം ശേഖരിക്കും. ഇന്ന് കസ്റ്റഡിയിൽ വാങ്ങുന്ന ഉണ്ണികൃഷ്ണൻ പോറ്റി നൽകുന്ന മൊഴിയും കേസിൽ അതീവ നിർണായകമാണ്.
ദില്ലിയിൽ സോണിയാ ഗാന്ധിയുമായി ഉണ്ണികൃഷ്ണൻ പോററി കൂടിക്കാഴ്ച നടത്തിയപ്പോള്‍ അടൂർ പ്രകാശ് ഒപ്പമുണ്ടായിരുന്നു. അടൂർ പ്രകാശുമായി പോറ്റിക്ക് അടുപ്പം സൂചിപ്പിച്ച ചിത്രങ്ങളും പുറത്തുവന്നിരുന്നു. പാലർമെൻറ് മണ്ഡലത്തിൽപ്പെട്ട ഒരാളുമായുള്ള പരിചയം മാത്രമെന്നായിരുന്നു ഇതിൽ യുഡിഎഫ് കണ്‍വീനറുടെ വിശദീകരണം. സുരക്ഷ ക്രമീകരങ്ങളുള്ള സോണിയാ ഗാന്ധിയുടെ അടുത്തെത്താൻ എങ്ങനെ പോറ്റിക്ക് കഴിഞ്ഞുവെന്ന കാര്യത്തിൽ കോണ്‍ഗ്രസ് നേതാവായ അടൂർ പ്രകാശിന് വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ല. ഇത്തരം എല്ലാ കാര്യങ്ങളിലും ചോദ്യം ചെയ്യലിൽ വ്യക്ത വരുത്താനാണ് എസ്ഐടി നീക്കം. ഇന്ന് കസ്റ്റഡിലുള്ള പോറ്റിയിൽ നിന്നും ലഭിക്കുന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും അടൂർ പ്രകാശിലേക്ക് അന്വേഷണ സംഘമെത്തുക.
ചെന്നൈ സ്മാർട് ക്രിയേഷൻ വേർതിരിച്ചെടുത്ത ശബരിമല സ്വർണം ആർക്കുവിറ്റുവെന്നതിലും വ്യക്തവരുത്തും. പോററിയും പങ്കജ് ബണ്ടാരിയെയും സ്വർണം വാങ്ങിയ ഗോവർദ്ധനെനയും ഒരുമിച്ചുള്ള ചോദ്യം ചെയ്യലിൽ തുമ്പുണ്ടാക്കാൻ കഴിയുമെന്നാണ് എസ്ഐടി കരുതുന്നു. അതുപോലെ കടകംപ്പള്ളി നൽകിരിക്കുന്ന മൊഴിയിലെ ചില കാര്യങ്ങളിലും പോറ്റിയിൽ നിന്നും വ്യക്തതേടും. അതേ സമയം ശബരിമല സ്വർണ കടത്തിൽ ഡിണ്ടികള്‍ സ്വദേശി എം.എസ്.മണി ഉള്‍പ്പെടുന്ന സംഘമാണെന്ന് പ്രവാസിയുടെ മൊഴിയിൽ തുടരന്വേഷണത്തിലേക്ക് എസ്ഐടി കടക്കുകയാണ്. പോറ്റിയോയോ പ്രവാസിയോയോ അറിയില്ലെന്നാണ് മണിയുടെ മൊഴി. തിരുവനന്തപുരത്തേക്ക് വന്ന സമയങ്ങളെ കുറിച്ചും മണി എസ്ഐടിയോട് പറഞ്ഞിട്ടുണ്ട്. മൊഴിയിൽ വൈരുദ്ധ്യങ്ങളില്ലെന്നാണ് ഇതേവരെയുളള വിലയിരുത്തൽ. മണിയുടെ സഹായിയായി പ്രവർത്തിച്ചിരുന്നു വിരുപതനഗർ സ്വദേശി ശ്രീകൃഷ്ണൻ ഇരിടിയം തട്ടിപ്പ് കേസിലെ പ്രതിയാണെന്ന് വ്യക്തമായി. പഴയ പാത്രങ്ങള്‍ പൊതിഞ്ഞ് ഇരിഡിയമാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു പലരിൽ നിന്നും പണം വാങ്ങിയത്. തമിഴ്നാട്ടിൽ കേസുമുണ്ട്. അങ്ങനെ ഒരു തട്ടിപ്പായിരുന്നു ശബരിമല സ്വർണം കൈവശമുണ്ടെന്ന് ഡിണ്ടിഗൽ സംഘം പ്രവാസിയോട് പറഞ്ഞതെന്ന് സംശയത്തിലാണ് പ്രത്യേക അന്വേഷണ സംഘം. വീണ്ടും മൊഴിയെടുക്കാൻ പ്രവാസിയോട് എസഐടി സമയം ചോദിച്ചിട്ടുണ്ട്.
നേരത്തെ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മൊഴി രേഖപ്പെടുത്തിയ അന്വേഷണ സംഘം, അതിൽ സൂചിപ്പിച്ചിട്ടുള്ള കാര്യങ്ങളിൽ പോറ്റിയിൽ നിന്നും സ്ഥിരീകരണം തേടും. ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് മുൻ മന്ത്രിയുടെയും മുതിർന്ന കോൺഗ്രസ് നേതാവിന്റെയും മൊഴികൾ എടുക്കുന്നത്. സ്വർണ്ണപ്പാളികൾ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ ഉന്നതതലത്തിലുള്ള ബന്ധങ്ങൾ അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam