
തിരുവനന്തപുരം: ശബരിമല സ്വർണക്കടത്തിൽ ദേവസ്വം ബോർഡ് അംഗങ്ങളും ജീവനക്കാരും ആർക്കോ വേണ്ടി പ്രവർത്തിച്ചുവെന്ന് എസ്ഐടി. രേഖകളിൽ നിന്നുതന്നെ അട്ടിമറി വ്യക്തമെന്നും എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതിയിൽ നൽകിയ റിപ്പോര്‍ട്ടിലാണ് നിര്‍ണായക കണ്ടെത്തൽ. 2019ൽ സ്വർണ പാളികളും കട്ടിളയും കൈമാറാൻ തീരുമാനിച്ച ദേവസ്വം മിനിട്ടുസ് ബുക്ക് എസ്ഐടി പിടിച്ചെടുത്തു. എസ്ഐടി പരിശോധനയിലാണ് നിര്‍ണായക രേഖകള്‍ കിട്ടിയത്. രേഖകൾ കൈമാറുന്നതിൽ ബോർഡിന് വൈമുഖ്യമുണ്ടെന്നും നിരവധി തവണ ആവശ്യപ്പെടുമ്പോഴാണ് രേഖകള്‍ കൈമാറുന്നതെന്നും എസ്ഐടി വ്യക്തമാക്കുന്നു. കവർച്ച മറയ്ക്കാൻ ഇപ്പോഴത്തെ ബോർഡും ശ്രമിച്ചെന്ന നിഗമനത്തിലേക്ക് കോടതി എത്തിയതോടെ ദേവസ്വവും സർക്കാരും ഊരാക്കുടുക്കിലായി. സ്വര്‍ണം നഷ്ടപ്പെട്ടതിന്‍റെ ഉത്തരവാദികള്‍ ആരാണെന്നതിൽ അന്വേഷണം തുടരുകയാണ്.
ശബരിമലയിൽ 2019 ലെ സ്വർണവർച്ച മറച്ചുവയ്ക്കാനാകണം ഇക്കൊല്ലവും സ്വർണംപൂശലിനുള്ള ചുമതല സ്പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ തന്നെ ഏൽപിച്ചതെന്ന നിഗമനത്തിലേക്ക് ഹൈക്കോടതി എത്തിയതോടെ സർക്കാരും ബോർഡും കടുത്ത പ്രതിസന്ധിയിലായി. ദ്വാരപാലക ശിൽപങ്ങളിലും കട്ടിളപ്പാളികളിലും മാത്രമായി അന്വേഷണം ഒതുക്കരുതെന്നും പിന്നിലുള്ള വൻ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും കോടതി നിർദേശിച്ചതോടെ ശബരിമല സ്വർണക്കവർച്ച അന്വേഷണത്തിന്‍റെ ഗതി തന്നെ മാറുകയാണ്.
അതേസമയം, ശബരിമല സ്വർണ കൊള്ളയിൽ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ഈ മാസം മുപ്പതുവരെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി. കഴിഞ്ഞ ദിവസം ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്നും പിടിച്ചെടുത്ത സാധനങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധന തുടരുകയാണ്. രണ്ട് ലക്ഷം രൂപയും സ്വർണ്ണനാണയങ്ങളുമടക്കം പിടിച്ചെടുത്തവയിലുണ്ട്. ഇവ ശബരിമലസ്വർണ കൊള്ളയുടെ ഭാഗമായിട്ടാണ് കിട്ടിയതെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടത്തൽ. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രഹ്മണ്യത്തെ ചോദ്യം ചെയ്ത് കഴിഞ്ഞ ദിവസം വിട്ടയച്ചിരുന്നു. കേസിൽ പ്രതിചേർത്ത ഉദ്യോഗസ്ഥരുടേത് അടക്കമുള്ളവരുടെ ചോദ്യം ചെയ്യൽ വരും ദിവസങ്ങളിൽ നടക്കും. ഉണ്ണികൃഷ്ണൻ പോറ്റിയെ വരും ദിവസങ്ങളിൽ തെളിവെടുപ്പിനായും കൊണ്ടുപോകും.