
തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ വേണ്ടിവന്നാൽ സമരത്തിന്‍റെ പാതയിലേക്ക് നീങ്ങുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. സമഗ്രമായ അന്വേഷണം നടത്തണം. ഒരു വിട്ടുവീഴ്ചക്കും കോൺഗ്രസ് തയ്യാറല്ല. കപട ഭക്തന്മാരുടെ കയ്യിൽ ദേവസ്വം ബോർഡ് ഉള്ളതിന്‍റെ ദുരന്തമാണ് അയ്യപ്പൻ അനുഭവിക്കുന്നതെന്നും കെ മുരളീധരൻ ആരോപിച്ചു.
അയ്യപ്പ സംഗമം സ്പോൺസർ ചെയ്തത് ആരൊക്കെയാണ്? കീഴ്ശാന്തിക്കാരനായ ഉണ്ണികൃഷ്ണൻ പോറ്റി എങ്ങനെ സ്പോൺസറായി മാറി? ദൈവത്തിന്‍റെ നാല് കിലോ കട്ട് കീശയിലാക്കി. എന്നിട്ട് ഗൂഢാലോചന ഉന്നയിക്കുന്നുവെന്നും മുരളീധരൻ ആരോപിച്ചു. തോൽക്കുന്നത് വരെ സ്വപ്നം കാണാനുള്ള അവകാശം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ഉണ്ട്. സിപിഎം എട്ട് നിലയിൽ പൊട്ടുമെന്നും മുരളീധരൻ പറഞ്ഞു.
സ്വർണപാളി വിവാദത്തില്‍ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ കൂടുതല്‍ ഗുരുതര കണ്ടെത്തലുകളുമായി ദേവസ്വം വിജിലന്‍സ്. സ്വർണം പൂശുന്നതിനും അന്നദാനത്തിന്‍റെ പേരിലും ഉണ്ണികൃഷ്ണന്‍ പോറ്റി വ്യാപക പണപ്പിരിവ് നടത്തിയെന്നാണ് ദേവസ്വം വിജിലൻസിന്‍റെ കണ്ടെത്തല്‍. മറ്റ് സംസ്ഥാനങ്ങളിലും പണപ്പിരിവ് നടത്തി. സ്വർണ പാളി ബെംഗളൂരൂവില്‍ കൊണ്ടുപോയതും പണപിരിവിന്‍റെ ഭാഗമെന്നാണ് സംശയം. ശബരിമലയുമായി അടുത്ത ബന്ധമുണ്ടെന്ന് വരുത്തിത്തീർത്ത് കർണാടക സ്വദേശികളായ സമ്പന്നരായ അയ്യപ്പഭക്തരിൽ നിന്നും പണപ്പിരിവ് നടത്തിയെന്ന ആരോപണം ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ നേരത്തെതന്നെ ഉണ്ടായിരുന്നു. അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സ്വർണ്ണപാളി ശബരിമല ശ്രീകോവിൽ വാതിൽ എന്ന പേരിൽ ബംഗലൂരുവിലെ ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തിൽ എത്തിച്ച് പൂജിച്ച വാർത്തകളും പുറത്ത് വന്നിരുന്നു.
സന്നിധാനത്തെ സ്വർണവുമായി ബന്ധപ്പെട്ട കൃത്യമായ കണക്ക് ബോർഡിന്‍റെ പക്കലുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത്. 18 ലോക്കറുകളിലായി സ്വർണം സൂക്ഷിച്ചിട്ടുണ്ട്. ഇതിൽ 467 കിലോഗ്രാം സ്വർണം മോണിറ്റൈസേഷനായി റിസർവ് ബാങ്കിന് നൽകിയിട്ടുണ്ട്. ഇതിന്റെയെല്ലാം കൃത്യമായ രേഖകൾ ഉണ്ട്. എന്നാൽ ഈ രേഖകൾ ഹൈക്കോടതിക്ക് മുന്നിൽ സമർപ്പിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റി. ഉണ്ണികൃഷ്ണൻ പോറ്റി സ്വയം കുഴിച്ച കുഴിയിൽ വീണു. ഉണ്ണികൃഷ്ണന്‍റെ കാര്യം തീരുമാനമാകുമെന്നും പ്രശാന്ത് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam