
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പിഎസ് പ്രശാന്ത് അറസ്റ്റിൽ. പ്രശാന്തിനൊപ്പം ബോർഡ് അംഗമായിരുന്ന സിപിഐ നേതാവ് അജികുമാറിനെയും അറസ്റ്റ് ചെയ്തു. 2025 ൽ ഹൈക്കോടതി അനുമതിയില്ലാതെ ദ്വാരപാലക പാളികൾ സ്വൂർണ്ണം പൂശാൻ പുറത്തേക്ക് കൊണ്ടുപോയതിൽ പങ്കുണ്ടെന്ന് കണ്ടെത്തിയാണ് എസ്ഐടിയുടെ അറസ്റ്റ്. രാഷ്ട്രീയ സമ്മർദ്ദം മൂലം ഉടൻ അറസ്റ്റിലാകുമെന്ന് രാവിലെ പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. പ്രശാന്തിന്‍റെ കാലത്തെ വീഴ്ചയെ കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടായിരുന്നു ശബരിമല സ്വർണ്ണക്കൊള്ള വെളിച്ചത്ത് കൊണ്ടുവരുന്നതിൽ തുടക്കമായത്.
ഇടത് സർക്കാർ നിയോഗിച്ച മൂന്നാമത്തെ ദേവസ്വം ബോർഡ് പ്രസിഡന്‍റാണ് ശബരിമല സ്വർണ്ണക്കൊള്ളയിൽ അറസ്റ്റിലാകുന്നത്. പ്രശാന്തിനെ ഏത് സമയവും എസ്ഐടി അറസ്റ്റ് ചെയ്യുമെന്ന സൂചനയുണ്ടായിരുന്നു. തെറ്റ് ചെയ്തിട്ടില്ല, അറസ്റ്റ് ചെയ്യാൻ രാഷ്ട്രീയസമ്മർദ്ദമുണ്ടെന്നായിരുന്നു അറസ്റ്റ് മുൻകൂട്ടി കണ്ട് പ്രശാന്തിന്‍റെ പോസ്റ്റ്. 9 മണിയോടെ കരകുളത്തെ വീട്ടിലെത്തിയാണ് എസ്ഐടി പ്രശാന്തിന്‍റെ കസ്റ്റഡിയിലെടുത്തത്. നേരെ കൊല്ലം പൊലീസ് ക്ലബിലേക്ക്. അവിടെ വെച്ച് അറസ്റ്റ് രേഖപ്പെടുത്തി. 2019ലെ ശബരിമല സ്വർണ്ണക്കൊള്ള മറച്ചുവെക്കാനാണ് പ്രശാന്തിന്‍റെ കാലത്ത് 2025ൽ ദ്വാരപാലക പാളികൾ സ്വർണ്ണം പൂശാൻ ചെന്നൈ സ്മാർട്ട് ക്രിയേഷൻസിന് കൈമാറിയതെന്നാണ് എസ്ഐടി കണ്ടെത്തൽ.
ഹൈക്കോടതിയുടെ മുൻകൂർ അനുമതി ചോദിക്കാതിരുന്നത് സാങ്കേതിക പിഴവെന്നാണ് പ്രശാന്ത് ആവർത്തിച്ചത്. എന്നാൽ അനുമതിയില്ലാതെ പാളി കടത്തിയത് ഗൂഢാലോചനയുടെ ഭാഗമായെന്നാണ് എസ്ഐടി ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ട്. 2019ൽ കൊണ്ട് പോയി സ്വർണ്ണം പൂശിയ പാളികൾക്ക് 24 ആയപ്പോൾ ശോഭ നശിച്ചെന്ന് എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന മുരാരി ബാബു ബോർഡിനെ അറിയിച്ചു. ചെറിയ കാലയളവിൽ ശോഭ നശിച്ചത് അന്വേഷിക്കാതെ ബോർഡ് വീണ്ടും ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് തന്നെ പാളികൾ കൈമാറിയതിലാണ് എസ്ഐടി ദുരൂഹത കണ്ടെത്തിയത്.
പ്രത്യേക കേസെടുക്കാതെ 2019 ലെ പാളി കടത്തിൽ കേസിനൊപ്പം പ്രശാന്തിന്‍റെ കാലത്തെ ക്രമക്കേടിലും എസ്ഐടി കുറ്റപത്രം നൽകുക. പ്രശാന്തിന്‍റെ കാലത്തെ വീഴ്ച പുറത്ത് കൊണ്ടുവന്നത് ഏഷ്യാനെറ്റ് ന്യൂസ്. അന്നത്തെ ദേവസ്വം മന്ത്രിയും പ്രശാന്തും ഏഷ്യാനെറ്റ് ന്യൂസിനെ പഴിച്ച് എല്ലാം ഗൂഢാലോചനയാണെന്ന വാദമാണ് നിരത്തിയത്. അന്നത്തെ റിപ്പോർട്ടുകളാണ് പലകാലത്തായി നടന്ന രാജ്യം ഞെട്ടിയ ശബരിമല സ്വർണ്ണക്കൊള്ള പുറം ലോകം അറിയാനിടയാക്കിയത്. ദേവസ്വം ബോർഡിലെ അധ്യക്ഷന്മാരും ഉദ്യോഗസ്ഥരും ഇടനിലക്കാരും പോറ്റിയുമെല്ലാം പിടിയിലാകാനും കാരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam