
കോഴിക്കോട്: താമരശ്ശേരി ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്‍റ് വിരുദ്ധ സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ 321 പേർക്കെതിരെ കേസ്. ഡിവൈഎഫ്ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്‍റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി മെഹറൂഫാണ് ഒന്നാം പ്രതി. കലാപം, വഴി തടയൽ, അന്യായമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പൊലീസിനെ ആക്രമിച്ചതിലാണ് 321 പേര്‍ക്കെതിരെ കേസ്. പ്രതികളെ പിടികൂടാൻ പൊലീസ് വ്യാപക തെരച്ചിലാണ് നടത്തുന്നത്. കണ്ണൂർ റേഞ്ച് ഡി ഐ ജി സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അതേസമയം, പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കോടഞ്ചേരി, ഓമശേരി, കട്ടിപ്പാറ,പഞ്ചായത്ത് കൊടുവള്ളി നഗരസഭ എന്നിവിടങ്ങളിലെ വിവിധയിടങ്ങളിൽ സമര സമിതി ഹർത്താലിന് ആഹ്വാനം ചെയ്തു. ഇന്നലെ വൈകിട്ടാണ് പ്ലാന്റിനു മുന്നിൽ നടന്ന സമരതിനിടെ സംഘർഷമുണ്ടായത്. സംഘർഷത്തിൽ കോഴിക്കോട് റൂറൽ എസ്പി ഉൾപ്പെടെ 16 പൊലീസുകാർക്കും 25 ഓളം നാട്ടുകാർക്കും പരിക്കേറ്റിരുന്നു.
സംഘര്‍ഷത്തിന് പുറമെ ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കാരണ പ്ലാന്റിന് തീയിട്ട സംഭവത്തിൽ 30 പേർക്കെതിരെയും പൊലീസ് കേസെടുത്തു.മാരക ആയുധങ്ങളും സ്ഫോടക വസ്തുക്കളും ഉപയോഗിച്ചുവെന്നും തൊഴിലാളികളെ കണ്ടെയ്നര്‍ ലോറിക്ക് അകത്തിട്ട് പൂട്ടിയെന്നും എഫ്ഐആറിലുണ്ട്. കൊല്ലണം എന്ന ഉദ്ദേശത്തോടെ ലോറിക്ക് തീയിട്ടുവെന്നുമാണ് എഫ്ഐആര്‍. പ്ലാന്‍റും വാഹനങ്ങളും തകർത്തതിൽ ഏകദേശം അഞ്ചു കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. പ്രദേശവാസി വാവി ആണ് കേസിലെ ഒന്നാം പ്രതി.
താമരശ്ശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരെ ഒരു വിഭാഗം സമരക്കാരുടെ നേതൃത്വത്തിൽ ആസൂത്രിതമായ ആക്രമണം ആണ് ഇന്നലെ നടന്നതെന്നാണ് പൊലീസ് പറയുന്നത്. ഒരു കിലോമീറ്റർ അപ്പുറം ഉള്ള സ്ഥിരം സമരവേദിയിൽ സ്ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ നേതൃത്വത്തിൽ പ്രതിഷേധം നടക്കുമ്പോൾ ആണ് മറ്റൊരു സംഘം മാലിന്യ സംസ്കരണ കേന്ദ്രത്തിന്‍റെ അകത്ത് കയറി വാഹനങ്ങൾക്കും ഫാക്ടറിക്കും തീയിടുന്നത്. സിസിടിവി ക്യാമറകൾ നശിപ്പിച്ച സംഘം വാഹനങ്ങളുടെ ഇന്ധന ടാങ്കുകളിലേക്കാണ് ആദ്യം തീ ഇട്ടത്. തീ അണക്കാൻ പുറപ്പെട്ട ഫയർ ഫോഴ്‌സ് സംഘത്തെ പ്രതിഷേധക്കാർ വഴിയിൽ തടയുകയും ചെയ്തു. തീ പടർന്നു പിടിക്കുമ്പോൾ 12 തൊഴിലാളികൾ ഫാക്ടറിക്ക് അകത്ത് ഉണ്ടായിരുന്നു. പിന്നീട് പൊലീസ് എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. താമരശ്ശേരി കാട്ടിപ്പാറയിലെ ഫ്രഷ് കട്ട് മാലിന്യ സംസ്കരണ കേന്ദ്രവും വാഹനങ്ങളും കത്തിച്ച സംഭവത്തിൽ തുടർ നടപടികളുമായി പൊലീസ് മുന്നോട്ടുപോവുകയാണ്. ഇന്നലെ നടന്ന ആക്രമണത്തിൽ 10 ലോറികൾ അടക്കം 15 വാഹങ്ങളും ഫാക്ടറിയും കത്തി നശിച്ചു. അഞ്ച് വാഹനങ്ങൾ തല്ലി തകർക്കുകയും ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam