
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഉദ്യോഗസ്ഥരെ പഴിച്ച് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്ത്. സ്വർണക്കൊള്ളയിൽ ബോർഡിന് ഒരു പങ്കുമില്ലെന്ന് പ്രശാന്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഉദ്യോഗസ്ഥർ ഒന്നും അറിയിച്ചിട്ടില്ല. 2025 ൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികൾ കൊടുത്തുവിടാൻ താൻ നിർദേശം നൽകിയിട്ടില്ലെന്നും പ്രശാന്ത് പറഞ്ഞു. കൂടാതെ പ്രസിഡന്‍റ് നിർദേശിച്ചു എന്നത് ഉത്തരവിലെ പിഴവാണ്. ഇത് തിരുത്താൻ ഹൈക്കോടതിയെ സമീപിക്കുമെന്നും പ്രശാന്ത് പ്രതികരിച്ചു. നിലവില്‍ ഉദ്യോഗസ്ഥരെ പഴിച്ചുകൊണ്ട് ബോര്‍ഡിനും തനിക്കും ഒരു വീഴ്ചയും ഉണ്ടായിട്ടില്ല എന്നാണ് പ്രശാന്തിന്‍റെ വാദം. ഹൈക്കോടതി ഉത്തരവില്‍ പിഴവു പറ്റി എന്നാണ് പ്രശാന്ത് പറഞ്ഞത്.
എന്നാല്‍ ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് അധികൃതരുടെ പങ്കും ഗൂഢാലോചനയും അന്വേഷിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകിയതിൽ നിലവിലെ ദേവസ്വം ബോർഡിനെതിരെടയക്കം രൂക്ഷമായ വിമർശനങ്ങളാണ് ഹൈക്കോടതി നടത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് വീണ്ടും ദ്വാരപാലക ശിൽപങ്ങൾ നൽകിയത് 2019 ലെ സ്വർണക്കൊള്ള മറച്ചുവെക്കാനാണോയെന്ന് എസ്ഐടി അന്വേഷിക്കണം. തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിന്‍റെ മിനുട്സ് ബുക്ക് പിടിച്ചെടുത്ത് സൂക്ഷിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.
2019 ൽ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകിയതു മുതലുള്ള ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കണമെന്നാണ് ഇടക്കാല ഉത്തരവിലെ ഹൈക്കോടതി നിർദേശം. ദ്വാരപാലക ശിൽപങ്ങളുടെ പാളികൾ സ്വർണം പൊതിഞ്ഞതാണെന്നറിഞ്ഞിട്ടും ചെമ്പുപാളികൾ എന്ന് രേഖപ്പെടുത്തി ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകി. തിരിച്ചെത്തിയപ്പോഴാകട്ടെ തൂക്കം രേഖപ്പെടുത്തിയതുമില്ല. സന്നിധാനത്ത് നിന്ന് കൊണ്ടുപോയ പാളികൾ തന്നെയാണോ തിരിച്ചെത്തിയതെന്ന് സംശയമുണ്ട്. പാളികൾ തിരികെ ഘടിപ്പിക്കുമ്പോൾ തൂക്കം നോക്കാത്തതിലും മഹസറിൽ രേഖപ്പെടുത്താതിലും ഉന്നത ദേവസ്വം അധികൃതർക്ക് ഉത്തരവാദിത്തമുണ്ട്. 2021 ൽ പീഠം തിരികെ കൊണ്ടുവന്നപ്പോൾ അവ തിരുവാഭരണം രജിസ്റ്ററിൽ രേഖപ്പെടുത്താത്തത് യാദൃശ്ചികമല്ല. 40 കൊല്ലം വാറന്‍റിയുണ്ടെന്ന് പറഞ്ഞ ഗോൾഡ് പ്ലേറ്റിങ്ങിൽ 2024 ൽ മങ്ങൽ കണ്ടെത്തിയിരുന്നു. അത് വീണ്ടും സ്വർണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റിയെ തന്നെ ദേവസ്വം ബോർഡ് ഏൽപിച്ചത് 2019 ലെ ക്രമക്കേട് മറയ്ക്കാനാണോയെന്ന് സംശയിക്കണമെന്നും കോടതി നിരീക്ഷിച്ചു. സ്മാർട് ക്രിയേഷൻസിന് സ്വർണം പൂശുന്നതിൽ വൈദഗ്ധ്യമില്ലെന്നും പരമ്പരാഗത രീതിയിൽ ചെയ്യാമെന്നും 2025 ൽ നിലപാടെടുത്ത ദേവസ്വം കമ്മീഷണർ എട്ടു ദിവസത്തിനു ശേഷം നിലപാട് മാറ്റി. സ്വര്‍ണം പൂശുന്ന ജോലികൾ വേഗത്തിലാക്കണമെന്ന ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്.പ്രശാന്തിന്‍റെ നിർദേശത്തെത്തുടർന്നായിരുന്നു ഇത്. തുടർന്ന് ദ്വാരപാലക ശിൽപങ്ങളും താങ്ങുപീഠവും പോറ്റിയെ ഏൽപ്പിക്കുകയും ചെയ്തു. ഇതും അന്വേഷിക്കണം. കേസിന്‍റെ ഗൗരവസ്വഭാവം പരിഗണിച്ച് തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് മിനുട്സ് ബുക്ക് പിടിച്ചെടുത്ത് സൂക്ഷിക്കാൻ എസ്ഐടിക്ക് നിർദേശം നൽകി. ദേവസ്വം ബോർഡ് അധികൃതരുടെയും മുകളിൽ നിന്ന് താഴേക്കുള്ള മുഴുവൻ ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണമെന്ന് കോടതി നിർദേശിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam