
തിരുവനന്തപുരം: ശബരിമല സ്വർണകൊള്ളയ്ക്ക് പിന്നിൽ ബന്ധമുണ്ടെന്ന് പ്രവാസി വ്യവസായി മൊഴി നൽകിയ ഡി.മണിയെ ചൊല്ലിയുള്ള വിവാദം കനക്കുന്നു. ഇന്നലെ കണ്ടെത്തിയ ആൾ തന്നെയാണ് ഡി മണിയെന്ന് ഉറപ്പിക്കുകയാണ് എസ്ഐടി. ഡി മണിയെന്ന് വിളിപ്പേരുള്ളത് എസ്ഐടി കണ്ടെത്തിയ എംഎസ് മണിയ്ക്ക് തന്നെയാണെന്നാണ് എസ്ഐടി സ്ഥിരീകരിക്കുന്നത്. ബാലമുരുകനെയാണ് എംഎസ് മണി വിളിക്കാറുള്ളതെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു. മറ്റുള്ളവരുടെ പേരിൽ മൂന്ന് ഫോൺ നമ്പറുകളുള്ള മണിക്ക് ഡിണ്ടിഗലിൽ വൻ ബന്ധങ്ങളുണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. എന്നാൽ, ഡി.മണി താനല്ലെന്നും ശബരിമല കൊള്ളയുമായി തനിക്ക് യാതൊരു ബന്ധമില്ലെന്ന് ആവർത്തിക്കുകയാണ് ഡിണ്ടിഗൽ സ്വദേശി. കേരള പൊലീസും മാധ്യമങ്ങളും വേട്ടയാടുകയാണെന്നും സ്വർണക്കൊള്ളയിൽ എസ്ഐടി ചോദ്യം ചെയ്ത ദിണ്ടിഗൽ സ്വദേശി മണി പറഞ്ഞു. താൻ നിരപരാധിയാണെന്നും നിയമപരമല്ലാത്ത ഒരു ബിസിനസും ഇല്ലെന്നും മണി പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ലെന്നും എസ്ഐടിയുടെ ചോദ്യങ്ങള്‍ക്ക് എല്ലാം മറുപടി പറഞ്ഞുവെന്നും കേരളത്തിൽ ഒരു ബിസിനസും തനിക്കില്ലെന്നും നിരപരാധിയാണെന്നും ഡി മണി പറഞ്ഞു. തനിക്ക് ഒരു തരത്തിലുള്ള സ്വര്‍ണ വ്യവസായവും ഇല്ലെന്നും ചെറിയ ഗ്രാമത്തിൽ ജീവിക്കുന്ന ഒരു സാധാരണക്കാരാനാണ് താനെന്നും മണി പറഞ്ഞു.
അതേസമയം, മണി കളവ് പറയുകയാണെന്ന നിഗമനത്തിലാണ് എസ്ഐടി. ശബരിമല സ്വർണക്കടത്തിലെ പങ്കാളിത്തം ഉറപ്പിക്കാൻ ഡി മണിയെ വിശദമായി ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ തീരുമാനം. ഇന്നലെ നടത്തിയ പരിശോധനയിലും ചോദ്യം ചെയ്യലിലും ഡി മണി അന്വേഷണ സംഘത്തോട് സഹകരിച്ചില്ല. മണിയുടെ ബാങ്ക് ഇടപാടുകളും എസ്ഐടി പരിശോധിക്കും. ശബരിമല സ്വർണക്കടത്തിന് പിന്നിൽ രാജ്യാന്തര ലോബിയുണ്ടോ എന്നറിയണമെങ്കിൽ ഡി മണിയെ വിശദമായ ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ഏറെ ദുരൂഹതകൾ മണിക്ക് പന്നിലുണ്ടെന്നാണ് എസ്ഐടിയുടെ സംശയം. ഇന്നലെയാണ് അന്വേഷണ സംഘം ഡി മണിയെ ചോദ്യം ചെയ്തത്.
ഇതിനിടെ, ഉണ്ണിക്കൃഷ്ണൻ പോറ്റിയും മുഖ്യമന്ത്രിയും ഒന്നിച്ചുനിൽക്കുന്ന ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത കോൺഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യനെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്‌തു. കോൺഗ്രസ് പ്രവർത്തകർ ചേവായൂർ സ്റ്റേഷൻ ഉപരോധിച്ചതോടെ നോട്ടീസ് നൽകി വിട്ടയച്ചു. സുബ്രഹ്മണ്യത്തിന്‍റെ മൊബൈൽ പൊലീസ് പിടിച്ചെടുത്തു. അതേസമയം, താനിട്ടത് യഥാർഥ ചിത്രമെന്ന് സുബ്രഹ്മണ്യൻ വ്യക്തമാക്കി. പിശകുള്ള ഒരു ചിത്രം അപ്പോൾ തന്നെ പിൻവലിച്ചുവെന്നും സുബ്രഹ്മണ്യൻ വിശദീകരിച്ചു.സുബ്രഹ്മണ്യത്തെ കസ്റ്റഡിയിലെടുത്ത് പിണറായി വിജയൻ പേടിപ്പിക്കാൻ നോക്കരുതെന്ന് വിഡി സതീശൻ തുറന്നടിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam