
തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ആരോപണങ്ങളെല്ലാം നിഷേധിച്ച് ഉണ്ണികൃഷ്‌ണൻ പോറ്റി. തന്‍റെ കൈവശം ലഭിച്ചത് ചെമ്പ് തകിടെന്നും ദേവസ്വം വിജിലൻസിന്‍റെ ചോദ്യം ചെയ്യലിലും ഉണ്ണികൃഷ്ണൻ പോറ്റി ആവര്‍ത്തിച്ചു. ചില കാര്യങ്ങളില്‍ പോറ്റി അവ്യക്തമായ മൊഴി നല്‍കിയതിനാല്‍ ദേവസ്വം വിജിലന്‍സ് വീണ്ടും മൊഴിയെടുക്കും. ഇന്നലെ മണിക്കൂറുകളോളമാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്തത്. ഇതിലെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. പണം സമ്പാദനം നടത്തിയിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ രേഖാമൂലമാണ് ചെമ്പ് തകിട് നൽകിയതെന്നും ഉദ്യോഗസ്ഥ വീഴ്ചയിൽ തനിക്ക് പങ്കില്ലെന്നും ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകി. തന്‍റെയും മറ്റു സ്പോണ്‍സര്‍മാരുടെയും പണം കൊണ്ടാണ് പാളികള്‍ സ്വര്‍ണം പൂശിയതെന്നും പോറ്റി മൊഴി നൽകി.
പീഠം കാണാതായ സംഭവത്തിൽ സഹപ്രവര്‍ത്തകനെ പഴിചാരിയാണ് പോറ്റി മൊഴി നൽകിയത്. സുഹൃത്തായ വാസുദേവന് കൈമാറിയ പീഠം കാണാതാവുകയായിരുന്നുവെന്നും പരാതി ഉന്നയിച്ചശേഷം തിരിച്ചുകൊണ്ടുവെക്കുകയായിരുന്നുവെന്നുമാണ് മൊഴി. അതേസമയം, പോറ്റിയുടെ മൊഴി വീണ്ടും എടുക്കുന്നതിനൊപ്പം 2019 ലും 2025ലും സ്വർണപാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയ സമയത്തുള്ള ഉദ്യോഗസ്ഥരുടെ മൊഴിവിജിലൻസ് രേഖപ്പെടുത്തും. അന്വേഷണം രഹസ്യമാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. അന്വേഷണ രഹസ്യങ്ങള്‍ ചോരരുതെന്ന് എസ്‍പിക്ക് കോടതി നിര്‍ദേശം നൽകി.
അതേസമയം, ശബരിമലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നാമജപ പ്രതിഷേധം നടത്തുകയാണ് ഹിന്ദു ഐക്യവേദി. നാളെ മുതൽ അടുത്ത ഞായറാഴ്ച വരെ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് നാമജപ പ്രതിഷേധം നടത്തും. ദേവസ്വം ബോർഡ് രാജിവെക്കുക, ശബരിമലയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ സിബിഐ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നാമജപ പ്രതിഷേധം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam