
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ ഹൈക്കോടതി നിർദേശപ്രകാരം പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് സർക്കാർ ഉത്തരവിറക്കി. എഡിജിപി എച്ച് വെങ്കിടേഷ് നയിക്കുന്ന സംഘത്തിൽ ഹൈക്കോടതി നിർദേശിച്ച ഉദ്യോഗസ്ഥരുമുണ്ട്. നിലവിൽ അന്വേഷണം നടത്തുന്ന ദേവസ്വം വിജിലൻസ് നാളെ ഹൈക്കോടതിയിൽ റിപ്പോർട് നൽകും. ഇതിനിടെ ശബരിമലയിലെ ദ്വാരപാലക ശിൽപമടക്കം അമൂല്യവസ്തുക്കളുടെ പരിശോധന ശനിയാഴ്ച തുടങ്ങും. മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കെ ടി ശങ്കരനാണ് സ്ട്രോങ് റൂം അടക്കമുള്ളവ പരിശോധിക്കുക.
സ്വർണപ്പാളി വിവാദത്തിൽ ഹൈക്കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിനുള്ള അവസാനവട്ട ഒരുക്കത്തിലാണ് ദേവസ്വം വിജിലൻസ്. ഇതിന്‍റെ ഭാഗമായിട്ടാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ ആവശ്യപ്രകാരം ദ്വാര പാലക ശിൽപങ്ങളിൽ അടക്കം സ്വർണം പൂശി നൽകിയ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് സി ഇ ഒ പങ്കജ് ഭണ്ടാരിയെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തിയത്. ഇദ്ദേഹത്തിന്‍റെ വിശദമായ മൊഴിയാണ് അന്വേഷണസംഘം രേഖപ്പെടുത്തുന്നത്. 2019ൽ സ്വർണം പൂശിയ ശിൽപങ്ങൾ 2025ൽ വീണ്ടും പൂശിയത് സംബന്ധിച്ചും വിശദീകരണം തേടുന്നുണ്ട്. ഇതൂകൂടി ചേർത്താകും ഹൈക്കോടതിയിൽ ദേവസ്വം വിജിലൻസ് നാളെ റിപ്പോർട്ട് നൽകുക. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കേസെടുത്ത് മുന്നോട്ടുപോകാനാണ് എഡിജിപിഎച്ച് വെങ്കിടേഷിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിന്‍റെ നീക്കം. ഇതിന് മുന്നോടിയായിട്ടാണ് തിരുവനന്തപുരത്ത് യോഗം ചേർന്നത്. ഇതിനിടെ ദ്വാര പാലക ശിൽപങ്ങളിലെ സ്വർണപ്പാളി തനിക്ക് ലഭിച്ചെന്ന റിപ്പോർട്ടുകൾ തള്ളി ബംഗളൂരുവിലെ വ്യവസായി വിനീത് ജെയിൻ രംഗത്തെത്തി. ഉണ്ണികൃഷ്ണൻ പോറ്റിയ്ക്കൊപ്പം സന്നിധാനത്ത് പോയിട്ടുണ്ട് എന്നത് ശരിയാണ്.
ശബരിമലയിലെ സ്വർണപ്പാളി കാണാതായ പശ്ചാത്തലത്തിലാണ് അവിടുത്തെ അമൂല്യവസ്തുക്കളുടെ പട്ടിക തയാറാക്കാൻ ജസ്റ്റീസ് കെടി ശങ്കരനെ ഹൈക്കോടതി നിയോഗിച്ചിരുന്നത്. ശനിയാഴ്ച സ്ട്രോങ് റൂം പരിശോധിക്കുന്ന അദ്ദേഹം ഞായറാഴ്ച സന്നിധാനത്തെത്തി പുതുതായി സ്വർണം പൂശിയ ദ്വാരപാലക ശിൽപങ്ങളും പരിശോധിക്കും.