ശബരിമല സ്വര്‍ണക്കൊള്ള കേസ്; എൻ വാസുവിന് ജാമ്യം, കുറ്റപത്രം സമര്‍പ്പിക്കാത്തതിനാൽ സ്വഭാവിക ജാമ്യം നേടി പുറത്തേക്ക്

Published : Feb 11, 2026, 11:33 AM ISTUpdated : Feb 11, 2026, 12:55 PM IST
n vasu bail

Synopsis

ശബരിമല സ്വർണക്കൊള്ളയിൽ ജയിലിൽ കഴിയുന്ന ദേവസ്വം മുൻ കമ്മീഷ്ണറും പ്രസിഡന്‍റുമായ എൻ.വാസുവും പുറത്തേക്ക്. കൊല്ലം വിജിലന്‍സ് കോടതി എൻ വാസുവിന് സ്വഭാവിക ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

തിരുവനന്തപുരം/കൊല്ലം: ശബരിമല സ്വ‍ർണകൊള്ളക്കേസിൽ മുൻ ദേവസ്വം പ്രസിഡൻറും കമ്മീഷണറുമായ എൻ. വാസുവും ജയിലിന് പുറത്തേക്ക്. കൊല്ലം വിജിലന്‍സ് കോടതി എൻ വാസുവിന് സ്വഭാവിക ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്ത് 90 ദിവസത്തിനകം എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് വാസുവിനും ജാമ്യം കിട്ടിയത്. കട്ടിള പാളി കേസിലെ മൂന്നാം പ്രതിയാണ് എൻ വാസു. അതേസമയം, കേസിലെ പ്രതികളായ പങ്കജ് ഭണ്ഡാരി, ഗോവർദ്ധൻ, കെ എസ് ബൈജു എന്നിവരുടെ റിമാൻഡ് 14 ദിവസത്തേയ്ക്ക് കൂടെ നീട്ടി. എൻ വാസു സമർപ്പിച്ച സ്വാഭാവിക ജാമ്യ ഹർജിയിൽ വാദം പൂര്‍ത്തിയായശേഷമാണ് ഇന്ന് ജാമ്യം അനുവദിച്ചുകൊണ്ട് വിധി പറഞ്ഞത്.

കേസിൽ പുറത്തിറങ്ങുന്ന അഞ്ചാമത്തെ പ്രതിയാണ് എൻ വാസു. ഉണ്ണികൃഷ്ണൻ പോറ്റിക്കും മുരാരി ബാബുവിനും പിന്നാലെയാണ് എൻ വാസുവും ജയിലിന് പുറത്തേക്ക് വരുന്നത്. ജാമ്യ നടപടികള്‍ പൂര്‍ത്തിയായാൽ വാസു ജയിൽ മോചിതനാകും. കട്ടിളപാളി കേസിലാണ് സിപിഎം നേതാവും മുൻ ദേവസ്വം കമ്മീഷണറും പ്രസിഡൻറുമായ എൻ. വാസുവിനെ അറസ്റ്റ് ചെയ്തത്. 2025 നവംബർ 11നായിരുന്നു വാസുവിന്‍റെ അറസ്റ്റ്. എൻ. വാസു ദേവസ്വം കമ്മീഷണറായിരുന്നപ്പോള്‍ സ്വർണപാളികള്‍ ചെമ്പു പാളികളാക്കി രേഖപ്പെടുത്തി ബോ‍ർഡ് അജണ്ടയിൽ വെച്ചുവെന്നായിരുന്നു എസ്ഐടിയുടെ കണ്ടത്തൽ. എന്നാൽ, ശാസ്ത്രീയ പരിശോധന ഫലം വൈകുന്നതിനാൽ കുറ്റപത്രം നൽകാൻ എസ്ഐടിക്ക് കഴിഞ്ഞില്ല. ഇതോടെയാണ് മറ്റ് പ്രതികൾക്കെന്നപോലെ വാസുവിനും സ്വാഭാവിക ജാമ്യം ലഭിക്കുന്നത്. അറസ്റ്റിലായത് മുതൽ ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ പൂജപ്പുര സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്കിലാണ് എൻ. വാസു. റിമാൻഡ് നീട്ടുന്നതിന്‍റെ നടപടിയുടെ ഭാഗമായി എൻ വാസുവിനെ വിലങ്ങ് വെച്ച് കോടതിയിൽ ഹാജരാക്കിയത് നേരത്തെ വിവാദമായിരുന്നു.

