
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പോറ്റിയടക്കം പ്രധാന പ്രതികൾ ജാമ്യം നേടി പുറത്ത് വന്നതിന് പിറകെ ഭരണ പ്രതിപക്ഷ വാക് പോര്. സിപിഎം നേതാക്കളെ രക്ഷിക്കാനാണ് പ്രാഥമിക കുറ്റപത്രം നൽകാത്തതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. എന്നാൽ അടിയന്തര പ്രമേയം അവതരിപ്പിക്കാതെ പ്രതിപക്ഷം സഭയിൽ നിന്ന് ഒളിച്ചോടിയത് ആരോപണം തിരിഞ്ഞുകൊത്തുമെന്ന ഭയം കൊണ്ടാണെന്ന് സിപിഎം നേതാക്കൾ മറുപടി നൽകി. ഇതിനിടെ കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാറിനെ ഇഡി ചോദ്യം ചെയ്യുകയാണ്.
കുറ്റപത്രം നൽകാത്തതിന്‍റെ പഴുതുപയോഗിച്ച് പോറ്റി പുറത്ത് വന്നതോടെയാണ് കേസ് അട്ടിമറിയിൽ പോര് മൂർച്ഛിക്കുന്നത്. പ്രതിപക്ഷം സഭയിൽ തുടങ്ങിയ പോരാട്ടം പുറത്തും തുടരുകയാണ്. കുറ്റപത്രം നൽകാത്തത് ആസൂത്രിതമായാണെന്നും കേസ് അട്ടിമറിക്കപ്പെട്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എന്നാൽ സഭയിൽ ഒളിച്ചോടിയത് ആരോപണം തിരിഞ്ഞുകൊത്തുമെന്ന ഭയത്താലാണെന്നും പ്രതിപക്ഷ നേതാവിനുള്ള മറുപടി ഹൈക്കോടതി നൽകിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ പ്രതികരിച്ചു.
കേസിലെ ആറാം പ്രതിയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ എസ് ശ്രീകുമാറിനെ ഇന്ന് ഇഡി ചോദ്യം ചെയ്തു. 43ാം ദിവസവും ജാമ്യം നേടിയ ശ്രീകുമാർ ദ്വാരപാലക പാളികൾ കൊടുത്തുവിടാനുള്ള മഹസറിൽ ഒപ്പുവെച്ചിരുന്നു. എന്നാൽ പോറ്റിയുമായുള്ള ബന്ധത്തിന് തെളിവ് ഹാജരാക്കാൻ എസ്ഐടിക്ക് കഴിയാത്തതിനാലാണ് കോടതി ജാമ്യം നൽകിയത്. ശ്രീകുമാറിന്‍റെ സാമ്പത്തിക ഇടപാടുകളിലാണ് ഇഡി പരിശോധന. കഴിഞ്ഞ ദിവസം കൊല്ലം കോടതി സ്വാഭാവിക ജാമ്യം നൽകിയ പോറ്റി, മുരാരി ബാബു എന്നിവർ ഇന്ന് എസ്ഐടിക്ക് മുന്നിൽ ഹാജരായി. ജാമ്യം വ്യവസ്ഥയുടെ ഭാഗമായാണ് നടപടിയെങ്കിലും കുറ്റപത്രം നൽകുന്നതിന് മുന്നോടിയായി കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘം പ്രതികളിൽ നിന്ന് ശേഖരിച്ചു. കേസിൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻ ബോർഡ് പ്രസിഡന്‍റ് പി.എസ് പ്രശാന്ത് എന്നിവരെ ചോദ്യം ചെയ്തെങ്കിലും പ്രതി ചേർക്കുന്നതിൽ ഇതുവരെ തീരുമാനമായിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam