
മലപ്പുറം: ശബരിമല സ്വർണക്കൊള്ള കേരളം രൂപം കൊണ്ടതിന് ശേഷം ഔദ്യോഗിക തലത്തിൽ നടന്ന ഏറ്റവും വലിയ കൊള്ളയെന്ന് ടി സിദ്ദിഖ് എംഎൽഎ. വലിയ ഗൂഢാലോചനയ്ക്ക് ശേഷമുള്ള കൊള്ളയാണ് ശബരിമലയിൽ നടന്നത്. നിയമസഭയിൽ നാല് ദിവസമാണ് ഈ വിഷയം പ്രതിപക്ഷം ഉന്നയിച്ചത്. പൊലീസ് സംരക്ഷണയിൽ ശബരിമലയിൽ ആക്ടിവിസ്റ്റുകളെ കയറ്റി. തന്ത്രിമാർക്കെതിരെ പരസ്യമായി പ്രസംഗിച്ച ആളാണ് പിണറായി വിജയൻ. വിശ്വാസത്തെ തകർക്കുകയാണ് സിപിഎം ചെയ്യുന്നത്. എല്ലാകാലത്തും സിപിഎം എടുത്തിട്ടുള്ള നിലപാട് വിശ്വാസികൾക്കെതിരെയാണ്. ഈ പ്രശ്നം ഏറെ ഗൗരവകരമാണെന്നും ദേവസ്വം മന്ത്രി രാജി വെക്കുകയും നിലവിലെ ദേവസ്വം ബോർഡിനെ പിരിച്ചുവിടാനുള്ള നടപടികൾ സ്വീകരിക്കുകയുമാണ് വേണ്ടതെന്നും ടി സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു.
ഷാഫി പറമ്പിൽ എംപിക്കെതിരായ അതിക്രമത്തിൽ സിപിഎം നേതാക്കൾ നുണ പറയുകയാണെന്ന് ടി സിദ്ദിഖ് എംഎൽഎ. സിപിഎം നുണ പറയുമ്പോൾ ഒരു നുണയിൽ ഉറച്ചു നിൽക്കണം. ഓരോ സെക്കൻഡിലും നുണ പറയുകയാണ്. സർജറി നടത്തുന്നതിന് മുൻപേ മീശയും താടിയും മാറ്റിയില്ലെന്നാണ് ഇപ്പോഴത്തെ ആരോപണം. മൂക്കിനകത്ത് സർജറി നടത്തുമ്പോൾ മീശ മാറ്റണോ? ഡോക്ടറോടെങ്കിലും ചോദിക്കണ്ടേ? ഏത് പ്രശ്നത്തിലേക്കും ഷാഫിയെ വലിച്ചിഴയ്ക്കുന്നത് സിപിഎമ്മിൻ്റെ സംഘടനാ ദൗർബല്യം കാരണമാണ്. ഷാഫിയെ അപായപ്പെടുത്താൻ സിപിഎമ്മിലെ പൊലീസ് ഫ്രാക്ഷനും നേതാക്കളും ഗൂഢാലോചന നടത്തി. യുഡിഎഫ് പ്രവർത്തകർ സ്ഫോടക വസ്തുക്കൾ എറിഞ്ഞു എന്നത് സിപിഎമ്മിൻ്റെ തിരക്കഥയാണ്. ഷാഫിക്കെതിരായ ആക്രമണത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും ടി സിദ്ദിഖ് ആവശ്യപ്പെട്ടു.