സ്വർണപാളികളിൽ നിന്നും വേർതിരിച്ചെടുത്ത സ്വർണം ഒരു പെണ്‍കുട്ടിയുടെ വിവാഹത്തിന് ഉപയോഗിക്കട്ടേയെന്ന ആവശ്യവുമായി കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി പ്രസി‍ഡന്‍റിന് കത്ത് അയച്ചിരുന്നു. അധികം സ്വർണം പോറ്റിയുടെ കൈവശമുണ്ടെന്ന് മനസിലാക്കിയിട്ടും ഈ കത്തിൽ മേൽ നടപടിയെടുക്കാതെ എൻ. വാസു തുടർനടപടികള്‍ക്കായി തിരുവാഭരണം കമ്മീഷണർക്ക് കൈമാറി. താൻ തെറ്റുകളൊന്നും ചെയ്തിട്ടില്ലെന്നും തന്‍റെ ഭരണകാലത്ത് പാളികള്‍ പുറത്തേക്ക് കൊണ്ടുപോയിട്ടില്ലെന്നും വാസു ആവർത്തിച്ച് പറയുന്നതിനിടെയാണ് എസ്ഐടി അറസ്റ്റ് ഉണ്ടാകുന്നത്.

 

ജാമ്യം ഉപാധികളോടെ

 

പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്, കേരളം വിടരുത്, അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, പാസ് പോർട്ട് ഹാജരാക്കണം തുടങ്ങിയ പ്രധാന നിബന്ധനകളോടെയാണ് ജാമ്യം. സിപിഎം ബ്രാഞ്ച് അംഗം കൂടിയാണ് എൻ. വാസു. വാസുവിനും പത്മകുമാറിനുമെതിരായ സംഘടനാ നടപടിയില്ലാത്തത് അടക്കം ചർച്ചയാകുന്നതിനിടെയാണ് ജാമ്യം. പാർട്ടി പ്രതികളെ രക്ഷിക്കാനുള്ള സർക്കാറിന്‍റെ ഗൂഡാലോചനയാണ് പ്രതികളുടെ ജാമ്യത്തിന് പിന്നിൽ എന്ന ആക്ഷേപം നേരത്തെ പ്രതിപക്ഷം ഉയർത്തിയിരുന്നു. എന്നാൽ, ജാമ്യം കിട്ടിയാലും പ്രതികൾ രക്ഷപ്പെടില്ലെന്ന ഹൈക്കോടതി പരാമർശം പറഞ്ഞാണ് പിടിച്ചുനിൽക്കാനുള്ള സർക്കാർ ശ്രമം. കുറ്റപത്രം എന്ന് നൽകുമെന്നതിൽ വ്യക്തതയില്ലാത്തതിനാൽ ഇനി വൈകാതെ കേസിലെ പ്രതിയായ എ പത്മകുമാറും സ്വഭാവിക ജാമ്യം നേടി പുറത്തേക്കിറങ്ങും.ത ന്ത്രി കണ്ഠര് രാജീവരുടെ രണ്ട് കേസുകളിലെയും ജാമ്യ ഹർജികളിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു. ഈ മാസം 18 നാണ് വിധി പറയുന്നത്.

 

കേരളത്തിൽ എയിംസ് ഉണ്ടോയെന്ന് സുപ്രീം കോടതി; ജയശ്രീയുടെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് നീട്ടി

 

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ സമര്‍പ്പിച്ച മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച സുപ്രീം കോടതി അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് നീട്ടി. ജയശ്രീയിലെ അറസ്റ്റ് നേരത്തെ സുപ്രീം കോടതി തടഞ്ഞിരുന്നു. ഈ ഉത്തരവാണ് നീട്ടിയത്.ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നുമുള്ള ജയശ്രീയുടെ ആവശ്യം കോടതി അനുവദിച്ചില്ല. ജയശ്രീയുടെ മുൻകൂര്‍ ജാമ്യാഹര്‍ജി പരിഗണിക്കുന്നതിനിടെ ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ആർക്കും മൂൻകൂർ ജാമ്യം നൽകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ശബരിമലയിലെ മുഴുവൻ സ്വർണ്ണവും അടിച്ചു മാറ്റിയെന് ഇന്നലെ വാർത്ത കണ്ടുവെന്നും കൊടിമരത്തിൽ നിന്നടക്കം സ്വർണ്ണം പോയെന്ന് വാർത്ത വായിച്ചുവെന്നും കോടതി വിമര്‍ശിച്ചു. ജയശ്രീക്ക് ചികിത്സയ്ക്ക് എംയിസിൽ സജ്ജീകരണം നൽകാമെന്ന് പറഞ്ഞ കോടതി കേരളത്തിൽ എംയിസ് ഉണ്ടോയെന്നും ചോദിച്ചു. ഇല്ലെങ്കിൽ മറ്റ് ആശുപത്രികളിയിൽ സൗകര്യം നൽകാമെന്നും കോടതി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ദീപക് ആത്മഹത്യ കേസ്: പ്രതി ഷിംജിതയ്ക്ക് ജാമ്യം അനുവ​ദിച്ച് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി
പുതിയ പാർട്ടി രൂപീകരിക്കാൻ പാലക്കാട് ജില്ലയിലെ സിപിഎം വിമതർ; ഡെമോക്രാറ്റിക് മാർക്സിസ്റ്റ് മുന്നണി രൂപീകരിക്കാന്‍ നീക്കം