
തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക ഉയർത്തി അമീബിക് മസ്തിഷ്ക ജ്വരം പടരുന്നത് നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം. അടിയന്തിര പ്രമേയ നോട്ടീസ് നൽകാനാണ് നീക്കം. അപൂർവ്വമായ രോഗം കേരളത്തിൽ തുടർച്ചായി റിപ്പോർട്ട് ചെയ്യുന്നതും മരണം സംഭവിക്കുന്നതും വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. ആദ്യ ഘട്ടത്തിൽ ആരോഗ്യവകുപ്പ് കണക്ക് പോലും മറച്ചുവെച്ചിരുന്നു. രോഗബാധ തടയാനാകാത്തത് ആരോഗ്യവകുപ്പിന്റെ വീഴ്ചയാണെന്നാണ് പ്രതിപക്ഷ വിമർശനം.
സംസ്ഥാനത്ത് ഇന്നലെ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു. പാലക്കാട് സ്വദേശിയായ 29 കാരനാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ സ്രവ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. രണ്ട് മാസം മുൻപ് യുവാവ് ക്ഷേത്രക്കുളത്തിൽ കുളിച്ചിരുന്നതായി ആരോഗ്യവകുപ്പിനെ അറിയിച്ചു. വിവിധ ജില്ലകളിൽ നിന്നായി നാല് കുട്ടികൾ ഉൾപ്പെടെ പതിനൊന്ന് പേരാണ് കോഴിക്കോട് മെഡിക്കൽ കോളേജൈൽ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ആരുടെയും ആരോഗ്യനില ഗുരുതരമല്ല.
അമീബിക് മസ്തിഷ്ക ജ്വരവുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. ജാഗ്രത വേണമെന്നും മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു. കൂടുതൽ കേസുകൾ തിരിച്ചറിയപ്പെടുന്നുണ്ട്. ഇതിലൂടെ കൃത്യമായ ചികിത്സ നൽകി രോഗം മാറ്റി കൊണ്ടുവരാനും സാധിക്കുന്നു. ഉറവിടം കണ്ടെത്താൻ സാധിക്കാത്ത സാഹചര്യമില്ലെന്നും ഉറവിടം കൃത്യമായി തിരിച്ചറിയുന്നുണ്ടെന്നും വീണ ജോർജ്ജ് പറഞ്ഞു. സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam