വാട്ടർ ടാങ്ക് കാലിയാക്കി, ജനലിലൂടെ പെട്രോൾ നിറച്ച കുപ്പികൾ എറിഞ്ഞു; കൊന്നത് മകനെയും മരുമകളെയും പേരക്കുട്ടികളെയും, ചീനിക്കുഴി കേസിൽ ഇന്ന് വിധി

Published : Oct 22, 2025, 09:01 AM IST
Cheenikuzhi family murder verdict

Synopsis

ഹമീദ് ഉറങ്ങിക്കിടന്ന മകനെയും കുടുംബത്തെയും വീട് പുറത്തുനിന്ന് പൂട്ടി പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. 71 സാക്ഷികളെ വിസ്തരിച്ച കേസിൽ തൊടുപുഴ അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്.

തൊടുപുഴ: മകനെയും മരുമകളെയും പേരക്കുട്ടികളെയും തീകൊളുത്തി കൊന്ന ചീനിക്കുഴി കൂട്ടക്കൊലപാതക കേസിൽ ഇന്ന് വിധി. തൊടുപുഴ ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. ചീനിക്കുഴി സ്വദേശി അലിയാക്കുന്നേൽ ഹമീദാണ് പ്രതി. മകൻ മുഹമ്മദ് ഫൈസൽ (45), മകന്‍റെ ഭാര്യ ഷീബ (40), ഇവരുടെ മക്കളായ മെഹ്റിൻ (16), അസ്ന (13) എന്നിവരെയാണ് തീകൊളുത്തി കൊലപ്പെടുത്തിയത്.

കൂട്ടക്കൊലപാതകം ഉറങ്ങിക്കിടക്കുമ്പോൾ

2022 മാർച്ച് 18നായിരുന്നു ക്രൂരമായ കൊലപാതകം. കുടുംബ വഴക്കിനെ തുടർന്ന് വീട്ടിലെ കിടപ്പുമുറി പുറത്തു നിന്ന് പൂട്ടിയ ശേഷമാണ് ഹമീദ് തീകൊളുത്തിയത്. വീട്ടിലെ വാട്ടർ ടാങ്ക് കാലിയാക്കിയ ശേഷം ജനൽ വഴി പെട്രോൾ നിറച്ച കുപ്പികൾ തീകൊളുത്തി അകത്തേക്ക് എറിയുകയായിരുന്നു. സമീപത്തെ വീട്ടിലേക്ക് വെള്ളമെടുക്കുന്ന മോട്ടോറിന്‍റെ വൈദ്യുതിയും വിച്ഛേദിച്ചു. ബഹളം കേട്ട് അയൽവാസികൾ എത്തിയെങ്കിലും തീ ആളിപ്പടർന്നതിനാൽ ആരെയും രക്ഷിക്കാൻ സാധിച്ചില്ല. നിലവിളിയും പൊട്ടിത്തെറി ശബ്ദവും കേട്ട് ഉറക്കമുണർന്ന് ഓടിയെത്തിയ അയൽവാസികൾക്ക് വീടിന്‍റെ അകത്തേക്ക് കടക്കാനായില്ല. ഉറങ്ങിക്കിടക്കുമ്പോഴാണ് നാല് പേരും വെന്തുമരിച്ചത്.

71 സാക്ഷികളെ വിസ്തരിച്ച ശേഷമാണ് വാദം പൂർത്തിയായത്. സംഭവത്തിൽ ദൃക്സാക്ഷികളുടേത് ഉൾപ്പെടെയുളള മൊഴികൾ പ്രോസിക്യൂഷന് അനുകൂലമാണ്. തെളിവായി പ്രോസിക്യൂഷൻ 139 രേഖകളും കോടതിയിൽ ഹാജരാക്കി. കടുത്ത ശിക്ഷയുണ്ടാകുമെന്നാണ് പ്രോസിക്യൂഷൻ കരുതുന്നത്.

PREV
Read more Articles on
click me!

Recommended Stories

അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസ്: രാഹുൽ ഈശ്വർ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യ ഹർജി പിൻവലിച്ചു
ഡിസംബറില്‍ കൈനിറയെ അവധികൾ, ക്രിസ്മസ് അവധിക്കാലത്തിനും ദൈർഘ്യമേറും, അറിയേണ്ടതെല്ലാം