ശബരിമല സ്വര്‍ണ്ണപാളി വിവാദം; നിര്‍ണായക വെളിപ്പെടുത്തലുമായി സ്പോൺസർ, 'ദ്വാരപാലക ശിൽപങ്ങൾക്ക് വേറൊരു പീഠം കൂടി നിർമിച്ച് നൽകിയിരുന്നു'

Published : Sep 17, 2025, 07:39 AM ISTUpdated : Sep 17, 2025, 08:32 AM IST
Sabarimala gold

Synopsis

ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾക്ക് വേറൊരു പീഠം കൂടി നിർമിച്ച് നൽകിയിരുന്നെന്ന് സ്പോൺസർ. അളവ് വ്യത്യാസം ഉണ്ടെന്ന് ദേവസ്വം അറിയിച്ചു. വഴിപാടായി നൽകിയതിനാൽ തിരികെ ചോദിച്ചില്ല. പീഠം ഇപ്പോൾ എവിടെയെന്ന് അറിയില്ലെന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റി.

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി സ്പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റി. ദ്വാരപാലക ശിൽപങ്ങൾക്ക് വേറൊരു പീഠം കൂടി നിർമിച്ച് നൽകിയിരുന്നെന്ന് സ്പോൺസർ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. ശില്‍പങ്ങള്‍ക്ക് രണ്ടാമതൊരു പീഠം നിര്‍മിച്ച് നല്‍കിയിരുന്നു. മൂന്ന് പവന്‍ സ്വര്‍ണം ഉപയോഗിച്ചാണ് പീഠം പണിതത്. ആദ്യമുണ്ടായിരുന്ന പീഠങ്ങളുടെ നിറം മങ്ങിയപ്പോള്‍ പുതിയത് നിര്‍മിച്ച് നല്‍കി. കൊവിഡ് കാലമായതിനാൽ നേരിട്ട് പോകാതെ കൊടുത്തുവിടുകയായിരുന്നു. എന്നാല്‍, അളവ് വ്യത്യാസം ഉണ്ടെന്ന് ദേവസ്വം അറിയിച്ചു. വഴിപാടായി നൽകിയതിനാൽ തിരികെ ചോദിച്ചില്ല. പീഠം സ്ട്രോങ് റൂമില്‍ ഉണ്ടാകുമെന്നാണ് കരുതിയത്. എന്നാല്‍, പീഠം ഇപ്പോൾ എവിടെയെന്നതില്‍ അവ്യക്തതയാണെന്നും ഉണ്ണിക്കൃഷ്ണൻ പോറ്റി കൂട്ടിച്ചേര്‍ത്തു. അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയപ്പോള്‍ പീഠത്തെ കുറിച്ച തിരക്കി. ഇതില്‍ മറുപടി ലഭിച്ചില്ലെന്നും വിജിലന്‍സ് അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമല ശ്രീകോവിലിന്റെ ഇരുവശത്തുമുള്ള ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം പൂശിയ ചെമ്പുപാളികൾ അറ്റകുറ്റ പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയ സംഭവത്തിൽ ഒട്ടേറെ സംശയങ്ങളാണ് ഹൈക്കോടതി കഴിഞ്ഞ ദിവസങ്ങളിൽ ഉയർത്തിയത്. 1999ൽ തന്നെ ദ്വാരപാലക ശിൽപങ്ങളിൽ സ്വർണം പൂശിയിരുന്നു എന്നതിനു തെളിവുണ്ടെന്ന് രേഖകൾ പരിശോധിച്ച് കോടതി വ്യക്തമാക്കി. 2019ൽ ദ്വാരപാലക ശിൽപ്പങ്ങൾ ഗോൾഡ്പ്ലേറ്റിങ് നടത്തിത്തരാമെന്ന ബെംഗളൂരു സ്വദേശി ഉണ്ണികൃഷ്ണൻ പോറ്റിയുടെ അഭ്യർഥന പ്രകാരം 'ചെമ്പ് പ്ലേറ്റുകൾ' അഴിച്ചെടുത്ത് ചെന്നൈയിലേക്ക് കൊണ്ടുപോയി എന്നും രേഖകളിൽ കാണുന്നു. ഇത് വൈരുധ്യം ആണെന്ന് കോടതി പറഞ്ഞു. 1999ൽ തന്നെ ദ്വാരപാലക ശിൽപ്പങ്ങളിൽ സ്വർണം പൂശിയിരുന്നു എങ്കിൽ എന്തുകൊണ്ടാണ് അവ വീണ്ടും 2019 ൽ അഴിച്ചെടുത്തു എന്നതിൽ അന്വേഷണം വേണമെന്ന് കോടതി കഴഞ്ഞ ദിവസം പറഞ്ഞിരുന്നു. ദ്വാരപാലക ശില്പങ്ങളുടെ താങ്ങുപീഠം സംബന്ധിച്ചും ഒട്ടേറെ സംശയങ്ങൾ ഉയരുന്നുണ്ട്. വിവാദത്തില്‍ നിര്‍ണായക വെളിപ്പെടുത്തലാണ് ദ്വാരപാലക ശിൽപത്തിൻ്റെ സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റി ഏഷ്യാനെറ്റ് ന്യൂസിനോട് നടത്തിയിരിക്കുന്നത്. 2019 ലാണ് ദ്വാരപാലക ശിൽപം സ്വർണം പൊതിഞ്ഞ് 394 ഗ്രാം സ്വർണം ഉപയോഗിച്ചു കേസിലെ എതിര്‍കക്ഷിയാണ് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി.

പീഠം എവിടെയും പോകില്ലെന്ന് എ പദ്മകുമാർ

സ്വര്‍ണ പീഠം എവിടെയും പോകില്ലെന്ന് അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായിരുന്ന എ പദ്മകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പീഠം തിരികെ കൊടുത്തുവിട്ടില്ലെന്നും അദ്ദേഹം സ്ഥിരീകരിക്കുന്നു. എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍  വിജിലന്‍സ് അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ശബരിമലയിലെ സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ട ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഇന്ന് സര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിക്കും എന്നാണ് അറിയേണ്ടത്.

PREV
Read more Articles on
click me!

Recommended Stories

കീഴടങ്ങിയേക്കില്ല; ഹൈക്കോടതിയിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ
ശബരിമല സ്വര്‍ണക്കൊള്ള കേസ്; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, എഫ്ഐആറും രേഖകളും ആവശ്യപ്പെട്ട് ഇഡി അപേക്ഷ നൽകി