
തിരുവനന്തപുരം: ശബരിമലയിൽ സ്വര്‍ണം ചെമ്പായി മാറിയ കേസിൽ പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തനം തുടങ്ങി. സംഘത്തിലെ രണ്ട് എസ് ഐമാര്‍ വൈകിട്ട് തിരുനന്തപുരത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് എത്തി വിജിലന്‍സ് എസ് പിയുമായി കൂടിക്കാഴ്ച നടത്തി. മുമ്പ് ദേവസ്വം വിജിലന്‍സിൽ പ്രവര്‍ത്തിച്ച് പരിചയമുള്ളവരാണ് രണ്ട് എസ്ഐമാരാണ് വിജിലന്‍സ് എസ്‍പിയുമായി കൂടിക്കാഴ്ച നടത്തിയത്. അന്വേഷണ പുരോഗതിയുമായി ബന്ധപ്പെട്ട ചർച്ചകൾ പത്തുമിനുട്ടോളം നീണ്ടുനിന്നു. വെള്ളിയാഴ്ച വിജിലന്‍സിന്‍റെ അന്തിമ റിപ്പോര്‍ട്ട് ഹൈക്കോടതിയിൽ സമര്‍പ്പിക്കുമെന്ന് എസ് പി അറിയിച്ചു. ഇതിനു ശേഷമായിരിക്കും പ്രത്യേക അന്വേഷണ സംഘം ഔദ്യോഗികമായി അന്വേഷണം ആരംഭിക്കുക. അനൗദ്യോഗിക അന്വേഷണമാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്.
ശബരിമലയിലെ സ്വർണ്ണക്കവർച്ചയിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയ്ക്ക് വേണ്ടി മുരാരി ബാബു ഇടപെട്ടതിനുള്ള തെളിവുകളും ഇന്ന് പുറത്തുവന്നു. 2024 ൽ ദ്വാരപാലക പീഠം ഉണ്ണികൃഷ്ണൻ പോറ്റി വഴി സ്മാർട്ട് ക്രിയേഷൻസിൽ എത്തിക്കാൻ നീക്കം നടത്തി. ദേവസ്വം ബോർഡിനെ അറിയിക്കും മുൻപ് മുരാരി ബാബു സ്മാർട്ട് ക്രിയേഷന് കത്ത് അയച്ചു. ദ്വാരപാലക പീഠം ഉണ്ണികൃഷ്ണൻ പോറ്റി വഴി എത്തിക്കുമെന്നായിരുന്നു മുരാരി ബാബു കമ്പനിക്ക് അയച്ച കത്ത്. വിവരങ്ങൾ അറിയിച്ച് സ്മാർട്ട് ക്രിയേഷൻസ് തിരിച്ചും കത്ത് അയച്ചു. കത്തിൽ എക്‌സിക്യുട്ടീവ് ഓഫീസർ ആയിരുന്ന മുരാരി ബാബു തുടർ അനുമതിക്കായി ഒപ്പുവെച്ചു. എന്നാൽ, മുരാരി ബാബുവിന്‍റെ നീക്കം ദേവസ്വം ബോർഡ് തടയുകയായിരുന്നുവെന്നും ദേവസ്വം വിജിലൻസ് കണ്ടെത്തി. ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ശബരിമലയിൽ വഴി വിട്ട ഇടപെടലിനു മുരാരി ബാബു മുൻപും അവസരം ഒരുക്കിയെന്നു ദേവസ്വം വിജിലൻസ് കണ്ടെത്തി. മുരാരി ബാബു നടത്തിയ നീക്കത്തിൽ ഇടപെട്ടിരുന്നുവെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്ത് പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം മാത്രമായി കൊടുക്കാനുള്ള തീരുമാനത്തിലാണ് ഇടപെട്ടതെന്നും പിഎസ് പ്രശാന്ത് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam