സ്വര്‍ണപ്പാളി വിവാദം; സര്‍ക്കാരിനെ വെല്ലുവിളിച്ച് ബിജെപി, ശക്തമായ പ്രതിഷേധത്തിലേക്ക്, ഏഴിന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച്

Published : Oct 04, 2025, 04:00 PM IST
pk krishnadas

Synopsis

ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തിൽ സര്‍ക്കാരിനെ വെല്ലുവിളിച്ച് പരസ്യപ്രതിഷേധവുമായി ബിജെപി. ഒക്ടോബര്‍ ഏഴിന് ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് നടത്തുമെന്നും സിബിഐ അന്വേഷണം വേണമെന്നും ബിജെപി നേതാവ് പികെ കൃഷ്ണദാസ് വ്യക്തമാക്കി

പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തിൽ സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി. ഒക്ടോബര്‍ ഏഴിന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് (ക്ലിഫ് ഹൗസ്) ബിജെപി മാര്‍ച്ച് നടത്തുമെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ് വ്യക്തമാക്കി. സ്വര്‍ണപ്പാളി വിവാദത്തിൽ സര്‍ക്കാരിനെ വെല്ലുവിളിച്ചുകൊണ്ടാണ് ബിജെപി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുന്നത്. സർക്കാരിന് ഒന്നും പേടിക്കാൻ ഇല്ലെങ്കിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് പികെ കൃഷ്ണദാസ് വെല്ലുവിളിച്ചു. അല്ലെങ്കിൽ ബിജെപി കോടതിയെ സമീപിക്കും. സംഭവത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണം. സ്വര്‍ണപ്പാളി വിവാദത്തോടെ സര്‍ക്കാരിന്‍റെ ചെമ്പ് ആണ് പുറത്തായത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ശബരിമലയിൽ സ്വര്‍ണ മോഷണമാണ് നടന്നത്. സ്പോൺസർഷിപ്പിന് പിന്നിൽ കോടികളുടെ കൊള്ള നടന്നു.

കേവലം ഇടനിലക്കാർ മാത്രമല്ല കൊള്ള നടത്തിയത്. ദേവസ്വം ബോർഡിന്‍റെയും സംസ്ഥാന സര്‍ക്കാരിന്‍റെയും സഹായത്തോടെയാണ് കൊള്ള നടന്നത്. കൊള്ളയുടെ വിഹിതം ദേവസ്വം ബോർഡിനും ഭരണകൂടത്തിനും ലഭിച്ചു. ദേവസ്വം മന്ത്രി രാജിവെയ്ക്കണം. മോഷണം, കൊള്ള എന്നിവയ്ക്ക് കൂട്ടു നിന്ന ദേവസ്വം ബോർഡ് പിരിച്ചുവിടണം. സംസ്ഥാന സർക്കാരിന് പുറത്തുള്ള ഒരു ഏജൻസി അന്വേഷിക്കണം. 2019 ൽ വലിയ കൊള്ള നടന്നു. അന്നത്തെ ദേവസ്വം പ്രസിഡന്‍റ്, മന്ത്രി എന്നിവർക്കെതിരെ സ്വർണ മോഷണത്തിന് കേസെടുക്കണം. ആഗോള അയ്യപ്പ സംഗമത്തിന്‍റെ മറവിൽ സുപ്രധാന രേഖകൾ സന്നിധാനത്ത് നിന്ന് കടത്തി കൊണ്ട് പോയി. മറ്റ് വിലപിടിപ്പുള്ള പലതും മോഷണം പോയി. വിജയ് മല്യ കൊടുത്ത സ്വർണ്ണം എവിടെയെന്ന് സർക്കാരും ദേവസ്വം ബോർഡും മറുപടി പറയണം. ദ്വാരപാലക പാളികൾക്ക് ഭാരവ്യത്യാസം കണ്ട 2019ൽ എന്ത് കൊണ്ട് അന്വേഷണം നടത്തിയില്ലെന്നും പികെ കൃഷ്ണദാസ് ചോദിച്ചു. 


 

'അയ്യപ്പ സംഗമത്തിലെ സംഘാടകര്‍ അമ്പല കള്ളന്മാര്‍'
 

കേവലം ഒരു ഉണ്ണികൃഷ്ണൻ പോറ്റി വിചാരിച്ചാൽ ഇത്ര വലിയ കൊള്ള നടക്കില്ല. എല്ലാം പോറ്റിയുടെ തലയിൽ ഇട്ട് രക്ഷപ്പെടാൻ സർക്കാരും ദേവസ്വം ബോർഡും ശ്രമിക്കുകയാണ്. ഭരണകൂടമാണ് സ്വർണ്ണം ചെമ്പക്കിയത്. അവരാണ് ആഗോള അയ്യപ്പ സംഗമം നടത്തിയത്. സംഗമത്തിലെ സംഘാടകര്‍ അമ്പല കള്ളന്മാരാണ്. ലോകം മുഴുവൻ ശ്രദ്ധിക്കുന്ന ഒരു തീർത്ഥാടക കേന്ദത്തിൽ ഒരു സ്പോൺസർ അഴിഞ്ഞാടി എന്നത് അതീവ ഗുരുതരമായ പ്രശനമാണ്. ഹൈക്കോടതിയെ അറിയിക്കാതെ ചെന്നൈയിൽ ഇപ്പോൾ കൊണ്ട് പോയി ഉരുക്കിയതും ദുരൂഹമാണ്. കോടതിയെ അറിയിക്കാതെ ഉരുക്കിയത് സംശയകരമാണ്. സാധാരണ തട്ടിപ്പ് അല്ല ഇത്. ആഗോള അയ്യപ്പ സംഗമത്തിലും ഇതുപോലെ സ്പോൺസർ തട്ടിപ്പിന് പദ്ധയിട്ടു. അത് മറ്റൊരു തീവെട്ടി കൊള്ളയ്ക്കുള്ള വഴിയായിരുന്നു. ശാസ്ത്രീയമായ തട്ടിപ്പാണ് സ്പോൺസർഷിപ്പ് തട്ടിപ്പെന്നും പികെ കൃഷ്ണദാസ് ആരോപിച്ചു. ബിജെപിയിൽ എല്ലാവരും ഇപ്പോൾ സജീവമാണെന്നും കൊല്ലത്ത് നടന്ന സംസ്ഥാന സമിതി യോഗത്തിൽ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണ് കെ സുരേന്ദ്രൻ പങ്കെടുക്കാതിരുന്നതെന്നും പികെ കൃഷ്ണദാസ് പറഞ്ഞു. കേരളത്തിൽ മാറാത്തത് ഇനി മാറും. തദ്ദേശ തെരഞ്ഞെടുപ്പിൽ എൻഡിഎ വൻ വിജയം നേടും. നിയമസഭാ തെരഞ്ഞെടുപ്പിലും എൻ.ഡി എ വിജയിക്കും. എൽഡിഎഫിനെക്കാളും യുഡിഎഫിനേക്കാളും സജീവമാണ് എൻ ഡി എ എന്നും പികെ കൃഷ്ണദാസ് പറഞ്ഞു.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം