ശബരിമല സ്വർണ്ണക്കൊള്ള: സഭയിൽ പോറ്റിയേ പാട്ടുപാടി ഏറ്റുമുട്ടി പ്രതിപക്ഷവും ഭരണപക്ഷവും, നാടകീയ രം​ഗങ്ങൾ

Published : Jan 22, 2026, 09:30 AM ISTUpdated : Jan 22, 2026, 09:43 AM IST
opposition protest

Synopsis

ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം മന്ത്രി രാജി വെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എസ്ഐടിക്ക് മേലുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദ്ദം അവസാനിപ്പിക്കണമെന്നും വിഡി സതീശൻ പറഞ്ഞതോടെ മന്ത്രി എംബി രാജേഷ് പ്രതികരണവുമായി എത്തി.

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ നിയമസഭയിൽ പ്രതിപക്ഷ ബഹളം. സഭ തുടങ്ങിയതോടെ പ്ലക്കാർഡ് ഉയർത്തിയാണ് പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചത്. ദേവസ്വം മന്ത്രി രാജി വെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. എസ്ഐടിക്ക് മേലുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദ്ദം അവസാനിപ്പിക്കണമെന്നും വിഡി സതീശൻ പറഞ്ഞതോടെ മന്ത്രി എംബി രാജേഷ് മറുപടിയുമായി എത്തി. ശബരിമല സ്വർണ്ണക്കൊള്ളയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകാത്തതിൽ പ്രതിപക്ഷത്തെ പരിഹസിച്ചുകൊണ്ടായിരുന്നു എംബി രാജേഷിൻ്റെ പ്രതികരണം. അടിയന്തര പ്രമേയ നോട്ടീസ് നൽകാൻ പ്രതിപക്ഷത്തിന് ഭയമാണെന്ന് എംബി രാജേഷ് പറഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. ഇനി ചൊവ്വാഴ്ചയാണ് സഭ ചേരുക.

പ്രതിപക്ഷത്തിന് വിഷയം ചർച്ച ചെയ്യേണ്ടി വരുമെന്ന ഭയമാണ്. ഇത് ഭീരുത്വമാണെന്നും തിണ്ണമിടുക്ക് കാണിക്കുന്നുവെന്നും എംബി രാജേഷ് പറഞ്ഞതോടെ പ്രതിപക്ഷം ബഹളം വെച്ച് നടുത്തളത്തിലിറങ്ങി. ഇതോടെ പ്രതിരോധിക്കാൻ ഭരണപക്ഷ എംഎൽഎമാരും എഴുന്നേറ്റ് നിന്നു. ബാനർ കൊണ്ട് സ്പീക്കറുടെ ഇരിപ്പിടം മറച്ചു കൊണ്ടാണ് പ്രതിപക്ഷത്തിൻ്റെ പ്രതിഷേധം. രൂക്ഷമായ വാദപ്രതിവാദങ്ങളാണ് സഭയിൽ നടക്കുന്നത്. പോറ്റി പാട്ടും പ്ലക്കാർഡുകളിൽ ഉൾപ്പെടുത്തിയാണ് പ്രതിപക്ഷത്തിൻ്റെ പ്രതിഷേധം. 

പാരഡി പാട്ട് പാടി പ്രതിപക്ഷം പ്രതിഷേധിച്ചതോടെ സ്വ‍ർണം കട്ടത് ആരപ്പാ എന്ന് അടൂർ പ്രകാശിനോട് ചോദിക്കൂവെന്നും ഹൈക്കോടതിയിൽ തോറ്റപ്പോൾ സഭയിൽ സമരം ചെയ്യുകയാണെന്നും എംബി രാജേഷ് പറഞ്ഞു. യഥാർത്ഥ പ്രതികൾ അകപ്പെടുന്ന ദിവസം പാടാൻ ഞങ്ങളൊരു പാട്ട് ബാക്കുവെച്ചിട്ടുണ്ടെന്നും രാജേഷ് പറഞ്ഞതോടെ പാരഡി പാട്ട് പാടി പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. ഇതോടെ ഭരണപക്ഷം മുദ്രാവാക്യം വിളിച്ച് എഴുന്നേറ്റു. ‘സ്വർണ്ണം കട്ടത് ആരപ്പാ..കോൺഗ്രസ് ആണ് അയ്യപ്പാ.. ’എന്ന് തിരിച്ചു പാടിയാണ് ഭരണപക്ഷത്തിൻ്റെ പ്രതിരോധം. 

മന്ത്രി ശിവൻകുട്ടിയും പോറ്റിയേ പാട്ട് പാടിയതോടെ സഭയിൽ ബഹളം കൊഴുത്തു. സോണിയയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്നും വീട് റെയ്ഡ് ചെയ്യണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു. സോണിയയുടെ വീട്ടിൽ പോറ്റി രണ്ട് തവണ പോയത് എന്തിനാണെന്നും സോണിയയുടെ കയ്യിൽ സ്വർണം കെട്ടിക്കൊടുത്തുവെന്നും മന്ത്രി പറഞ്ഞു. ഇത് ഏറ്റുപിടിച്ച് മന്ത്രി വീണ ജോർജും രം​ഗത്തെത്തി. പ്രതിപക്ഷം ഒളിച്ചോടുന്നുവെന്നും കളവ് ചെയ്തത് പ്രതിപക്ഷമാണെന്നും മന്ത്രി വീണാജോർജും പറഞ്ഞു. ഇതിനിടെ, നന്ദിപ്രമേയ ചർച്ചയിലേക്ക് കടന്നിരിക്കുകയാണ് സഭ. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'നിങ്ങൾക്ക് ആദർശമെന്നാൽ അഭിനയമാണ്, സഖാക്കൾ ഇങ്ങനെയൊക്കെയാണ്', പരിഹാസങ്ങളിൽ എം എ ബേബിക്ക് പിന്തുണയുമായി ഭാര്യ
'ഉപയോഗിച്ച ഉടുപ്പ് പോലെ മകളെ ഉപേക്ഷിച്ചു, മകൾ കെഞ്ചി കരഞ്ഞിട്ടും അവന് വേണ്ട', പൂന്തുറയിലെ മരണത്തിൽ ആത്മഹത്യാകുറിപ്പ് പുറത്ത്